തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ സാമൂഹിക ഓഡിറ്റ്: ജില്ലയില്‍ മീനങ്ങാടി, തിരുനെല്ലി ഗ്രാമപഞ്ചായത്തുകളില്‍ നടത്തും
കല്‍പ്പറ്റ: സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും ഘട്ടം ഘട്ടമായി സാമൂഹിക ഓഡിറ്റ് നടത്തുന്നതിന്റെ ഭാഗമായി ജില്ലയില്‍ സാമൂഹിക ഓഡിറ്റ് ആരംഭിച്ചു. ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിന്റെ നിര്‍ദേശ പ്രകാരം ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ മൂന്നു വാര്‍ഡുകളിലാണ് തുടക്കത്തില്‍ സാമൂഹിക ഓഡിറ്റ് നടപ്പാക്കുന്നത്. തദ്ദേശ മിത്രം പദ്ധതിയുടെ നിര്‍വഹണ ഏജന്‍സി ആയ പ്രൊജക്ട് മാനേജ്‌മെന്റ് യൂനിറ്റ് ആണ് സംസ്ഥാനതലത്തില്‍ സാമൂഹിക ഓഡിറ്റ് പ്രക്രിയയുടെ പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇതു പ്രകാരം ജില്ലയിലെ മീനങ്ങാടി, തിരുനെല്ലി ഗ്രാമപഞ്ചായത്തുകളിലാണ് തുടക്കത്തില്‍ ഓഡിറ്റ് നടത്തുന്നത്. മീനങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അസൈനാര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ രണ്ടു ഗ്രാമപഞ്ചായത്തുകളിലെയും മൂന്നു വീതം വാര്‍ഡുകളില്‍ നിന്നും അഭിമുഖത്തിലൂടെ തെരഞ്ഞെടുത്ത 15 വില്ലേജ് സോഷ്യല്‍ ഓഡിറ്റര്‍മാര്‍ക്ക് സോഷ്യല്‍ ഓഡിറ്റ് പ്രക്രിയയുമായി ബന്ധപെട്ട് പരിശീലനം നല്‍കി.
സാമൂഹിക ഓഡിറ്റ് പ്രക്രിയ സംബന്ധിച്ച് തദ്ദേശ മിത്രം ജില്ലാ കോഡിനേറ്റര്‍ എന്‍.കെ ഷബീര്‍ വിശദീകരിച്ചു. അങ്കണവാടികളിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ശൈലജ കുമാരിയും തൊഴിലുറപ്പ് പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഓവര്‍സിയര്‍ പ്രസാദും ക്ലാസെടുത്തു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ്, തദ്ദേശ മിത്രം അഡീഷണല്‍ ജില്ലാ കോഡിനേറ്റര്‍ പിന്റോ തോമസ്, സാമൂഹിക ഓഡിറ്റ് റിസോഴ്‌സ് പേഴ്‌സണ്‍ റിനു ജോസ് എന്നിവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി സ്‌കറിയ പൗലോസ് സ്വാഗതവും ലസികേഷ് നന്ദിയും പറഞ്ഞു. തെരഞ്ഞെടുത്ത വാര്‍ഡുകളിലെ രണ്ടു വീതം അങ്കണവാടികളിലും പൂര്‍ത്തീകരിച്ചതും നടന്നുകൊണ്ടിരിക്കുന്നതുമായ രണ്ടു വീതം മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതികളിലുമാണ് പ്രാരംഭ ഘട്ടത്തില്‍ സാമൂഹിക ഓഡിറ്റ് നടത്തുന്നത്. പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു ഗുണഭോക്താക്കളെ നേരില്‍ കണ്ടു വിവരശേഖരണം നടത്തി അന്തിമ ഓഡിറ്റ് റിപ്പോര്‍ട്ട് ജനുവരി എട്ടിനകം സര്‍ക്കാരിന് സമര്‍പ്പിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."