HOME
DETAILS

മണി രാജിവച്ചില്ലെങ്കില്‍ സി.പി.എം നാണംകെടും

  
backup
December 27 2016 | 19:12 PM

%e0%b4%ae%e0%b4%a3%e0%b4%bf-%e0%b4%b0%e0%b4%be%e0%b4%9c%e0%b4%bf%e0%b4%b5%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%86%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d

കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഒരു സര്‍ക്കാരും അഭിമുഖീകരിക്കാത്ത പ്രശ്‌നത്തിലാണ് പിണറായി നയിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ അകപ്പെട്ടിരിക്കുന്നത്. മന്ത്രിസഭയിലെ ഒരംഗം കൊലക്കേസില്‍ പ്രതിയായി വിചാരണ നേരിടുകയാണ്. ഇതിനുമുന്‍പ് ഒരിക്കലും ഇങ്ങനെയൊരു സംഭവം ഐക്യകേരളത്തിലോ അതിനപ്പുറത്തെ തിരുവിതാംകൂര്‍ നിയമസഭയിലോ തിരുക്കൊച്ചി നിയമസഭയിലോ ഉണ്ടായിട്ടില്ല.

മന്ത്രിമാര്‍ക്കെതിരേ ഇതിനുമുന്‍പും പല കേസുകളുമുണ്ടായിട്ടുണ്ട്. പല മന്ത്രിമാര്‍ക്കും കോടതിവിധിയെത്തുടര്‍ന്നു രാജിവയ്‌ക്കേണ്ടി വന്നിട്ടുമുണ്ട്. പക്ഷേ, ഒരു മന്ത്രിയും കൊലക്കേസില്‍ വിചാരണനേരിടേണ്ട സാഹചര്യമുണ്ടായിട്ടില്ല. സി.പി.എമ്മും പിണറായിയും എം.എം മണിയുമാണ് ആദ്യമായി അത്തരമൊരു സാഹചര്യം നേരിടാന്‍പോകുന്നത്.

ഈ സാഹചര്യം മുന്‍പേതന്നെ ഉണ്ടായിട്ടുള്ളതാണ്. മണിക്കെതിരേ ഈ കൊലക്കേസ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലംമുതല്‍ ഉണ്ട്. അതിന്മേല്‍ അന്വേഷണവും നടന്നു. ഇതുമായി ബന്ധപ്പെട്ട ജാമ്യഹരജി പരിഗണിക്കുന്ന സമയത്ത് മണി ഒരു മാസത്തോളം ജയിലിലും കഴിഞ്ഞു. കേസ് നിലവിലുള്ള വിവരം മന്ത്രിയാക്കുന്ന സമയത്ത് എല്ലാവര്‍ക്കും അറിയാമായിരുന്നു.

അന്നു സി.പി.എം വക്താക്കള്‍ പറഞ്ഞതു മണിയെ സുപ്രിംകോടതി കുറ്റവിമുക്തനാക്കിയിട്ടുണ്ടെന്നും ഇനി പ്രശ്‌നമൊന്നും ഇല്ലെന്നുമായിരുന്നു. കേസ് നിലനില്‍ക്കുന്നുവെന്നതു പകല്‍പോലെ വ്യക്തമായിരുന്നു. കേസില്‍നിന്നു കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് എം.എം മണി നല്‍കിയ വിടുതല്‍ ഹരജി വിചാരണക്കേടതിയുടെ പരിഗണനയിലുണ്ടായിരുന്നു. ഹരജിയില്‍ അനുകൂലവിധി ലഭിക്കുമെന്നാണ് അദ്ദേഹം കരുതിയിരുന്നത്.
അതു കോടതി തള്ളി. ഇപ്പോള്‍ അദ്ദേഹം പറയുന്നത് ഇതിനു മുകളിലും കോടതിയുണ്ടെന്നാണ്. എം.എം മണിക്കു മേല്‍ക്കോടതിയെ സമീപിക്കാം. എന്നാല്‍, മേല്‍ക്കോടതിയിലും ഇതേ വിധിതന്നെയുണ്ടായാല്‍ കാര്യം ബുദ്ധിമുട്ടിലാകും. പിന്നെ വിചാരണ നേരിടുകയല്ലാതെ മറ്റു വഴിയില്ല. കൊലപാതകംപോലെ വളരെ ഗുരുതരമായ കുറ്റമാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്. പ്രസംഗത്തിന്റെ പേരിലല്ല, കൊലപാതകത്തിനു 302 വകുപ്പനുസരിച്ചാണു കേസ്.

