പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍: ആവശ്യത്തിന് സ്റ്റാഫില്ലാത്തത് ആശുപത്രി പ്രവര്‍ത്തനത്തെ ബാധിക്കുന്നു
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ആവശ്യത്തിന് ജോലിക്കാരില്ലാത്തത് ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. ആശുപത്രിയുടെ സുഖകരമായ നടത്തിപ്പിന് ആവശ്യത്തിന് ജോലിക്കാരില്ലാത്തത് നിരവധിതവണ അധികാരികളുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടിയില്ലാതെ നീണ്ടുപോവുകയാണ്.
പുതുതായി പണികഴിപ്പിച്ച മാതൃ-ശിശു വാര്‍ഡ് പ്രവര്‍ത്തനക്ഷമതയിലെത്തിക്കുന്നതിനും പുതിയ സ്റ്റാഫുകള്‍ ആവശ്യമാണ്. പെരിന്തല്‍മണ്ണയില്‍ നിരവധി ആശുപത്രികളുണ്ടെങ്കിലും സാധാരണക്കാരായ ആയിരക്കണക്കിന് രോഗികള്‍ക്ക് സഹായമായ ആതുരായലമാണ് പെരിന്തല്‍മണ്ണ ജില്ലാശുപത്രി. ആശുപത്രിയില്‍ മതിയായ തസ്തികകള്‍ സൃഷ്ടിച്ചോ ആരോഗ്യകേരളം വഴിയോ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നാണ് ആവശ്യം. ജില്ലാ ആശുപത്രിയിലെ മാതൃശിശു ബ്ലോക്ക് ആറ് കോടിയോളം രൂപ ചിലവഴിച്ചാണ് നിര്‍മിച്ച് ഉദ്ഘാടനം ചെയ്തത്. പുതിയ കെട്ടിടത്തിലേക്ക് കുടിവെള്ളം കുളില്‍മല പദ്ധതി വഴി ലഭ്യമായിട്ടുണ്ട്. കൂടാതെ അടുത്തുതന്നെ വൈദ്യുതിയും ലഭ്യമാക്കും. അടിസ്ഥാനസൗകര്യം വരുന്നതോടുകൂടി മതിയായ സ്റ്റാഫിനെ നിയമിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ശ്രദ്ധ നല്‍കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുത്തു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഉമ്മര്‍ അറക്കല്‍, ഹാജറുമ്മടീച്ചര്‍, വി സുധാകരന്‍, മെമ്പര്‍മാരായ സലീം കുരുവമ്പലം, അഡ്വ. ടി റഷീദലി, ആശുപത്രി സുപ്രണ്ട് ഡോ. ഷാജി, എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."