ഇരിങ്ങല്‍ സര്‍ഗാലയയില്‍ അന്തര്‍ദേശീയ കരകൗശല മേളയ്ക്ക് ഇന്നു തിരശ്ശീല ഉയരും
പയ്യോളി: വിദേശ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ നൂറുക്കണക്കിനു കലാകാരന്മാര്‍ പങ്കെടുക്കുന്ന അന്തര്‍ദേശീയ കരകൗശല മേളയ്ക്ക് ഇന്ന് ഇരിങ്ങല്‍ സര്‍ഗാലയയില്‍ തിരശ്ശീല ഉയരും. കേന്ദ്ര സര്‍ക്കാരിന്റെ മികച്ച ഗ്രാമീണ ടൂറിസം പദ്ധതിക്കുള്ള അവാര്‍ഡിന് അര്‍ഹമായ സര്‍ഗാലയയിലെ ഇത്തവണത്തെ മേളയ്ക്ക് വര്‍ണപ്പകിട്ടേറെയാണ്.
സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിന് അഞ്ഞൂറോളം സ്റ്റാളുകള്‍ ഒരുങ്ങിക്കഴിഞ്ഞു. വിവിധ ഉല്‍പന്നങ്ങള്‍ വാങ്ങുന്നതോടൊപ്പം ഇവ നിര്‍മിക്കുന്നതു കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. തായ്‌ലന്റ്, അഫ്ഗാനിസ്ഥാന്‍, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ സര്‍ഗാലയയില്‍ എത്തിക്കഴിഞ്ഞു.
രാജ്യത്തെ രണ്ടാമത്തെയും ദക്ഷിണേന്ത്യയിലെ ആദ്യത്തെയും കരകൗശല മേളയ്ക്കാണ് സര്‍ഗാലയ ആതിഥ്യമരുളുന്നത്. സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററിന്റെ സഹകരണത്തോടെ അരങ്ങേറുന്ന കലാവിരുന്നില്‍ അസം, തെലങ്കാന, ജമ്മുകശ്മിര്‍, ഉത്തരാഖണ്ഡ്, ഗുജറാത്ത്, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ അരങ്ങിലെത്തും. അന്‍പതുലക്ഷം സന്ദര്‍ശകരെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വാഹനങ്ങളുടെ പാര്‍ക്കിങ്ങിന് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വിശാലമായ സൗകര്യമുണ്ട്. ഇവിടെ നിന്ന് സഞ്ചാരികളെ മേളയ്‌ക്കെത്തിക്കാനുള്ള സംവിധാവും ഒരുക്കിയിട്ടുണ്ട്. ഇന്നു നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനാകും. മന്ത്രി ടി.പി രാമകൃഷ്ണന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി മുഖ്യാതിഥികളാകും.
മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍ അഡ്വ. പി. കുല്‍സു, ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി പ്രസിഡന്റ് രമേശന്‍ പാലേരി അതിഥികള്‍ക്ക് മെമെന്റോ നല്‍കും. കെ. ദാസന്‍ എം.എല്‍.എ സ്വാഗതം പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."