വിമാനത്താവളത്തില്‍ ജോലി: യുവതിയില്‍ നിന്നു പണം തട്ടി
പാനൂര്‍: നിര്‍ദിഷ്ട കണ്ണൂര്‍ വിമാനത്താവളത്തില്‍ ഉള്‍പ്പെടെ ജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്നു പണം തട്ടിയെടുത്തതായി പരാതി. കല്ലിക്കണ്ടിയിലെ സൗപര്‍ണികയില്‍ ശ്യാംജിത്തിന്റെ ഭാര്യ ദീപാ ആചാരിക്കാണ് പണം നഷ്ടമായത്. ഷൈന്‍ ഡോട്ട് കോം, ജോബ്‌സ് എക്‌സ്പ്രസ് എന്നീ സൈറ്റുകള്‍ വഴി പണം തട്ടിയെന്ന് ഉപഭോക്തൃ കോടതിയിലും കൊളവല്ലൂര്‍ പൊലിസിലും പരാതി നല്‍കിയിരിക്കുകയാണ് ദീപ.
ബി.എസ്.സി ഫിസിക്‌സ് ബിരുദധാരിയായ ദീപ ജോലിക്കു അവസരം തേടിയാണ് ഇന്റര്‍നെറ്റില്‍ അന്വേഷിച്ചത്. വിമാനത്താവളത്തില്‍ ഗ്രൗണ്ട് സ്റ്റാഫ് ഒഴിവു കണ്ടതിനെ തുടര്‍ന്ന് മെയില്‍ വഴി ബന്ധപ്പെട്ടപ്പോള്‍ നിര്‍ദിഷ്ട കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ജോലി വാഗ്ദാനം ചെയ്യുകയായിരുന്നു.
രജിസ്‌ട്രേഷന്‍ ഫീസായി 1650 രൂപ ആവശ്യപ്പെട്ടതു പ്രകാരം പേ ടിഎം മൊബൈല്‍ ആപ്പ് വഴി അയക്കുകയും ചെയ്തു. മൂന്നു ഘട്ടങ്ങളിലായി ഇന്റര്‍വ്യു നടക്കുമെന്നു വിശ്വസിപ്പിച്ച സംഘം രണ്ടാം തവണ 5700 രൂപ ആവശ്യപ്പെടുകയായിരുന്നു. ജോലി ലഭിച്ചാല്‍ തുക തിരിച്ചു നല്‍കുമെന്നും സൈറ്റ് ഉടമകള്‍ വ്യക്തമാക്കിയിരുന്നു. മൂന്നാം ഗഡുവായി 14,900 രൂപ ആവശ്യപ്പെട്ടതോടെയാണ് ഇതു തട്ടിപ്പാണെന്ന് ദീപക്ക് ബോധ്യമായത്. പൊലിസ് വെരിഫിക്കേഷന്‍ ഉള്‍പ്പെടെയുള്ള അന്വേഷണത്തിനാണ് തുകയെന്നാണ് പറഞ്ഞിരുന്നത്.
കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇത്തരം ജോലി ഒഴുവില്ലെന്നു കൂടി ബോധ്യപ്പെട്ടതോടെയാണ് ദീപ പരാതിയുമായി പൊലിസിനെ സമീപിച്ചത്. അന്വേഷണത്തില്‍ നിരവധി പേര്‍ ഈ സൈറ്റ് വഴി തട്ടിപ്പിനിരയായതായി മനസിലാക്കാന്‍ കഴിഞ്ഞെന്നു ദീപ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."