പുതുവത്സര സമ്മാനം
കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തുന്ന യാത്രക്കാര്‍ക്കു റെയില്‍വേയുടെ പുതുവത്സര സമ്മാനം. റെയില്‍വേ സ്റ്റേഷനിലെ പ്രധാന വികസന പ്രവൃത്തികളിലൊന്നായ എസ്കലേറ്റര്‍ 26നു ഉദ്ഘാടനം ചെയ്യും. രാവിലെ 11ന് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു വീഡിയോ കോണ്‍ഫറന്‍സിലൂടെ എസ്കലേറ്റര്‍ യാത്രക്കാര്‍ക്കു തുറന്നുകൊടുക്കും.
മന്ത്രിമാരായ കെ.കെ ശൈലജ, കടന്നപ്പള്ളി രാമചന്ദ്രന്, എം.പിമാരായ പി.കെ ശ്രീമതി, കെ.കെ രാഗേഷ്, റിച്ചാര്‍ഡ് ഹേ, മേയര്‍ ഇ.പി ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ നരേഷ് ലാല്‍വാനി പങ്കെടുക്കും.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് നവീകരണത്തിന്റെ ഭാഗമായി സബ്വേ, ലിഫ്റ്റ്, എസ്കലേറ്റര്‍, പുതിയ സ്റ്റേഷന് കെട്ടിടം എന്നിവയാണ് നിര്‍മിക്കുന്നത്. ഇതില്‍ എസ്കലേറ്ററിന്റെ നിര്‍മാണമാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. കഴിഞ്ഞ ഓണത്തിന് എസ്കലേറ്റര്‍ പണി പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യുമെന്നു പ്രഖ്യാപിച്ചതാണെങ്കിലും പ്രവൃത്തി നീണ്ടുപോവുകയായിരുന്നു. ഒന്നാം പ്ലാറ്റ്ഫോമിനെയും രണ്ട്, മൂന്ന് പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിച്ചാണ് എസ്കലേറ്റര്‍ സ്ഥാപിച്ചത്. എസ്കലേറ്റര്‍ തുറക്കുന്നതോടെ ഒന്നാംപ്ലാറ്റ് ഫോമില്‍ നിന്നു മേല്‍പ്പാലം കയറാതെ യാത്രക്കാര്‍ക്കു മറ്റു പ്ലാറ്റ് ഫോമുകളിലെത്താം.
36.5 ലക്ഷം രൂപ ചെലവില്‍ കിഴക്കേ കവാടത്തില്‍ നിന്ന് രണ്ട്, മൂന്ന് പ്ലാറ്റ്ഫോമുകളിലേക്ക് കടക്കാന്‍ നിര്‍മിക്കുന്ന ലിഫ്റ്റിന്റെ പ്രവൃത്തികളും അവസാനഘട്ടത്തിലാണ്. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഫൂട്ട് ഓവര്‍ ബ്രിഡ്ജ്, പ്ലാറ്റ്ഫോം എന്നിവയിലെ തിരക്ക് നിയന്ത്രിക്കാനാകുമെന്നാണു റെയില്‍വേ അധികൃതരുടെ പ്രതീക്ഷ.
അംഗപരിമിതര്‍, വയോജനങ്ങള്‍, രോഗികള്‍ തുടങ്ങിയവരുടെ യാത്രാപ്രശ്നങ്ങള്ക്കാണു ലിഫ്റ്റിലൂടെ പരിഹാരമാവുക. 1.71 കോടി രൂപ ചെലവില്‍ സ്റ്റേഷന്റെ വടക്കുഭാഗത്തായി നടക്കുന്ന സബ്വേയുടെ പ്രവൃത്തി മാത്രമാണ് ഇപ്പോഴും ഇഴയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."