കരിപ്പൂര്‍ വിമാനത്താവളം: അവ്യക്തതകളും ദുരൂഹതകളുമേറെ; പ്രദേശവാസികള്‍ ആശങ്കയില്‍
കൊണ്ടോട്ടി:കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് മേഖലയില്‍ നടത്തുന്ന താലൂക്ക് ഭൂമി സര്‍വേ നാട്ടുകാരെ ആശങ്കയിലാക്കുന്നു. വിമാനത്താവളത്തിന് സമീപത്ത് ഭൂമി കൈവശമുളളവര്‍ക്കാണ് താലൂക്കില്‍ നിന്ന് സര്‍വേക്കായി നോട്ടീസ് ലഭിക്കുന്നത്. പരിശോധനക്ക് എത്തുന്ന സമയത്ത് സ്ഥലത്തുണ്ടായിരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മേലങ്ങാടിയില്‍ വ്യാഴാഴ്ച പരിശോധനക്ക് എത്തുമെന്ന്കാണിച്ച് 12 പേര്‍ക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ട്. ഇതിനെ തടയുമെന്ന് നാട്ടുകാരും പറയുന്നു. എന്നാല്‍ പരിശോധന സ്ഥലമേറ്റെടുപ്പിനല്ലെന്നാണ് താലൂക്ക് ഓഫിസ് അധികൃതര്‍ പറയുന്നത്. വിമാനത്താവളത്തിന്റെ അതിര്‍ത്തി സ്ഥലങ്ങള്‍ പരിശോധിക്കുന്നതിന് മുന്നോടിയാണ് സമീപ സ്ഥലങ്ങള്‍ പരിശോധിക്കുന്നതെന്നാണ് അധികൃതരുടെ വാദം. എന്നാല്‍ അതോറിറ്റി സ്ഥലം മതിലു കെട്ടി സംരക്ഷിക്കുന്നുണ്ടെന്നതിനാല്‍ പ്രദേശ വാസികളില്‍ ആശങ്കയേറെയാണ്.
വിമാനത്താവള വികസനത്തിന് കൃത്യമായി എത്ര ഭൂമി വേണമെന്ന് അധികൃതര്‍ക്കറിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. മന്ത്രി കെ.ടി ജലീല്‍ കഴിഞ്ഞ ഓഗസ്റ്റില്‍ മലപ്പുറത്ത് നടത്തിയ പ്രഖ്യാപനകളും എങ്ങുമെത്തിയിട്ടില്ല.സ്ഥല ഉടമകള്‍ക്ക് മൂന്നുലക്ഷം മുതല്‍ 10 ലക്ഷം വരെ തുക നല്‍കുമെന്നായിരുന്നു ആദ്യപ്രഖ്യാപനം. ഇത് പിന്നീട് തുകയില്‍ ആശയക്കുഴപ്പമെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ തിരുത്തി. കരിപ്പൂരിലെ സാങ്കേതിക പ്രശ്‌നങ്ങളടക്കം പരിശോധിക്കാന്‍ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടണ്‍സി എത്തുമെന്നറിയിച്ചതും നടന്നിട്ടില്ല. പ്രദേശവാസികളുടെ പ്രശ്‌നം നേരിട്ട് മനസിലാക്കാന്‍ സ്ഥലം മുഖ്യമന്ത്രി സന്ദര്‍ശിക്കുമെന്ന് അറിയിച്ചെങ്കിലും ഇതുവരെ എത്തിയിട്ടില്ല.
കഴിഞ്ഞ 2004 മുതല്‍ സ്ഥലമേറ്റെടുപ്പിനായി എയര്‍പോര്‍ട്ട് അതോറിറ്റി വ്യത്യസ്ഥ കണക്കുകളാണ് പറയുന്നത്. തുടക്കത്തില്‍ 138 ഏക്കര്‍ ആവശ്യപ്പെട്ട അതോറിറ്റി നിലവില്‍ 485 ഏക്കറാണ് ആവശ്യപ്പെടുന്നത്. ഏറ്റെടുക്കുന്ന ഭൂമി സംബന്ധിച്ച് പ്രദേശവാസികളുടെ ആശങ്ക അകറ്റാന്‍ അധികൃതര്‍ക്കാവാത്തതാണ് നിലവില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്.
വിമാനത്താവളത്തിലെ റണ്‍വേ റീ-കാര്‍പ്പറ്റിങ് അവസാനഘട്ടത്തിലെത്തിയിട്ടും വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കാത്തതും ദുരൂഹതയുളവാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."