ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ വജ്രജൂബിലി സമാപനം കൊല്ലത്ത്
കൊല്ലം: കഴിഞ്ഞ ഫെബ്രുവരി 27ന് വളാഞ്ചേരിയില്‍ തുടക്കം കുറിച്ച ഒരുവര്‍ഷം നീണ്ടുനിന്ന ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ വജ്രജൂബിലി സമാപനം ജനുവരി 25, 26 തിയതികളില്‍ കൊല്ലത്ത് നടക്കും. ആശ്രാമം മൈതാനിയില്‍ നിന്നാരംഭിക്കുന്ന ഏക സിവില്‍കോഡ് വിരുദ്ധ ശരീഅത്ത് സംരക്ഷണറാലിയില്‍ ഒരുലക്ഷം പേര്‍ പങ്കെടുക്കും.
പീരങ്കി മൈതാനിയില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പേഴ്‌സനല്‍ ലോബോര്‍ഡ് ചെയര്‍മാന്‍ മൗലാനാ റാബിഅ് നദ്‌വി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുസ്‌ലിം ലീഗ് നിയമഭാ കക്ഷി നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, കെ.സി വേണുഗോപാല്‍ എം.പി, എം.എ യൂസഫലി, വിദേശപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
26ന് മന്നാനിയ്യാ ഉമറുല്‍ ഫാറൂഖ് റഈസുല്‍ ഉലമാനഗറില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ ജംഈയ്യത്തുല്‍ ഉലമാ, ജമാഅത്ത് ഫെഡറേഷന്‍, വിദ്യാഭ്യാസ ബോര്‍ഡ്, ലജനത്തുല്‍ മുഅല്ലിമീന്‍, യുവജന ഫെഡറേഷന്‍, വിദ്യാര്‍ഥി ഫെഡറേഷന്‍ പ്രവര്‍ത്തകരും ജമാഅത്ത് പ്രനിനിധികളും സംബന്ധിക്കും.
പ്രതിനിധി സമ്മേളനത്തില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കല്‍, അടുത്ത മൂന്നുവര്‍ഷത്തേയ്ക്കുള്ള പ്രവര്‍ത്തന രൂപരേഖയുടെ കരട് അംഗീകരിക്കല്‍ എന്നിവയും നടക്കും. ജനുവരി ഒന്ന് ഞായറാഴ്ച വജ്രജൂബിലി പതാകദിനമായി ആചരിക്കും. പച്ചപ്പട്ടില്‍ 'കഅ്ബ' എന്ന് ആലേഖനം ചെയ്യപ്പെട്ട പതാക എല്ലാ പള്ളി-മദ്‌റസാ-അറബിക് കോളജ് അങ്കണങ്ങളില്‍ ഉയര്‍ത്തുമെന്നും സ്വാഗതസംഘം ചെയര്‍മാന്‍ കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവിയും ജനറല്‍കണ്‍വീനര്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."