ഹര്‍ത്താല്‍ ദിനത്തിലെ അക്രമം: നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
കാസര്‍കോട്: ഹര്‍ത്താല്‍ ദിനത്തില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടെയുണ്ടായ അക്രമ സംഭവവുമായി ബന്ധപ്പെട്ട് കാസര്‍കോട് ടൗണ്‍ പൊലിസ് നാലുകേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 16 ബി.ജെ.പി. പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. കാസര്‍കോട് പൊലിസ് സ്റ്റേഷനിലെ സിവില്‍ പൊലിസ് ഓഫിസര്‍ സജീവന് കളത്തിലി(42)നെ ചൂരിയില്‍ വച്ച് അക്രമിച്ചതിന് ഒരു സംഘത്തിനെതിരെ കേസെടുത്തിട്ടുണ്ട്. കാലിന് പരുക്കേറ്റ നീലേശ്വരം സ്വദേശി സജീവന് കാസര്‍കോട് ജനറല്‍ ആപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ചൂരിയിലെ കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. റോഡ് ഗതാഗതം തടസപ്പെടുത്തിയതിനും കറന്തക്കാട് വച്ച് വാഹനങ്ങള്‍ തടഞ്ഞതിനും സഹകരണ ബാങ്ക് കെട്ടിടത്തിന്റെ ഗ്ലാസ് തകര്‍ത്തതിനും എന്‍.ജി.ഒ. യൂനിയന്‍ പതാക നശിപ്പിച്ചതിനും തടയാന്‍ ശ്രമിച്ച പൊലീസിനെ അക്രമിക്കാന്‍ ശ്രമിച്ചതിനും കാസര്‍കോട് എസ്.ഐ അജിത്ത് കുമാറിന്റെ പരാതിയില്‍ 200 ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു. പുലിക്കുന്നിലെ മുഹമ്മദ് ഫൈസലി(24)നെ കോട്ടക്കണ്ണി റോഡില്‍ വച്ച് അക്രമിക്കുകയും ബൈക്ക് തകര്‍ക്കുകയും ചെയ്തതിന് അമ്പതോളം പേര്‍ക്കെതിരെയും പാറക്കട്ട എ.കെ.ജി. വായനശാലക്ക് നേരെയുണ്ടായ അക്രമത്തില്‍ സെക്രട്ടറി വിജയചന്ദ്രന്റെ പരാതിയില്‍ ഒരു സംഘത്തിനെതിരെയും കേസെടുത്തു. അക്രമത്തില്‍ വായനശാലയുടെ ഫര്‍ണിച്ചറും മറ്റും തകര്‍ത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."