എതിര്‍പ്പിനിടയില്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസ് രൂപീകരണവുമായി സര്‍ക്കാര്‍ മുന്നോട്ട്
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ജീവനക്കാരില്‍ നിന്ന് ശക്തമായ എതിര്‍പ്പുയരുന്നതിനിടയിലും കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വീസ് (കെ.എ.എസ്) രൂപീകരിക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ജീവനക്കാരുടെ ആശങ്ക പരിഹരിക്കാന്‍ അവരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും.
സെക്രട്ടേറിയറ്റ് ജീവനക്കാരുടെ എതിര്‍പ്പ് മന്ത്രിസഭായോഗത്തില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ മന്ത്രിസഭയുടെ മുന്‍തീരുമാനത്തില്‍ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചത്. സി.പി.ഐ അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷനും എതിര്‍പ്പുണ്ടെന്ന് പാര്‍ട്ടിയുടെ മന്ത്രിമാര്‍ പറഞ്ഞപ്പോള്‍ പരാതികള്‍ കേട്ട് കഴിയുന്നത്ര പ്രശ്‌നപരിഹാരമുണ്ടാക്കാന്‍ യോഗം വിളിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്ന് തീരുമാനത്തില്‍ പുനഃപരിശോധന വേണ്ടെന്ന് മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു. ജീവനക്കാരുമായുള്ള ചര്‍ച്ച അടുത്തയാഴ്ച നടക്കുമെന്ന് അറിയുന്നു. എന്നാല്‍ കെ.എ.എസ് രൂപീകരണത്തിനെതിരേ കോണ്‍ഗ്രസ് അനുകൂല സംഘടനകളായ സെക്രട്ടേറിയറ്റ് അസോസിയേഷനും കേരള ഫിനാന്‍സ് സെക്രട്ടേറിയറ്റ് അസോസിയേഷനും ഇന്നു പണിമുടക്കും. എല്‍.ഡി.എഫ് അധികാരമേറ്റ ശേഷം കോണ്‍ഗ്രസ് അനുകൂല സംഘടനകളില്‍പെട്ട ആയിരത്തിലേറെ ഉദ്യോഗസ്ഥരെ സെക്രട്ടേറിയറ്റിനു പുറത്തേക്ക് സ്ഥലം മാറ്റിയതിനാല്‍ ബാക്കിയുള്ളവര്‍ മാത്രമായിരിക്കും പണിമുടക്കുക. സെക്രട്ടേറിയറ്റിലെ ഇടതുപക്ഷ അനുകൂല സംഘടനകള്‍ക്കും കെ.എ.എസ് രൂപീകരണത്തോട് എതിര്‍പ്പുണ്ടെങ്കിലും അവര്‍ പണിമുടക്കില്ല. എന്നാല്‍ സി.പി.എം അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ ഇന്നലെ പ്രകടനം നടത്തുകയും സി.പി.ഐ അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്‍ ധര്‍ണ നടത്തുകയും ചെയ്തിരുന്നു.
കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസ് രൂപീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ഇന്നു സൂചനാപണിമുടക്കു നടത്തുമെന്നു ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസില്‍ (കെ.എ.എസ്) സെക്രട്ടേറിയറ്റിനെ കൊണ്ടുവരാനുള്ള എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഏകപക്ഷീയമായ നീക്കം കേരളത്തിന്റെ ഭാവി അവതാളത്തിലാക്കുന്നതാണ്. സെക്രട്ടേറിയറ്റില്‍ അഴിമതി സാര്‍വത്രികമാക്കാനെ ഈ തീരുമാനം ഉപകരിക്കൂവെന്ന് അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."