വീല്‍ ചെയറും സ്ട്രച്ചറുമില്ല; രോഗികള്‍ നെട്ടോട്ടത്തില്‍
ആലപ്പുഴ: വണ്ടാനം മെഡിക്കല്‍കോളജാശുപത്രിയിലെത്തുന്ന അവശരായ രോഗികളെ അത്യാഹിത വിഭാഗത്തിലുള്‍പ്പെടെയെത്തിക്കുന്നതിന് വീല്‍ചെയര്‍ ഇല്ലാത്തത് ജീവനക്കാരുമായി സംഘര്‍ഷത്തിന് കാരണമാകുന്നു.രോഗികളുമായെത്തുന്നവര്‍ വാഹനത്തില്‍ നിന്ന് രോഗിയെ ഇറക്കി മണിക്കൂറുകള്‍ ആശുപത്രി സമുച്ചയം മുഴുവന്‍ കയറിയിറങ്ങിയാലും വീല്‍ചെയറോ സ്‌ട്രെച്ചറോ കിട്ടാത്ത അവസ്ഥയാണുള്ളത്.ഇത് സംബന്ധിച്ച് ദിവസവും ആശുപത്രി ജീവനക്കാരും രോഗികളുമായെത്തുന്നവരും തമ്മില്‍ ഏറ്റുമുട്ടലും സംഘര്‍ഷവുമുണ്ടാകാറുണ്ടെങ്കിലും പരിഹാരം കാണുന്നതിന് ആശുപത്രി അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല.
കഴിഞ്ഞ ദിവസം ഇത്തരത്തില്‍ ഒരു രോഗിയുമായി ആലപ്പുഴയില്‍ നിന്നെത്തിയ തനിക്ക്, മണിക്കൂറുകള്‍ ആശുപത്രി സമുഛയത്തിലെ വിവിധ വാര്‍ഡുകളിലും ഡിപ്പാര്‍ട്ട്‌മെന്റുകളിലും കയറിയിറങ്ങിയ ശേഷം അത്യാഹിത വിഭാഗത്തിലെ ഒരു ഡോക്ടര്‍ ഇടപെട്ടാണ് വീല്‍ ചെയര്‍ സംഘടിപ്പിച്ചുനല്‍കിയതെന്ന് സന്നദ്ധ പ്രവര്‍ത്തകനായ കെ.എം അന്‍സാരി പറയുന്നു.തന്റെ തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള വിവരങ്ങളും ഫോണ്‍ നമ്പറും വാങ്ങി നിശ്ചിത സമയത്തിനുള്ളില്‍ എത്തിച്ചുനല്‍കാമെന്ന ഉറപ്പിന്മേലാണ് ഡോക്ടര്‍ വീല്‍ ചെയര്‍ ഏര്‍പ്പാടാക്കിതന്നതെന്ന് ഇദ്ദേഹം പറയുന്നു.ഇത്തരം സംഭവങ്ങള്‍ ദിനം പ്രതി ആശുപത്രിയില്‍ നടക്കുന്നുണ്ടെങ്കിലും അധികൃതര്‍ ഇതിന് പരിഹാരം കാണാന്‍ ശ്രമിക്കുന്നില്ല.വിവിധ സന്നദ്ധ സംഘടനകള്‍ ആശുപത്രിയിലേക്ക് ആവശ്യമായ വീല്‍ ചെയര്‍, സ്ട്രച്ചര്‍ തുടങ്ങിയ ഉപകരണങ്ങള്‍ സംഭാവനയായി നല്‍കുന്നുണ്ടെങ്കിലും ഇതെല്ലാം ഏതോ അജ്ഞാത കേന്ദ്രത്തില്‍ അധികൃതര്‍ ഒളിപ്പിച്ചിരിക്കുകയാണെന്ന് ആശുപത്രിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
ആശുപത്രി സൂപ്രണ്ടിനെയും മറ്റും സമ്മര്‍ദത്തിലാക്കി അറ്റന്റര്‍മാര്‍ തന്നെയാണ് രോഗികള്‍ക്ക് വീല്‍ ചെയറുകള്‍ സ്വയം ഉപയോഗിക്കുന്നതിന് തടസ്സം നില്‍ക്കുന്നതെന്നും ആരോപണമുണ്ട്.വീല്‍ചെയറില്‍ രോഗിയെ ഡോക്ടര്‍മാരുടെ അടുത്തും വിവിധ ചികിത്സാ കേന്ദ്രങ്ങളിലുമെത്തിച്ചുകൊടുക്കുന്ന അറ്റന്റര്‍മാര്‍ക്ക് പ്രത്യേക പടി ലഭിക്കുന്നുണ്ട്.വീല്‍ ചെയര്‍ രോഗികളുടെ ബന്ധുക്കളോ കൂട്ടിരിപ്പുകാരോ സ്വയം ഉപയോഗിക്കുന്നതോടെ ഈ പടി നഷ്ടമാകുമെന്നതിനാല്‍ അറ്റന്റര്‍മാര്‍ തന്നെ, വീല്‍ചെയറുകള്‍ അജ്ഞാതകേന്ദ്രത്തില്‍ കൂട്ടിയിട്ടിരിക്കുകയാണെന്നാണ് ആരോപണമുയര്‍ന്നിട്ടുള്ളത്.
വിവിധ ആശുപത്രികളില്‍ നിന്ന് റഫര്‍ ചെയ്യുന്ന അത്യാസന്ന നിലയിലുള്ള രോഗികളാണ് കൂടുതലായും മെഡിക്കല്‍ കോളജിലെത്തുന്നതെന്നതിനാല്‍ ഇവിടെ കൂടുതല്‍ വീല്‍ചെയറുകളും സ്ട്രച്ചറുകളും ആവശ്യമാണ്.എന്നാല്‍ ഇവ ആവശ്യത്തിലധികം വിവിധ സന്നദ്ധ സംഘടനകളും മറ്റും സൗജന്യമായി ആശുപത്രിയിലെത്തിച്ചു നല്‍കിയിട്ടുണ്ടെങ്കിലും അത്യാവശ്യക്കാര്‍ക്ക് ലഭിക്കാറില്ല.
അത്യാസന്ന നിലയിലെത്തുന്ന രോഗികള്‍ പോലും മണിക്കൂറുകള്‍ കാത്തിരുന്നാല്‍ മാത്രമാണ് അറ്റന്റര്‍മാര്‍ വീല്‍ ചെയറുമായെത്തി ഡോക്ടര്‍മാരുടെ മുന്നിലേക്കെത്തിക്കുന്നത്.ഇതിനിടെ അസുഖം മൂര്‍ഛിക്കുന്നത് കണ്ട് നില്‍ക്കാനാകാതെ ചിലര്‍ തോളില്‍ ചുമന്നും ഒപ്പമുള്ളവര്‍ ഒരുമിച്ച് എടുത്ത് കൊണ്ടും മറ്റുമാണ് രോഗികളെ ഡോക്ടര്‍മാരുടെ മുന്നിലും അത്യാഹിത വിഭാഗത്തിലുമെത്തിക്കുന്നത് ഇവിടെ പതിവ് കാഴ്ചയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."