അതിന്റെ ന്യായാന്യായങ്ങള്‍ വിചാരണയിലൂടെയാണു തീരുമാനിക്കപ്പെടേണ്ടത്. അതുകൊണ്ടുതന്നെ വിടുതല്‍ ഹരജിയില്‍ കോടതി ഇടപെടാനുള്ള സാധ്യത വളരെ വിരളമാണ്. ഇതു ശരിക്കു മനസിലാക്കിയാണോ വിടുതല്‍ ഹരജി നല്‍കിയതെന്ന കാര്യത്തിലും സംശയമുണ്ട്. ഹരജി നല്‍കിയതുമൂലം പ്രതികൂലമായ വിധി ചോദിച്ചുവാങ്ങിയതിനു തുല്യമായി. കെ.എം മാണിക്കെതിരേ സംഭവിച്ചതുപോലെ. മാണി ആദ്യം കൊടുത്ത ഹരജിയില്‍ പ്രതികൂലമായ വിധിവന്നു. ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ അതിലും വലിയ പ്രഹരം ഏറ്റുവാങ്ങേണ്ടിവന്നു. അതേത്തുടര്‍ന്ന് അദ്ദേഹത്തിന് രാജിവയ്‌ക്കേണ്ടിയും വന്നു.

ഇവിടെയും സമാനസാഹചര്യത്തിലേയ്ക്കാണു പോകുന്നതെന്നു കരുതേണ്ടിവരും. ഹൈക്കോടതിയില്‍ ഹരജി നല്‍കിയാല്‍ വിധി എന്തായിരിക്കുമെന്നു പറയാന്‍ സാധിക്കില്ല. മാത്രവുമല്ല ഹൈക്കോടതി ക്രിസ്മസ് അവധിക്കായി അടച്ചിരിക്കുകയുമാണ്. ഇനി ജനുവരി മൂന്നിനാണു തുറക്കുക. അതുവരെ ഈ വിഷയം പുകഞ്ഞുനില്‍ക്കുകയും ചെയ്യും. ഹൈക്കോടതി സ്‌റ്റേ അനുവദിച്ചാല്‍ മണിക്കു മന്ത്രിയായി തുടരാന്‍ സാധിക്കുമെങ്കിലും ഡമോക്ലസിന്റെ വാളുപോലെ കേസ് തലയ്ക്കു മുകളിലുണ്ടാവും.

മണിയെ മന്ത്രിയാക്കുന്ന സമയത്ത് ഇതൊന്നും സി.പി.എം ആലോചിച്ചില്ല. ഇങ്ങനെ ഒരു വിധി വന്ന സാഹചര്യത്തില്‍ കേസ് വീണ്ടും ജനശ്രദ്ധയിലേയ്ക്കു വന്നിരിക്കുകയാണ്. എല്‍.ഡി.എഫിന്റെ മേന്മകൊണ്ടല്ല യു.ഡി.എഫിന്റെ ഭരണപരാജയത്താലാണു ജനം ഇടതുപക്ഷത്തെ തെരഞ്ഞെടുത്തത്. അതിലും വലിയ ജീര്‍ണത ഈ സര്‍ക്കാര്‍ കാണിച്ചാലതു വിശ്വാസവഞ്ചനയാണ്. രാഷ്ട്രീയധാര്‍മികതയെക്കുറിച്ച് എറ്റവും കൂടുതല്‍ ഊറ്റംകൊള്ളുന്നവരാണു സി.പി.എമ്മും ഇടതുപക്ഷവും. ഇതുപോലുള്ള കാര്യങ്ങളില്‍ മാതൃകാപരമായ തീരുമാനമാണ് ഇടതുപക്ഷം കൈക്കൊണ്ടിട്ടുള്ളത്. അതിനു നിരവധി ഉദാഹരണങ്ങളുണ്ട്.

