പെണ്‍കരുത്തിന്റെ ടീച്ചര്‍
കണ്ണൂര്‍: സി.പി.എമ്മിലെ കരുത്തുറ്റ സ്ത്രീശബ്ദമായ കെ.കെ ശൈലജ എന്ന ശൈലജ ടീച്ചര്‍ രാഷ്ട്രീയപ്രവര്‍ത്തന രംഗത്തെ വലിയ അനുഭവസമ്പത്തുമായാണു മന്ത്രിസ്ഥാനം ഏറ്റെടുക്കുന്നത്. രണ്ടുതവണ എം.എല്‍.എയായി ജനകീയ നേതാവായി പേരെടുത്ത ശൈലജയ്ക്കു മൂന്നാംവിജയത്തിലാണു മന്ത്രിപദവി ലഭിക്കുന്നത്. നഷ്ടപ്പെട്ട കൂത്തുപറമ്പ് മണ്ഡലം ഇക്കുറി ശൈലജയിലൂടെ തിരിച്ചുപിടിച്ചപ്പോള്‍ പാര്‍ട്ടിക്ക് അതു മധുരപ്രതികാരം കൂടിയായി. ഒരുവതവണ കൂത്തുപറമ്പില്‍ നിന്നും പിന്നീടു പേരാവൂരില്‍ നിന്നും നിയമസഭയിലെത്തി. ശിവപുരം ഹൈസ്‌കൂള്‍ അധ്യാപികയായിരിക്കെ 2004ല്‍ വോളന്ററി റിട്ടയര്‍മെന്റ് വാങ്ങി മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിനിറങ്ങിയ ശൈലജ നിലവില്‍ പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗമാണ്.
പരേതനായ കുട്ടന്‍ ശാന്ത ദമ്പതികളുടെ മകളാണ്. മട്ടന്നൂര്‍ പഴശ്ശിരാജ എന്‍.എസ്.എസ് കോളജില്‍ ബി.എസ്.സി ഫിസിക്‌സ് ബിരുദത്തിനു ശേഷം വിരാജ്‌പേട്ടയിലെ കോളജില്‍ നിന്നു ബി.എഡ് പഠനം പൂര്‍ത്തിയാക്കി. മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ സെക്രട്ടറിമാരില്‍ ഒരാളും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുന്ന ശൈലജ സ്ത്രീശബ്ദം മാസികയുടെ ചീഫ് എഡിറ്ററുമാണ്. മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ ഭാസ്‌കരന്‍ മാസ്റ്ററാണു ഭര്‍ത്താവ്. മക്കള്‍: ശോഭിത്ത് (എന്‍ജിനിയര്‍, ദുബൈ), ലസിത് (എന്‍ജിനിയര്‍, കിയാല്‍). മരുമക്കള്‍: സിഞ്ജു, മേഘ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."