സഊദി ബജറ്റ്: ആശങ്കയോടെ പ്രവാസികള്‍
ഏവരും ഉറ്റുനോക്കിയ ബജറ്റാണ് കഴിഞ്ഞദിവസം സഊദി ഭരണാധികാരി സല്‍മാന്‍ ഇബ്‌നു അബ്ദുല്‍ അസീസ് രാജാവ് അംഗീകരിച്ചത്. സാമ്പത്തികമായി തലയെടുപ്പോടെ നിന്നിരുന്ന രാജ്യം അടുത്തകാലത്തായി ഏറെ ഞെരുക്കത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടയിലാണ് രാജ്യത്തിന്റെ സമ്പത്‌രംഗം ശക്തമാണെന്ന് വിളിച്ചോതി ബജറ്റ് അവതരിപ്പിച്ചത്. രാജ്യത്തിന്റെ പ്രധാന വരുമാന സ്രോതസ്സായ എണ്ണ വിപണിയിലെ തുടര്‍ച്ചയായ ഇടിവും അതുമൂലമുണ്ടായ സാമ്പത്തികപ്രതിസന്ധിയും രാജ്യത്തെ തെല്ലൊന്നുമല്ല പിടിച്ചുലച്ചത്. അതിനിടയില്‍ ഒരു ഭാഗത്ത് അപ്രതീക്ഷിതമായി നീണ്ടുപോകുന്ന യമന്‍ യുദ്ധവും സാമ്പത്തിക ഞെരുക്കം ഏറെ പ്രതിസന്ധിയിലാക്കിയെന്നും വിമര്‍ശകര്‍ ഉന്നയിച്ചു. ഇതിനെയെല്ലാം സത്യമാക്കിയാണ് നേരത്തേ ദേശീയ പരിവര്‍ത്തന പദ്ധതിയും വിഷന്‍ 2030 ഉം പ്രഖ്യാപിച്ചത്. വരുമാന സ്രോതസ്സായ എണ്ണയെ ആശ്രയിക്കാതെ മറ്റു പല മാര്‍ഗങ്ങളിലൂടെ വരുമാനം ഉണ്ടാക്കുകയാണ് വിഷന്‍ 2030ന്റെ പിന്നിലെ ലക്ഷ്യം. ഇതിനിടയില്‍ കൈ കൊണ്ട സാമ്പത്തിക ചെലവുചുരുക്കല്‍ ഭരണരംഗത്തു തന്നെ വിമര്‍ശനങ്ങള്‍ നേരിട്ടെങ്കിലും അതിന്റെ ഫലം കണ്ടതായാണ് പുതിയ ബജറ്റിലൂടെ വെളിപ്പെട്ടത്.
പെട്രോളിയം രംഗത്തു നിന്നുള്ള വരുമാനം കുത്തനെ ഇടിഞ്ഞതിനെ തുടര്‍ന്നുള്ള വെല്ലുവിളികള്‍ തരണം ചെയ്യുന്നത് ലക്ഷ്യമിട്ട് ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ മകനും പ്രതിരോധ മന്ത്രിയും രണ്ടാം കിരീടാവകാശിയുമായ മുഹമ്മദ് ഇബ്‌നു സല്‍മാന്റെ മേല്‍നോട്ടത്തിലുള്ള വിഷന്‍ 2030 പദ്ധതിയും അതിനെ ശക്തിപ്പെടുത്തുന്നതിനായി ദേശീയ പരിവര്‍ത്തന പദ്ധതി 2020 പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ ബജറ്റാണ് കഴിഞ്ഞദിവസം അംഗീകരിച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷത്തെയും പോലെ എണ്ണയിതര വരുമാനം തന്നെയാണ് ഇവിടെയും ലക്ഷ്യംവയ്ക്കുന്നത്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ കൈകൊണ്ട കടുത്ത സാമ്പത്തിക കണിശത ഫലം കണ്ടതായാണ് ഇന്നലെ പുറത്തിറക്കിയ റിപ്പോര്‍ട്ടിലും സൂചിപ്പിക്കുന്നത്. മന്ത്രിമാരുടെയും രാജ കുടുംബാംഗങ്ങളുടെയും അലവന്‍സുകളും ശമ്പളവും കുറച്ചു വരേ സാമ്പത്തികരംഗം പിടിച്ചുനിര്‍ത്താന്‍ നടത്തിയ ശ്രമങ്ങള്‍ ഫലം കണ്ടതായാണ് പുതിയ ബജറ്റ് നല്‍കുന്ന സൂചന.
രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കമ്മി ബജറ്റായ 2015ലെ 366 ബില്യന്‍ കമ്മിയില്‍ നിന്നും ഇപ്പോള്‍ 197 ബില്യന്‍ ആയി കുറഞ്ഞതും ഭരണകൂട ആശ്വാസത്തിന് വക നല്‍കുന്നതാണ്. 2015ല്‍ 366 ബില്യന്‍ റിയാലായി കമ്മി ബജറ്റ് ഉയര്‍ന്നപ്പോഴാണ് എണ്ണ വിലയിടിവ് രാജ്യത്തെ എത്രത്തോളം ബാധിക്കുമെന്ന സത്യം പുറത്തുവന്നത്. അതിനു ശേഷമാണ് എണ്ണ വരുമാനം ആശ്രയിക്കാതെ ഇനിയെങ്കിലും മറ്റു മാര്‍ഗങ്ങള്‍ തേടണമെന്ന ആശയത്തില്‍നിന്നും വിഷന്‍ 2030ഉം ദേശീയ പരിവര്‍ത്തന പദ്ധതി 2020 ഉം ഉയര്‍ന്നുവന്നത്. അതില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ഇപ്പോള്‍ ബജറ്റ് കമ്മി 366ല്‍ നിന്നും 198 ബില്യന്‍ റിയാലായി കുറക്കാനായത്.
അടുത്ത വര്‍ഷത്തെ ആകെ ചെലവ് 890 ബില്യന്‍ റിയാലാണെങ്കിലും 692 ബില്യന്‍ റിയാല്‍ മാത്രമാണ് വരുമാനം. എണ്ണ വരുമാനത്തില്‍ കൂടി 480 ബില്യന്‍ റിയാലും എണ്ണയിതര വരുമാനത്തില്‍ നിന്നും 212 ബില്യന്‍ റിയാലുമാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ 2016ല്‍ 297 ബില്യന്‍ റിയാലിന്റെ കമ്മിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 326 ബില്യന്‍ പ്രതീക്ഷിച്ച കമ്മിയില്‍ നിന്നാണ് 30 ബില്യന്‍ കമ്മി കുറവ് രേഖപ്പെടുത്തിയത്.
ഈ ശുഭാപ്തി വിശ്വാസം തന്നെയാണ് സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ബജറ്റ് അവതരണ അധ്യക്ഷ പ്രസംഗത്തിലും വ്യക്തമായത്. രാജ്യത്തിന്റെ സമ്പത്‌വ്യവസ്ഥ ശക്തമാണെന്നും എണ്ണ വിലയിടിവ് രാജ്യത്തെ ബാധിക്കില്ലെന്നും പറഞ്ഞാണ് രാജാവ് നയം വ്യക്തമാക്കിയത്. സഊദി വിഷന്‍ പ്രകാരം പ്രഖ്യാപിച്ച പദ്ധതികള്‍ സമയബന്ധിതമായി തീര്‍ത്താല്‍ രാജ്യം തീര്‍ത്തും സാമ്പത്തിക സുരക്ഷിതമായിരിക്കുമെന്നും രാജാവ് വ്യക്തമാക്കുകയുണ്ടായി. ഭൂരിപക്ഷം ലോകരാഷ്ട്രങ്ങളും കടുത്ത പ്രതിസന്ധി നേരിടുകയും പെട്രോളിന് റെക്കോഡ് വിലയിടിവ് സംഭവിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പൗരന്മാരുടെ പുരോഗതിയും തൊഴിലവസരവും മുന്നില്‍കണ്ടുള്ള ബജറ്റിന് അംഗീകാരം നല്‍കുന്നതെന്ന് സല്‍മാന്‍ രാജാവ് തന്റെ ആമുഖ പ്രസംഗത്തില്‍ വ്യക്തമാക്കുകയുണ്ടായി. രാജ്യത്തെ പൗരന്മാരെ ശമ്പളയടിസ്ഥാനത്തില്‍ അഞ്ചു വിഭാഗമായി തരം തിരിക്കും. ഇതില്‍ ഏറ്റവും താഴ്ന്ന വിഭാഗത്തിന് മാസാ മാസം നിശ്ചിത തുക നല്‍കുന്ന ബൃഹത്തായ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്
മിഡില്‍ ഈസ്റ്റിലെയും ഉത്തരാഫ്രിക്കയിലെയും ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണ് സഊദി അറേബ്യ. മേഖലാ രാജ്യങ്ങളുടെ മൊത്തം ആഭ്യന്തരോല്‍പാദനത്തിന്റെ 25 ശതമാനവും സഊദി അറേബ്യയുടെ പങ്കാണ്. 2003ല്‍ ഏറ്റവും വലിയ സാമ്പത്തിക ശക്തികളില്‍ 27ാമത്തെ സ്ഥാനമായിരുന്ന സഊദി അറേബ്യ 20 സാമ്പത്തിക ശക്തികളില്‍ ഒരു രാജ്യമായി മാറുകയും ചെയ്തതും നിലവിലെ ഭരണകൂടത്തിന് കൂടുതല്‍ ആത്മവിശ്വാസവും ശക്തിയും പകരുന്നതാണ്. കഴിഞ്ഞ ഒരു ദശകത്തിനിടെ രാജ്യത്തെ സമ്പത്‌വ്യവസ്ഥ 4 ശതമാനമാണ് കൈവരിച്ചത്.
