കോഴിക്കോട്ട് വീണ്ടും മനുഷ്യാവകാശ പ്രവര്ത്തകന് അറസ്റ്റില്‍
കോഴിക്കോട്: യു.എ.പി.എ ചുമത്തിയ കേസില്‍ കോഴിക്കോട് വീണ്ടും മനുഷ്യാവകാശ പ്രവര്ത്തകന് അറസ്റ്റില്‍. സാമൂഹിക പ്രവര്‍ത്തകനും മാധ്യമപ്രവര്‍ത്തകനുമായ നദീറി(നദി-26)നെയാണ് പൊലിസ് അറസ്റ്റു ചെയ്തത്. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയാണ് നദീര്‍. ദേശീയഗാനത്തെ അധിക്ഷേപിച്ചെന്ന കേസില്‍ അറസ്റ്റിലായ നാടക പ്രവര്ത്തകന് കമല്‍ സി ചവറയ്ക്കൊപ്പം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉണ്ടായിരുന്ന നദീറിനെ ഇന്നലെ രാവിലെ 11 മണിയോടെ പൊലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കണ്ണൂര്‍ ആറളം പൊലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത യു.എ.പി.എ ചുമത്തിയ കേസിലാണ് അറസ്റ്റ്. വൈകിട്ടോടെ നദീറിനെ ആറളം പൊലിസിന് കൈമാറി.
ഇക്കഴിഞ്ഞ മാര്‍ച്ച് മൂന്നിന് ആറളം ഫാം സന്ദര്‍ശിച്ച മാവോയിസ്റ്റുകള്‍ പ്രദേശവാസികളെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കാട്ടുതീ എന്ന പ്രസിദ്ധീകരണം വിതരണം ചെയ്തിരുന്നു. ഈ കേസിലാണ് നദീറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മാര്‍ച്ച് 16നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഡിവൈ.എസ്.പി പ്രജീഷ് തോട്ടത്തിലിനാണ് അന്വേഷണച്ചുമതല. എന്നാല്‍ ഈ സംഭവത്തില്‍ നദീറിന്റെ പേരില്‍ കേസ് നിലവിലില്ലെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.
നോവലില്‍ ദേശീയഗാനത്തെ അധിക്ഷേപിച്ചു എന്ന ആരോപണത്തിന്റെ പേരില്‍ കഴിഞ്ഞദിവസം പൊലിസ് കസ്റ്റഡിയിലെടുത്ത കമല്‍ സി ചവറയ്ക്കൊപ്പമായിരുന്നു കഴിഞ്ഞ രണ്ടു ദിവസമായി നദീര്‍.
ഇന്നലെ രാവിലെ അദ്ദേഹത്തിനൊപ്പം ആശുപത്രിയില്‍ നില്‍ക്കവെ മഫ്തിയില്‍ വന്ന പൊലിസ് ഒരു കാര്യം പറയാനുണ്ട് എന്നുപറഞ്ഞ് പുറത്തേക്ക് വിളിച്ച നദീറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."