വാഹന പരിശോധന: 146 കാറുകള്‍ പിടികൂടി പിഴ ഈടാക്കി
കാക്കനാട്: കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലായി കഴിഞ്ഞ ദിവസം നടന്ന വാഹന പരിശോധനകളില്‍ സണ്‍ ഫിലിം ഒട്ടിച്ച നിലയില്‍ 146 കാറുകള്‍ പിടികൂടി മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പിഴ ഈടാക്കി. പിഴയിനത്തില്‍ 52,500 രുപ ഈടാക്കിയതായി മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു.
ഇന്നലെ എറണാകുളം സോണിലെ മൂന്ന് ജില്ലകളിലാണ് സണ്‍ ഫിലിംപതിച്ച വാഹനങ്ങള്‍ പിടികൂടാന്‍ ഓപ്പറേഷന് സണ്‍ ലൈറ്റ് എന്ന പേരില്‍ പ്രത്യേകസംഘം പരിശോധനക്കിറങ്ങിയത്. സുപ്രീം കോടതി വിധി വന്ന ശേഷവും കാറുകളില്‍ സണ്‍ ഫിലിം ഒട്ടിക്കുന്നവരുടെ എണ്ണം പെരുകിയിരുന്നു. പലവട്ടം താക്കീത് നല്‍കിയിട്ടും സണ്‍ ഫിലിം നീക്കം ചെയ്യാന്‍ വാഹന ഉടമകള്‍ തയ്യാറായില്ല. കുറ്റക്കാരായ വാഹന ഉടമകളാല്‍ നിന്നും പിഴ ഈടാക്കിയ അധികൃതര്‍ പരിശോധന സ്ഥലത്ത് വച്ച് തന്നെ സണ്‍ ഫിലിം പൊളിച്ചു കളയുന്ന രീതിയാണ് നടപ്പാക്കിയത്.
സണ്‍ ഫിലിം പൊളിച്ചതിന് ശേഷം ചട്ടലംഘനത്തിന് പിഴ ഈടാക്കി വാഹനങ്ങള്‍ വിട്ടുകൊടുക്കുകയായിരുന്നു. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ആനന്ദകൃഷ്ണന്റെ നിര്‍ദേശ പ്രകാരമായിരുന്നു വാഹന പരിശോധന നടത്തിയത്.ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ കെ.ജി സാമുവല്‍, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."