നഗരസഭയുടെ മുന്നറിയിപ്പിന് പുല്ലുവില: ഇന്നലെ വൈകിട്ടുവരെ ഒറ്റ ഫ്‌ളക്‌സ് ബോര്‍ഡുകളും നീക്കം ചെയ്തിട്ടില്ല
തൊടുപുഴ: നഗരത്തില്‍ വ്യാപകമായി സ്ഥാപിച്ചിരിക്കുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കംചെയ്യാന്‍ നഗരസഭ നല്‍കിയിരിക്കുന്ന സമയം ഇന്നുവരെ. എന്നാല്‍ ഇന്നലെ വൈകിട്ടുവരെ ഒറ്റ ഫ്‌ളക്‌സ് ബോര്‍ഡുകളും നീക്കം ചെയ്തിട്ടില്ല. നഗരത്തില്‍ പ്രധാന കേന്ദ്രങ്ങളില്‍ വാഹനയാത്രക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും ദുരിതവും അപകടവും വരുത്തുന്ന തരത്തിലാണ് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നിറഞ്ഞിരിക്കുന്നത്.
ഫ്‌ളക്‌സ് ബോര്‍ഡുകളും മറ്റും ബന്ധപ്പെട്ടവര്‍ അവരവരുടെ ചെലവില്‍ നീക്കംചെയ്യണമെന്നു തൊടുപുഴ നഗരസഭ മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഇന്ന് എടുത്തുമാറ്റാന്‍ ബന്ധപ്പെട്ടവര്‍ തയാറാകുന്നില്ലെങ്കില്‍ നഗരസഭാ നേതൃത്വത്തില്‍ നീക്കംചെയ്യുമെന്നും ഇതു സ്ഥാപിച്ചിരിക്കുന്നവര്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും നഗരസഭാ സെക്രട്ടറി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. നഗരത്തിലെ പ്രധാനകേന്ദ്രങ്ങളായ ഗാന്ധി സ്‌ക്വയര്‍, വെങ്ങല്ലൂര്‍, കോതായികുന്ന് ബസ്സ്റ്റാന്‍ഡ്, കാഞ്ഞിരമറ്റം, കോലാനി, മങ്ങാട്ടുകവല ബസ്സ്റ്റാന്‍ഡ്, കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് എന്നിവിടങ്ങളിലും നഗരത്തിലെ ഇലക്ട്രിക് പോസ്റ്റുകള്‍, ടെലിഫോണ്‍ പോസ്റ്റുകള്‍, നടപ്പാതകള്‍ തുടങ്ങിയ സ്ഥലങ്ങളിലും ഫ്‌ലക്‌സ് ബോര്‍ഡുകള്‍ വയ്ക്കരുതെന്നു നഗരസഭാ കൗണ്‍സില്‍ തീരുമാനം നിലനില്‍ക്കുന്നുണ്ട്. ഗാന്ധി സ്‌ക്വയറിലും പ്രൈവറ്റ് ബസ്സ്റ്റാന്‍ഡിലും നടപ്പാതകളിലും, മുനിസിപ്പല്‍ മൈതാനത്തിനു ചുറ്റിലുമെല്ലാം അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ഫ്‌ലക്‌സ് ബോര്‍ഡുകള്‍ കാല്‍നട യാത്രക്കാര്‍ക്കും വാഹന ഡ്രൈവര്‍മാര്‍ക്കും വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുകയാണ്.
വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും പേരില്‍ നഗരത്തിലെമ്പാടും സ്ഥാപിക്കുന്ന ബോര്‍ഡുകള്‍ ലക്ഷ്യമിടുന്ന പരിപാടി കഴിഞ്ഞആലും നീക്കംചെയ്യാന്‍ തയാറാകുന്നില്ല. ഒരു പാര്‍ട്ടിയുടെ നേതാവിന്റെ തന്നെ അനവധി ഫ്‌ലക്‌സുകള്‍ വിവിധ പേരുകളില്‍ ആശംസ അറിയിച്ച് അടുത്തടുത്തു മത്സരിച്ചാണു സ്ഥാപിക്കുന്നത്.