1996-2001 ഇടതുപക്ഷം ഭരിക്കുന്ന കാലത്താണു നീലലോഹിതദാസന്‍ നാടാര്‍ക്കെതിരേ നളിനി നെറ്റോ പരാതി നല്‍കിയത്. പരാതി ലഭിച്ചു 24 മണിക്കൂറിനുള്ളില്‍ മുഖ്യമന്ത്രി നായനാര്‍ നാടാരുടെ രാജിയാവശ്യപ്പെട്ടു. മൂന്നാംനാള്‍ ജനതാദള്‍ സംസ്ഥാനകമ്മിറ്റി എറണാകുളത്തു ചേര്‍ന്നു നാടാരെക്കൊണ്ടു രാജിവയ്പ്പിക്കാന്‍ തീരുമാനിക്കുകയും പിന്‍ഗാമിയെ തെരഞ്ഞെടുക്കുകയും ചെയ്തു. വെറും നാലുദിവസംകൊണ്ടു പ്രശ്‌നം അവസാനിച്ചു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ചെയ്‌തോ, കേസെടുത്തോ, ശിക്ഷിച്ചോ എന്നീ ചോദ്യങ്ങള്‍ ഒന്നുമുണ്ടായില്ല. നയനാര്‍ ആവശ്യപ്പെട്ടു നീലന്‍ രാജിവച്ചു. അതോടെ ആവിഷയം ആറിത്തണുത്തു.

വി.എസ് മുഖ്യമന്ത്രിയായ സമയത്ത് സര്‍ക്കാര്‍ നൂറുദിവസങ്ങള്‍ പിന്നിടുന്നതിനു മുന്‍പ് പി.ജെ ജോസഫിന്റെ വിമാനവിവാദക്കേസുണ്ടായി. സംഭവവുമായി ബന്ധപ്പെട്ടു പരാതി ലഭിച്ചയുടന്‍തന്നെ വി.എസ് അന്ന് ഐ.ജിയായിരുന്ന ശ്രീലേഖയെ പരാതിയേല്‍പ്പിച്ച് അവര്‍ അന്വേഷിച്ചു കേസ് നിലനില്‍ക്കുമെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് ഉടന്‍തന്നെ വി.എസ് ജോസഫിന്റെ രാജി എഴുതി വാങ്ങി. ജോസഫിന്റെ പിന്‍ഗാമിയായിരുന്ന ടി.ജെ കുരുവിളയ്‌ക്കെതിരേ ഭുമിവിവാദം വന്നപ്പോഴും ഇതേ നടപടിതന്നെയായിരുന്നു വി.എസ് സ്വീകരിച്ചത്. കോടതി കുറ്റവിമുക്തനാക്കിയതോടെ ജോസഫ് വീണ്ടും മന്ത്രിയായി. ഇടതുപക്ഷം കാലങ്ങളായി അനുവര്‍ത്തിച്ചുപോന്നിരുന്ന രീതി ഇതാണ്.

അടുത്തകാലത്തു മന്ത്രിയായിരുന്ന ഇ.പി ജയരാജനെതിരേ പത്രവാര്‍ത്തകള്‍ വരികയും അതു നിഷേധിക്കാന്‍ പറ്റാത്ത സാഹചര്യത്തിലേയ്ക്കു ജയരാജന്‍ പോവുകയും ചെയ്തപ്പോള്‍ അദ്ദേഹത്തെ ന്യായികരിക്കാന്‍ പാര്‍ട്ടിയോ പ്രവര്‍ത്തകരോ മുന്നോട്ടു വന്നില്ല. ഒരാഴ്ച്ചക്കുള്ളില്‍ പാര്‍ട്ടി യോഗം ചേര്‍ന്നു ജയരാജന്‍ രാജിവച്ചു. പകരക്കാരനായി പാര്‍ട്ടിയില്‍ മികച്ച നേതാക്കന്മാരുണ്ടായിട്ടും കേസില്‍ പ്രതിയായ മണിയെയാണു തിരഞ്ഞെടുത്തത്.

ഇനി, ന്യായമായും സി.പി.എമ്മില്‍നിന്നു പ്രതീക്ഷിക്കാവുന്നതു മണിയുടെ രാജിയാണ്. സര്‍ക്കാരിനെ ബാധിക്കുന്ന ഒരു പ്രശ്‌നമാണ്. കൊലക്കേസില്‍ പ്രതിയായ ആള്‍ സ്റ്റേറ്റ് കാറില്‍ കോടതിയില്‍വന്നു പ്രതിക്കൂട്ടില്‍ നില്‍ക്കുകയും സ്റ്റേറ്റ് കാറില്‍ തിരികെപ്പോയി ഭരണചക്രം തിരിക്കുകയും ചെയ്യുകയെന്നതു സന്തോഷകരമായ കാര്യമല്ല. പാര്‍ട്ടിക്ക് വലിയ അപഖ്യാതിയുണ്ടാക്കും.

