കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര്: കൊടുവള്ളിയില്‍ കരുണാകരന് അനുസ്മരണം രണ്ടിടത്ത്
കൊടുവള്ളി: കോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങള്‍ തമ്മിലെ ഗ്രൂപ്പ് പോര് കാരണം കെ. കരുണാകരന് അനുസ്മരണം കൊടുവള്ളിയില്‍ രണ്ടിടത്ത് നടത്തി. ഏറെ നാളായുള്ള പടലപ്പിണക്കം ഇതോടെ രൂക്ഷമാകുമെന്ന് വിലയിരുത്തപ്പെടുന്നു.
കെ. കരുണാകരന് അനുസ്മരണ സമിതിയും നെഹ്റു വിചാര്വേദിയുമാണ് വെവ്വേറെ പരിപാടികള്‍ നടത്തിയത്. അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തില്‍ എരഞ്ഞിക്കോത്ത് സായി കേന്ദ്രം അന്തേവാസികള്‍ക്ക് അന്നദാനം നടത്തി. കെ.പി.സി.സി സെക്രട്ടറി അഡ്വ. കെ. പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.ടി അബ്ദുറഹ്മാന് ഹാജി അധ്യക്ഷനായി. തുടര്‍ന്നു കൊടുവള്ളി ഓപണ്‍ എയര്സ്റ്റേജില് നടന്ന അനുസ്മരണ പരിപാടിയില്‍ കരുണാകരന്റെ ഛായാചിത്രത്തിന് മുന്പില് പുഷ്പാര്‍ച്ചന നടത്തി. കരുണാകരന് സ്റ്റഡി സെന്റര്‍ ജില്ലാ ചെയര്മാന് സി.പി വിശ്വനാഥന് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം.എം വിജയകുമാര്‍, ടി.കെ.പി അബൂബക്കര്‍, സി.എം ഗോപാലന്, ടി.പി മജീദ്, എം.കെ കേളുക്കുട്ടി, എം.വി നൂര്‍മുഹമ്മദ്, വി.കെ റഷീദ്, പി.എ റസാഖ്, എം. ഉമ്മര്‍ സംസാരിച്ചു.
നെഹ്റു വിചാര്‍വേദി കൊടുവള്ളി നഗരസഭാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന അനുസ്മരണയോഗത്തില്‍ ചെയര്മാന് പി.ആര് മഹേഷ് മാസ്റ്റര്‍ അധ്യക്ഷനായി. നഗരസഭാ സ്ഥിരംസമിതി അധ്യക്ഷന്‍ കെ. ശിവദാസന്‍, സി.പി അബ്ദുറസാഖ്, കെ. അബ്ദുറഹ്മാന്, ഒ.കെ നജീബ്, പി.സി ജമാല്‍, വി.കെ ഉണ്ണീരി, ബാബു തമ്പാറ, പി.കെ ഭാസ്കരന്, ഷരീഫ് മാനിപുരം, എ.പി മുഹമ്മദ്, എ.പി.ഷാജു, അബു സംസാരിച്ചു.
കൊടുവള്ളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങള്‍ക്കുമിടയില്‍ നേരത്തെ തന്നെ ചേരിതിരിവുണ്ടായിരുന്നു. മണ്ഡലം പ്രസിഡന്റ് സി.എം ഗോപാലനെ മാറ്റണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തുവന്നതാണ് പ്രശ്നം സങ്കീര്‍ണമാക്കിയത്.
ജനാധിപത്യ രീതിയില്‍ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് പ്രശ്നത്തില്‍ ഇടപെട്ട ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ ആവശ്യമുള്ള നടപടികള്‍ എടുക്കാമെന്ന് ഉറപ്പും നല്‍കിയിരുന്നതായി ഒരു വിഭാഗം പറയുന്നു.
എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും പഴയ കമ്മിറ്റി തുടരുന്നതില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ അതൃപ്തി പുകയുന്നുണ്ട്. പുതിയ ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖിനോടു കൊടുവള്ളിയിലെ പ്രശ്നം അനൗദ്യോഗികമായി ധരിപ്പിച്ചതായാണ് വിവരം.
എന്നാല്‍ നിലവിലെ പ്രസിഡന്റ് സി.എം ഗോപാലനും ഡി.സി.സി പ്രസിഡന്റും എ ഗ്രൂപ്പുകാരായതിനാല്‍ കമ്മിറ്റിയില്‍ മാറ്റം വരാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയും നെഹ്റുവിചാര്വേദിയും രണ്ടുവഴിക്ക് നീങ്ങുന്നതിനാല്‍ കൊടുവള്ളിയില്‍ കോണ്‍ഗ്രസ് പൊതുചടങ്ങുകള്‍ ഗ്രൂപ്പ് വൈര്യത്തിന്റെ വേദികളാക്കുന്നതില് പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷം പുകയുന്നുണ്ട്. പാര്‍ട്ടിയുടെ ഔദ്യോഗിക പരിപാടിയുമായി ചിലര്‍ സഹകരിക്കാത്തതു സംബന്ധിച്ച് ജില്ലാ കമ്മിറ്റിക്കു റിപ്പോര്‍ട്ട് ചെയ്യുമെന്ന് മണ്ഡലം പ്രസിഡന്റ് സി.എം ഗോപാലന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."