എ.പി മുഹമ്മദ് മുസ്‌ലിയാര്‍ ഇനി ഓര്‍മ
പാലക്കാട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അധ്യക്ഷന്‍ കുമരംപുത്തൂര്‍ മുഹമ്മദ് മുസ്‌ലിയാരുടെ മയ്യിത്ത് നിസ്‌കാരം ഇന്ന് രാവിലെ എട്ടു മണി മുതല്‍ മണ്ണാര്‍ക്കാട് ദാറുന്നജാത്ത് യതീംഖാന അങ്കണത്തില്‍ നടക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരങ്ങളാണ് പണ്ഡിത സൂര്യന്റെ മയ്യിത്ത് നിസ്‌കാരത്തിനായി ഒഴുകിയെത്തുന്നത്.
സാദാത്തീങ്ങളും പണ്ഡിത പ്രമുഖരുടെയും നേതൃത്വത്തില്‍ പല ഘട്ടങ്ങളിലായാണ് മയ്യിത്ത് നിസ്‌കാരം നടക്കുന്നത്. ഖബറടക്കം ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് കുമരംപുത്തൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
മകന്‍ എ.പി അബ്ദുറഹ്മാന്‍ ദാരിമി,കെ.ടി അബൂബക്കര്‍ ദാരിമി,പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍,പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍,കോഴിക്കോട് ഖാസി സയ്യിദ് ജമലുല്ലൈലി തങ്ങള്‍,ശൈഖുനാ ഏലംകുളം ബാപ്പു മുസ്‌ലിയാര്‍,പി.കെ.എം സാദിഖ് മുസ്‌ലിയാര്‍,കെ.പി.പി തങ്ങള്‍ വല്ലപ്പുഴ,സയ്യിദ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍,ഡോ. ബഹാവുദ്ദീന്‍ നദ്‌വി കൂരിയാട്,കോച്ചോട് ഉമര്‍ മുസ്‌ലിയാര്‍,കുഞ്ഞാണി മുസ്‌ലിയാര്‍ മേലാറ്റൂര്‍ എന്നിവര്‍ മയ്യിത്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കി.
പാലക്കാട് ജില്ലാ ഡി.സി.സി പ്രസിഡന്റ് വി.കെ ശ്രീകണ്ഡന്‍,എം.എല്‍.എമാരായ അഡ്വ. എന്‍. ഷംസുദ്ദീന്‍,പി.കെ ശശി,മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി,അബ്ദുസമദ് പൂക്കോട്ടൂര്‍,പാണക്കാട് സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങള്‍,പാണക്കാട് സയ്യിദ് ഷഹീറലി ശിഹാബ് തങ്ങള്‍,സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍,മുന്‍ മന്ത്രി അഡ്വ.എന്‍. സൂപ്പി,പാലക്കാട് ജില്ലാ ലീഗ് പ്രസിഡന്റ് സി.എ.എം.എ കരീം,ട്രഷറര്‍ പി.എ തങ്ങള്‍ തുടങ്ങിയ പ്രമുഖര്‍ പരേതന്റെ മയ്യിത്ത് സന്ദര്‍ശിച്ചു.
ഇന്നലെ അര്‍ധരാത്രി 12.45ന് പാലക്കാട് തച്ചമ്പാറയിലെ ഇസാഫ് ആശുപത്രിയില്‍ വച്ചായിരുന്നു എ.പി മുഹമ്മദ് മുസ്‌ലിയാരുടെ അന്ത്യം.
നാലു വര്‍ഷമായി കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ പതിനൊന്നോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെയോടെ നില വഷളായി. ഇതേത്തുടര്‍ന്ന് ഐ.സി.യുവില്‍ പ്രവേശിപ്പിക്കപ്പെട്ട മുഹമ്മദ് മുസ്‌ലിയാര്‍ രാത്രിയോടെ അന്തരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."