പ്രവൃത്തി പൂര്‍ത്തിയാകും മുന്‍പേ കടിയങ്ങാട് പാലത്തിലൂടെ വാഹനങ്ങള്‍ ഓടിത്തുടങ്ങി
പേരാമ്പ്ര: പ്രവൃത്തി പൂര്‍ത്തിയാവും മുന്‍പേ പുതിയ കടിയങ്ങാട് പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തു. സംസ്ഥാന പാതയില്‍ കടിയങ്ങാട് ചെറുപുഴക്ക് കുറുകെ നിലവിലുണ്ടായിരുന്ന പാലം അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ഇവിടെ പുതിയ പാലം അനുവദിച്ചത്. 50.4 മീറ്റര്‍ നീളവും 14.02 മീറ്റര്‍ വീതിയിലും രണ്ട് റീച്ചുകളായി നിര്‍മിച്ച പാലത്തിന് 5.2 കോടി രൂപയാണ് അനുവദിച്ചത്.
പാലത്തിന്റെ ഇരുവശങ്ങളിലുമായി 200 മീറ്റര്‍ നീളത്തില്‍ അപ്രോച്ച് റോഡുമുണ്ട്. 2015 ഒക്ടോബറില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ഏറ്റെടുത്ത നിര്‍മാണ പ്രവൃത്തി അതിവേഗം അവസാന ഘട്ടത്തിലേക്ക് എത്തുകയായിരുന്നു. നിലവിലുള്ള റോഡില്‍ അനുഭവപ്പെടുന്ന യാത്രാക്ലേശമാണ് പുതിയ പാലം രാത്രിയാത്രക്കായി തുറന്നുകൊടുക്കാന്‍ അധികാരികളെ പ്രേരിപ്പിച്ചത്. പാലത്തിന്റെ അപ്രോച്ച് റോഡുകള്‍ പഴയ റോഡില്‍ കൂടിച്ചേരുന്ന ഭാഗങ്ങളില്‍ വീതി കുറഞ്ഞത് ഏറെ സമയം ഗതാഗത തടസത്തിനു കാരണമാവുന്നുണ്ട്. പുതിയ പാലത്തിന് വലിയൊരു ഉദ്ഘാടന മാമാങ്കം പ്രതീക്ഷിച്ചിരുക്കുന്നതിനിടയിലാണ് രാത്രികാല യാത്രക്ക് പാലം തുറന്നു കൊടുത്തത്.
അപ്രോച്ച് റോഡ് ടാറിങ് പ്രവൃത്തി മാത്രമാണ് ബാക്കിയുള്ളത്. കുറ്റ്യാടി ഉള്ള്യേരി സംസ്ഥാന പാതയില്‍ തിരക്കേറിയ ഭാഗമാണ് കടിയങ്ങാട് പാലം. തെക്കേടത്ത് കടവില്‍ നിന്നും കൊളക്കണ്ടം റോഡില്‍ നിന്നും സംസ്ഥാന പാതയിലേക്ക് എത്തുന്ന വാഹനങ്ങളുടെ തിരക്കും കുറ്റ്യാടി ഭാഗത്ത് നിന്നും പേരാമ്പ്ര ഭാഗത്ത് നിന്നും എത്തുന്ന വാഹനങ്ങളും കാരണം ഏറെ നേരത്തെ ഗതാഗത തടസം ഇവിടെ സൃഷ്ടിക്കുന്നുണ്ട്.
പ്രവൃത്തിമൂലം കൊളക്കണ്ടം റോഡില്‍ ഗതാഗത തടസംകാരണം പ്രദേശവാസികള്‍ ഏറെ പ്രയാസപ്പെടുന്നു. പാലം വന്നതോടെ ഇരുഭാഗത്തും പ്രവര്‍ത്തിച്ചുവന്ന കച്ചവട സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും പാലത്തിന് താഴെയാണുള്ളത്.
ഇപ്പോള്‍ രാത്രികാലങ്ങളില്‍ പാലം തുറന്ന് കൊടുത്തത് കാരണം ദീര്‍ഘദൂര യാത്രക്ക് ഏറെ സഹായകരമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."