അതേസമയം, രാജ്യത്തിന് ആശ്വാസത്തിന്റെ ബജറ്റാണെങ്കിലും രാജ്യത്തിന്റെ ഉല്‍പാദനരംഗത്ത് മുഖ്യ പങ്ക് വഹിക്കുന്ന വിദേശികള്‍ക്ക് തിരിച്ചടിയുടെ വാര്‍ത്തകളാണ് പുതിയ ബജറ്റിലൂടെ പുറത്തുവരുന്നത്. സഊദിയുടെ പുതിയ ബജറ്റ് പ്രഖ്യാപനത്തില്‍ വിദേശികളെ ബാധിക്കുന്ന തരത്തില്‍ ഫീസുകള്‍ ഏര്‍പ്പെടുത്തിയതാണ് വിദേശികളുടെ പ്രതീക്ഷകളെ തകിടം മറിക്കുന്നത്. വിദേശികള്‍ക്ക് ടാക്‌സോ അവരയക്കുന്ന പണത്തിന് നികുതിയോ ഇല്ലെന്നു പറയുന്നുണ്ടെങ്കിലും വിവിധ മേഖലകളില്‍ തൊഴില്‍ സ്ഥാപനത്തിന് ഏര്‍പ്പെടുത്തിയ ഫീസുകള്‍ വിദേശികളെ ബാധിക്കുന്നതാണ്. വിദേശികളുടെ ആശ്രിതരില്‍ എണ്ണത്തിനനുസരിച്ച് ഫീസ് നല്‍കണമെന്ന വ്യവസ്ഥയും തിരിച്ചടിയാണ്.
രാജ്യത്ത് നടപ്പാക്കി കൊണ്ടിരിക്കുന്ന സ്വദേശിവത്കരണം ശക്തിപ്പെടുത്താനുള്ള അജണ്ടയാണ് വിവിധ രൂപത്തില്‍ ഫീസ് ഏര്‍പ്പെടുത്തിയതിനു പിന്നില്‍. സ്വദേശിവത്കരണത്തിന് ഇതുവരെ ഓരോ നിയമങ്ങളും കാര്യങ്ങളും പറഞ്ഞ് നടപ്പാക്കാനാണ് തൊഴില്‍ മന്ത്രാലയം ശ്രമിച്ചിരുന്നത്. എന്നാല്‍, വിവിധയിനങ്ങളില്‍ വിദേശികളുടെ പേരില്‍ കടുത്ത ഫീസുകള്‍ ഉയര്‍ത്തി തൊഴില്‍ നല്‍കുന്നവര്‍ക്ക് കനത്ത ബാധ്യത ഉണ്ടാക്കുകയും അതുമൂലം തൊഴിലുടമസ്ഥര്‍ സ്വമേധയാ വിദേശികളെ ഒഴിവാക്കുന്ന തരത്തിലാണ് പുതിയ ഫീസ് ഘടന ബജറ്റില്‍ ഇടം കൊടുത്തിരിക്കുന്നത്.
രാജ്യത്തിന്റെ സമ്പത്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എണ്ണയിതര വരുമാനം കുത്തനെ ഉയര്‍ത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് വിവിധ മേഖലകളില്‍ ഫീസ് വര്‍ധനവ്. വിദേശികളുടെ പേരില്‍ കമ്പനികളില്‍ നിന്നും കടുത്ത തോതില്‍ പണം ഈടാക്കാനുള്ള ഒരു മാര്‍ഗവുമാണിത്. സ്വദേശി തൊഴിലാളികളേക്കാള്‍ അധികം വിദേശികള്‍ക്കായി കമ്പനികള്‍ 2018 മുതല്‍ ഓരോരുത്തര്‍ക്കുമായി 400 റിയാല്‍ വീതം അടക്കണം. വിദേശികള്‍ 50 ശതമാനത്തില്‍ കുറവാണെങ്കില്‍ 300 റിയാലും ലെവി അടക്കണം.