മണിതന്നെ കഴിഞ്ഞ ദിവസം പറഞ്ഞു, യു.ഡി.എഫിന്റെ കാലത്ത് പല മന്ത്രിമാരും അഴിമതിയും ലൈംഗികാരോപണവും കാരണം രാജിവച്ചതെന്ന്. അഴിമതിയേക്കാളും മറ്റും വലിയ കുറ്റമാണു കൊലപാതകം. കൊന്നുവെന്നു മണി ജനങ്ങളുടെ മുന്‍പില്‍ തുറന്നുപറഞ്ഞതാണ്. മണിയുടെ രാജി വൈകുന്നത് ജനങ്ങളെ വെറുപ്പിക്കുന്ന അവസ്ഥയിലേയ്ക്കായിരിക്കും എത്തുക.

ഇതുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി ഒന്നും പറഞ്ഞിട്ടില്ല. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പറഞ്ഞത് മണി തുടരുന്നതില്‍ കുഴപ്പമില്ലെന്നാണ്. 1982 ല്‍ നടന്ന സംഭവമാണ്, കേസ് നിലനില്‍ക്കുമ്പോഴാണു മത്സരിച്ചു ജയിച്ചത്, നാമനിര്‍ദേശപത്രികയില്‍ കേസിനെപ്പറ്റി പറഞ്ഞിരുന്നു എന്നീ ന്യായങ്ങള്‍ ബാലിശമാണ്. നാമനിര്‍ദേശ പത്രികയില്‍ പറഞ്ഞതുകൊണ്ടു കുറ്റവിമുക്തനാകുന്നില്ല. ജസ്റ്റിസ് കമാല്‍പാഷ പറഞ്ഞപോലെ സീസറിന്റെ ഭാര്യ സംശയാതിതയായിരിക്കണം. മണി സംശയത്തിന്റെ നിഴലിലാണ്.

മുന്‍ സര്‍ക്കാരിനെതിരേ അദ്ദേഹം പറഞ്ഞ കാര്യം തെറ്റാണ്. അതിന് ആര്‍ ബാലകൃഷ്ണ പിള്ള യാണ് ഉദാഹരണം. അദ്ദേഹത്തിനെതിരായ ആരോപിക്കപ്പെട്ട സംഭവം നടക്കുന്നത് 82-87 കാലയളവില്‍ മന്ത്രിയായിരിക്കെയാണ്. ഇടമലയാര്‍, ഗ്രാഫൈറ്റ് എന്നിവയുമായി ബന്ധപ്പെട്ടു പിള്ള അവിഹിതമായി പണം സമ്പാദിച്ചുവെന്നായിരുന്നു കേസ്. 87ല്‍ ഇടതുപക്ഷം അധികാരത്തില്‍ വന്നപ്പോഴാണ് അന്വേഷണം നടക്കുന്നത്. കുറ്റപത്രം നല്‍കുന്ന സമയത്ത് 1995ല്‍ എ.കെ ആന്റണിയാണു മുഖ്യമന്ത്രി. കുറ്റപത്രംസമര്‍പ്പിച്ചയുടന്‍തന്നെ ആന്റണി ബാലകൃഷ്ണപിള്ളയില്‍നിന്നു രാജിക്കത്ത് എഴുതി വാങ്ങി.

കുഞ്ഞാലിക്കുട്ടി രാജിവയ്ക്കുന്ന സമയത്ത് എഫ്.ഐ.ആര്‍ പോലുമുണ്ടായിരുന്നില്ല, ഇന്നുമില്ല. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന മാണി രാജിവയ്ക്കുമ്പോഴും കുറ്റപത്രമുണ്ടായിരുന്നില്ല. മണിക്കെതിരെ കുറ്റപത്രമുണ്ട്. അദ്ദേഹം പ്രതിയാണ്. അങ്ങനെയുള്ള ഒരാള്‍ മന്ത്രി സ്ഥാനത്ത് തുടരുന്നത് സി.പി.എമ്മിനു ഭൂഷണമല്ല.

ജയരാജനെതിരേ ബന്ധു നിയമനം മാത്രമാണുള്ളത്. മണിക്കെതിരേ കൊലപാതകക്കേസാണ്. അങ്ങനെയൊരാള്‍ മന്ത്രിസ്ഥാനത്ത് തുടരുന്നതു നീതികരിക്കാവുന്നതല്ല. നിയമപരമായി കൊലക്കേസ് പ്രതിക്ക് മന്ത്രിയായിരിക്കുന്നതിന് തടസമില്ല. ശിക്ഷിക്കുന്നതുവരെ തുടരാം. എന്നാല്‍ ഇതൊക്കെ നമ്മള്‍ ബിഹാറിലും ജാര്‍ഖണ്ടിലുമൊക്കെയാണ് കേട്ടിട്ടുള്ളത്.Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."