പന്നിയങ്കര മേല്‍പ്പാലം 18ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും
കോഴിക്കോട്: പ്രവൃത്തി പൂര്‍ത്തിയായ പന്നിയങ്കര മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം 18ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കഴിഞ്ഞ ഒക്ടോബറില്‍ മേല്‍പ്പാലം ഗതാഗതയോഗ്യമാക്കിയിരുന്നു. സര്‍വിസ് റോഡിന്റെ പ്രവൃത്തിയായിരുന്നു അവശേഷിച്ചിരുന്നത്. പാലത്തിനിരുവശത്തുമുള്ള സര്‍വിസ് റോഡുകളുടെ പ്രവൃത്തി പൂര്‍ത്തിയാക്കി ടാറിങ് ചെയ്തു കഴിഞ്ഞു. ഡ്രെയിനേജിന്റെ പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. സ്ലാബിട്ട ഭാഗത്ത് ടൈല്‍ പാകലും പൂര്‍ത്തിയായി വരികയാണ്. ഉദ്ഘാടനത്തിനു മുന്‍പേ മുഴുവന്‍ പ്രവൃത്തികളും തീര്‍ക്കുമെന്ന് ഡി.എം.ആര്‍.സി എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ വേണുഗോപാല്‍ സുപ്രഭാതത്തോടു പറഞ്ഞു.
50.16 കോടി രൂപ ചെലവഴിച്ചാണ് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. കൂടാതെ സ്ഥലമേറ്റെടുക്കാന്‍ 26 കോടി രൂപയും ചെലവായി. സ്ഥലമേറ്റെടുക്കലിന്റെ അവസാനഘട്ട നടപടികള്‍ കലക്ടറേറ്റില്‍ നടന്നു വരികയാണ്. കല്ലായി റോഡില്‍ 500 മീറ്ററും റെയില്‍പ്പാതക്ക് കുറുകെ പയ്യാനക്കല്‍ ഭാഗത്ത് 300 മീറ്ററിലുമാണ് പന്നിയങ്കര മേല്‍പ്പാലം നിര്‍മിച്ചത്. ഇംഗ്ലീഷ് അക്ഷരമാലയിലെ 'ടി' ആകൃതിയിലാണ് പാലം. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്റെ മേല്‍നോട്ടത്തിലാണ് നിര്‍മാണം നടന്നത്. മോണോ റെയില്‍ പദ്ധതിയുടെ ഭാഗമെന്ന നിലയിലായിരുന്നു പദ്ധതി അവര്‍ ഏറ്റെടുത്തത്. തുടര്‍ന്ന് മോണോ റെയില്‍ പദ്ധതി ഉപേക്ഷിക്കുകയും പകരം ലൈറ്റ് മെട്രോ പദ്ധതി നിര്‍ദേശിക്കുകയും ചെയ്തു. പിന്നീട് പ്രദേശവാസികളുടെ ചിരകാല അഭിലാഷമായ പാലത്തിന്റെ നിര്‍മാണവുമായി മുന്നോട്ടു പോവുകയായിരുന്നു.
1991 മുതല്‍ കോഴിക്കോട് കോര്‍പറേഷനും പന്നിയങ്കര വികസനസമിതിയും രാഷ്ട്രീയ കക്ഷികളും ഈ ആവശ്യവുമായി റെയില്‍വേയെ സമീപിച്ചിരുന്നു. റെയിലിന് പടിഞ്ഞാറുള്ള ജനങ്ങളുടെ യാത്രാക്ലേശം ഒഴിവാക്കാനുള്ള ശാശ്വതപരിഹാരമാണ് ഈ മേല്‍പ്പാലം. തുടക്കത്തില്‍ മരാമത്തുവകുപ്പ് ഇംഗ്ലീഷ് അക്ഷരമാലയിലെ 'എല്‍' ആകൃതിയിലാണ് മേല്‍പ്പാലം രൂപകല്‍പന ചെയ്തത്. പിന്നീടാണ് ഇതില്‍ മാറ്റം വരുത്തുകയായിരുന്നു. ഏറെനാള്‍ നീണ്ട ഗതാഗതക്കുരുക്കിനാണ് പാലം യാഥാര്‍ഥ്യമാകുന്നതോടെ പരിഹാരമാകുകയെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു.
രാവിലെ പത്തിനു നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ മന്ത്രിമാരായ ജി. സുധാകരന്‍, എ.കെ ശശീന്ദ്രന്‍, ടി.പി രാമകൃഷ്ണന്‍, എം.കെ രാഘവന്‍ എം.പി, എം.എല്‍.എമാരായ എം.കെ മുനീര്‍, എ. പ്രദീപ്കുമാര്‍, വി.കെ.സി മമ്മദ് കോയ, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."