സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ചാനല്‍ കാമറാമാന് മര്‍ദനം
കുന്നംകുളം: കുന്നംകുളത്ത് കാണിപ്പയ്യൂരില്‍ സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ടി.സി.വി - സി.സി.ടി.വി ക്യാമറാമാന് നേരെ അക്രമണം. അകാരണമായി മര്‍ദിച്ച രണ്ടുപേര്‍ കാമറ തട്ടിയെടുത്ത് രക്ഷപ്പെട്ടു.
പ്രതികളെ സഹായിക്കുന്ന നിലപാടുമായി കുന്നംകുളം പൊലിസ്. ഇന്നുരാവിലെ 10.45 ഓടെ കുന്നംകുളം കാണിപ്പയ്യൂര്‍ കെ.എസ്.ഇ.ബി ഓഫിസില്‍ ഉപരോധസമരത്തിന്റെ വാര്‍ത്ത ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയതായിരുന്നു അഖില്‍.
സമരം തുടങ്ങാനായി ഓഫിസിനു മുന്നില്‍ കാത്തുനില്‍ക്കുകയായിരുന്ന സമയത്ത് സ്വകാര്യ ഓട്ടോറിക്ഷയിലെത്തിയവര്‍ അപ്രതീക്ഷിതമായി മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് കാര്യം അന്വേഷിച്ചെങ്കിലും പ്രകോപിതരായവര്‍ അഖിലില്‍നിന്ന് കാമറ തട്ടിയെടുത്തു ഓട്ടോറിക്ഷയില്‍ രക്ഷപ്പെട്ടു. ദിവസങ്ങള്‍ക്കു മുന്‍പ് അഖിലും സുഹൃത്തും മാധ്യമ പ്രവര്‍ത്തകനുമായ സുജിത്തും ചേര്‍ന്ന് കാണിപ്പയ്യൂരുള്ള കൂള്‍ബാറില്‍ കയറി ജ്യൂസ് കുടിക്കുകയും ജ്യൂസില്‍ മദ്യത്തിന്റെ രുചി അനുഭവപ്പെടുകയും ചെയ്തിരുന്നു. ഇതു ഇരുവരും ശ്രദ്ധയില്‍പ്പെടുത്തുകയും ജ്യൂസ് പരിശോധിക്കുകയും ചെയ്തു.
ജ്യൂസില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയപ്പോള്‍ ആരോഗ്യവിഭാഗത്തെ അറിയിക്കുമെന്നും ഇവര്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തി കട അടച്ചുപൂട്ടി. ഇതിലെ മുന്‍ വൈരാഗ്യമാണ് ഇന്നു വാര്‍ത്ത പകര്‍ത്തനെത്തിയ അഖിലിനെ പരസ്യമായി മര്‍ദിച്ചതിന് പിന്നിലെന്ന് കരുതുന്നത്.
എന്നാല്‍ സംഭവത്തെ തുടര്‍ന്ന് പരാതിയുമായി കുന്നംകുളം പൊലിസ് സ്റ്റേഷനിലെത്തിയപ്പോള്‍ എസ്.ഐ ടി.പി ഫര്‍ഷാദ് അഖിലില്‍ നിന്ന് പരാതി സ്വീകരിക്കാതെ ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടത്തി. അതിന് തയാറാകാതിരുന്നതോടെ പരാതി സ്വീകരിച്ചെങ്കിലും രസീതി നല്‍കാന്‍ തയ്യാറായില്ല.
മാത്രമല്ല പ്രതികളെ വിളിച്ചു വരുത്തി കാമറ സ്റ്റേഷനില്‍ വാങ്ങിവെച്ച ശേഷം പറഞ്ഞയച്ചു. കേസ് പിന്‍വലിച്ചെങ്കില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുക്കുമെന്ന് എസ്.ഐ ഭീഷണിയും മുഴക്കി. ഇതോടെ ആക്രമണം സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതിയും നല്‍കിയിരുന്നു.
അതേസമയം കുന്നംകുളത്ത് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകനെ മര്‍ദിക്കുകയും കാമറ തട്ടിടെുക്കുകയും ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേരള റിപ്പോര്‍ട്ടേഴ്‌സ് ആന്‍ഡ് മീഡിയ പേഴ്‌സന്‍സ് യൂനിയന്‍ ജില്ലാ കമ്മിറ്റി ആവശ്യപെട്ടു. കേസെടുക്കാതിരിക്കുകയും പിന്നീട് പരാതിയുടെ രസീത് നിഷേധിക്കുകയും ചെയ്ത സംഭവം പൊലിസിന് തന്നെ അപമാനമാണ്. എസ്.ഐ ടി.പി ഫര്‍ഷാദിനെതിരേ നടപടി ആവശ്യപ്പെട്ട് ജില്ലാ സംസ്ഥാന നേതാക്കള്‍ ആഭ്യന്തര മന്ത്രിയെ നേരില്‍ കണ്ട് പരാതി നല്‍കുമെന്നും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."