രാത്രികാല ബസ് സര്‍വിസ് റദ്ദാക്കി; യാത്രക്കാര്‍ വലയുന്നു
പാലാ: കെ.എസ്.ആര്‍.ടി.സി പാലാ ഡിപ്പോയില്‍നിന്ന് കോട്ടയത്തേക്കു രാത്രി ഒന്‍പതിന് സര്‍വിസ് നടത്തിയിരുന്ന ബസ് റദ്ദാക്കിയതോടെ യാത്രക്കാര്‍ വലയുന്നു. കളക്ഷന്‍ കുറവാണെന്ന പേരിലാണ് ബസ് സമയം മാറ്റിയത്.
രാത്രി 8.45ന് പാലായില്‍നിന്ന് കുറുമുള്ളൂര്‍ക്കുള്ള ബസ് സര്‍വിസ് ഒന്‍പതുമണിയിലേക്കു മാറ്റി. ഈ സര്‍വിസാകട്ടെ വേണ്ടത്ര ജീവനക്കാരില്ലെന്നപേരില്‍ പല ദിവസവും മുടക്കുകയാണ്. വിവിധ സ്ഥലങ്ങളില്‍നിന്ന് പാലായിലെത്തുന്ന യാത്രക്കാര്‍ക്ക് കോട്ടയത്ത് പോകണമെങ്കില്‍ ഒന്നേകാല്‍ മണിക്കൂറിലേറെ ബസ് കാത്തുനില്‍ക്കേണ്ട ഗതികേടിലാണ്. മറ്റുചില സ്ഥലങ്ങളിലേക്കു നാമമാത്ര യാത്രക്കാരെയുമായി സര്‍വിസ് നടത്തി 'ജനസേവനം' നടത്തുമ്പോഴാണ് ഏറ്റവും തിരക്കേറിയ പാലാ-കോട്ടയം റൂട്ടില്‍ ബസിന്റെ സമയക്രമം മാറ്റി ഡിപ്പോ അധികൃതരുടെ ക്രൂരത.
പാലാ-കോട്ടയം റൂട്ടില്‍ രാത്രി 9.10നും 9.30നും 9.40നുമുണ്ടായിരുന്ന ബസ് സര്‍വിസുകള്‍ കളക്ഷന്‍ കുറവാണെന്ന പേരില്‍ നേരത്തെ നിര്‍ത്തലാക്കിയിരുന്നു. സര്‍വിസ് പുനരാരംഭിച്ചില്ലെങ്കില്‍ ബസ് തടയലുള്‍പ്പെടെയുള്ള സമരപരിപാടികള്‍ ആരംഭിക്കുമെന്നു യാത്രക്കാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."