ഇത്തരം ബോര്‍ഡുകള്‍ വഴിയോരത്തെല്ലാം സ്ഥാനംപിടിക്കുന്നതോടെ കാല്‍നടക്കാരും ദുരിതത്തിലാകുകയാണ്. ഇതിനു പുറമേയാണു വാഹന ഡ്രൈവര്‍മാര്‍ക്കു മറയായി ട്രാഫിക് ഡിവൈഡറുകളിലും മറ്റും വച്ചിരിക്കുന്ന ഫ്‌ളക്‌സുകള്‍. ഇത് അപകടങ്ങള്‍ക്കും കാരണമാകുകയാണ്.
നാല്‍ക്കവലയായ ഗാന്ധി സ്‌ക്വയറില്‍ ട്രാഫിക് ഡിവൈഡറില്‍ വിവിധ പാര്‍ട്ടിക്കാരും സംഘടനകളും മത്സരിച്ചുവച്ചിരിക്കുന്ന ഫ്‌ലക്‌സുകള്‍ ഡ്രൈവര്‍മാര്‍ക്കു കാഴ്ച മറയ്ക്കുകയാണ്. നഗരത്തില്‍ ചില സ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കാലപ്പഴക്കം കൊണ്ടു കെട്ടുകള്‍ വിട്ടുപോയും പട്ടികകള്‍ ദ്രവിച്ചും വഴിയിലേക്കും നടപ്പാതയിലേക്കും വീഴുന്നതും അപകടത്തിനു കാരണമാകുകയാണ്.
നഗരത്തില്‍ പല ഭാഗത്തുമുള്ള ചില വ്യാപാരികള്‍ തങ്ങളുടെ കടയുടെ പരസ്യ ബോര്‍ഡുകള്‍ നടപാതയിലേക്കും റോഡിലേക്കും ഇറക്കിസ്ഥാപിക്കുന്നത് യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും അപകടക്കെണിയാകുന്നു. ചിലര്‍ ബോര്‍ഡുകള്‍ റോഡിലേക്കു വയ്ക്കുന്നതിനാല്‍ കാല്‍നടയാത്രക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു.
മറ്റു ചില വ്യാപാരികള്‍ തങ്ങളുടെ കടയുടെ മുന്നില്‍ കസ്റ്റമേഴ്‌സ് പാര്‍ക്കിങ് എന്ന് എഴുതി റോഡ് കയ്യേറുന്നതും പതിവായിട്ടുണ്ട്. ഇത്തരത്തില്‍ വയ്ക്കുന്ന ബോര്‍ഡുകള്‍ക്കു സമീപം ഇരുചക്രവാഹനം പോലും വയ്ക്കാന്‍ ഇവര്‍ അനുവദിക്കാറുമില്ല. പൊതുമരാമത്തു റോഡ് പോലും ചില വ്യാപാരികള്‍ സ്വന്തമാക്കുന്ന അവസ്ഥയാണെന്നു പരാതിയുണ്ട്.
മറ്റു ചിലരാകട്ടെ, റോഡില്‍ വരെ പൂച്ചട്ടികളും ബോര്‍ഡുകളുമെല്ലാം നിരത്തി കാല്‍നടക്കാരുടെ യാത്രാസ്വാതന്ത്ര്യം വരെ നിഷേധിക്കുകയാണ്. അനധികൃതമായി റോഡും നടപാതയും കയ്യേറുന്ന വ്യാപാരികളെ നിയന്ത്രിക്കുന്നതിനു നഗരസഭാ അധികൃതര്‍ സത്വരമായ നടപടികളാണു സ്വീകരിക്കേണ്ടതെന്നു നഗരവാസികളും യാത്രക്കാരും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."