2019ല്‍ വിദേശികള്‍ കൂടുതലുള്ള സ്ഥാപനങ്ങള്‍ ഒരാള്‍ക്ക് 600 റിയാല്‍ വീതവും വിദേശികള്‍ കുറവാണെങ്കില്‍ 500 റിയാല്‍ വീതവും അടക്കണം. മാത്രമല്ല, വിദേശികളുടെ ആശ്രിതര്‍ക്ക് 300 റിയാലും അടക്കേണ്ടി വരും. 2020ല്‍ ഇതേ പ്രകാരം തന്നെ വിദേശ തൊഴിലാളികള്‍ കൂടുതലുള്ളതിന് 800 റിയാലും കുറവാണെങ്കില്‍ 700 റിയാല്‍ വീതവും നല്‍കേണ്ടി വരും. ഇതു വഴി 65 ബില്യന്‍ റിയാലാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. കമ്പനികളുടെ മേല്‍ ഇത്തരത്തില്‍ ബാധ്യതകള്‍ ഏര്‍പ്പെടുത്തുന്നതുമൂലം നിര്‍ബന്ധിത സ്വദേശിവത്കരണവുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഭാരിച്ച ഫീസുകള്‍ ഒഴിവാക്കുന്നതിനായി കമ്പനികള്‍ നിര്‍ബന്ധപൂര്‍വം വിദേശികളെ ഒഴിവാക്കേണ്ടി വരും.
കൂടാതെ, വിദേശികളുടെ ആശ്രിതര്‍ക്ക് ലെവി (ഫീസ്) നല്‍കണമെന്ന വ്യവസ്ഥ കുടുംബവുമായി താമസിക്കുന്ന വിദേശികള്‍ക്ക് നേരിട്ട് ബാധിക്കുന്നതാണ്. തുടക്കത്തില്‍ 100 റിയാലാണ് കുടുംബാംഗങ്ങളില്‍ ഓരോരുത്തര്‍ക്കായി അടക്കേണ്ടത്. കൂടുതല്‍ അംഗങ്ങളുള്ള വിദേശികള്‍ക്ക് ഇത് കടുത്ത ബാധ്യതയായിരിക്കും വരുത്തിവയ്ക്കുക. അടുത്ത വര്‍ഷം രണ്ടാം പാദത്തോടെ നടപ്പാക്കുന്ന ഈ പദ്ധതിയോടെ 2018ല്‍ ഒരു ബില്യണ്‍ റിയാല്‍ വരുമാനമാണ് സര്‍ക്കാര്‍ ലക്ഷ്യം.
അതേസമയം, വിദേശികളുടെയോ സ്വദേശികളുടെയോ വരുമാനത്തിന് യാതൊരു നികുതിയും ഏര്‍പ്പെടുത്താന്‍ നിര്‍ദേശമൊന്നുമില്ലെന്ന് മന്ത്രി വ്യക്തമാക്കി. വിദേശികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിനുള്ള നികുതിയും പുതിയ ബജറ്റില്‍ നിര്‍ദേശമില്ലെന്നത് വിദേശികള്‍ക്ക് തെല്ലൊരാശ്വാസമാണ് നല്‍കുന്നത്.
ബജറ്റില്‍ പ്രഖ്യാപിച്ച കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ തുടങ്ങുന്നതോടെ സഊദിയാല്‍ നിന്നും വിദേശികളെ കൂട്ടത്തോടെ ഒഴിവാക്കി തുടങ്ങും. വന്‍കിട കമ്പനികളും കൂടുതല്‍ ലാഭം കൊയ്യുന്ന കമ്പനികളും സ്വദേശികളെ ലഭ്യമായിരുന്ന ചില മേഖലകളില്‍ ഇപ്പോഴും വിദേശികളെ വച്ചു തൊഴില്‍ നല്‍കുന്ന അവസ്ഥ അറിയാവുന്നതാണ് പുതിയ വ്യവസ്ഥ കൂട്ടിച്ചേര്‍ക്കാന്‍ സഊദി ഭരണകൂടത്തെ പ്രേരിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."