പ്രഖ്യാപനത്തിലൊതുങ്ങി താലൂക്ക് ആശുപത്രി വികസനം
തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ആശുപത്രി ജനറല്‍ ആശുപത്രിയായി ഉയര്‍ത്തിയ പ്രഖ്യാപനത്തിന് ഒരു വര്‍ഷം തികഞ്ഞു. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയാക്കി ഉയര്‍ത്തിയതായി പ്രഖ്യാപനം നടത്തിയത്. എന്നാല്‍ പ്രഖ്യാപനത്തിന്റെ ഒന്നാം വാര്‍ഷികം കടന്നുപോകുമ്പോഴും ഇല്ലായ്മകളും വല്ലായ്മകളുമായി മുടന്തി നീങ്ങുകയാണ് താലൂക്ക് ആശുപത്രി.
അന്ന് ആശുപത്രി സന്ദര്‍ശിച്ച മന്ത്രി കെ.സി.ജോസഫിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചായിരുന്നു ജില്ലാ ആശുപത്രിയായി ഉയര്‍ത്തുന്നതിലൂടെ വിവിധ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളില്‍ രണ്ടിലധികം ഡോക്ടര്‍മാരുടെ സേവനം, നഴ്‌സിങ്ങ്. പാരാമെഡിക്കല്‍ ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കല്‍, ഡയാലിസിസ് സെന്റര്‍, മനോരോഗ വിഭാഗം ഉള്‍പ്പെടെ കൂടുതല്‍ വിഭാഗങ്ങള്‍ എന്നിവ കൂടാതെ അധുനിക കാഷ്വാലിറ്റി, ആക്‌സിഡന്റ് ട്രോമാകെയര്‍ സെന്റര്‍ തുടങ്ങിയ നിരവധി സൗകര്യങ്ങളുണ്ടാകുമെന്ന വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കൊതിപ്പിച്ചതല്ലാതെ യു.ഡി.എഫ് ഭരണകാലത്ത് യാതൊരു നടപടികളും സ്വീകരിച്ചില്ല.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റതോടെ ചെറിയൊരു പ്രതീക്ഷ കൈവന്നെങ്കിലും ജില്ലാ ആശുപത്രി ഉയര്‍ത്താനുള്ള സാധ്യതകളെ കുറിച്ച് യാതൊരു പഠനവും നടത്താതെയുളള തീരുമാനമായിരുന്നെന്നും എല്‍.ഡി.എഫ് സര്‍ക്കാരിനു മുന്നില്‍ ഇതുസംബന്ധിച്ച് നിര്‍ദ്ദേശങ്ങളൊന്നുമില്ലെന്നും എം.എല്‍.എ തന്നെ അടുത്തിടെ വ്യക്തമാക്കിയതോടെ പ്രഖ്യാപനം മണ്ണടിഞ്ഞ നിലയിലായി.
സംസ്ഥാനത്തെ ഏറ്റവും വലിയ താലൂക്ക് എന്ന ഖ്യാതിയുള്ള തളിപ്പറമ്പില്‍ ചികില്‍സാ സൗകര്യങ്ങള്‍ അപര്യാപ്തമായ മലയോര മേഖലകളില്‍ നിന്നുള്‍പ്പെടെ നിരവധി പേരാണ് ഇവിടെ ദിനംപ്രതി ചികില്‍സ തേടിയെത്തുന്നത്. ശരാശരി 1200 രോഗികളാണ് ഒപിയില്‍ ദിവസവും എത്തിച്ചേരുന്നത്.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ പ്രസവങ്ങള്‍ നടക്കുന്ന സര്‍ക്കാര്‍ ആശുപത്രികളിലൊന്നാണ് തളിപ്പറമ്പ്. ഒരു ബെഡില്‍ രണ്ട് രോഗികള്‍ വരെ കിടക്കേണ്ട നിലയും ഇവിടെ ഉണ്ടാകാറുണ്ട്. തളിപ്പറമ്പ് താലൂക്ക് ആശുപത്രിയുടെ വികസനത്തിന് പുതിയ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ ആരോഗ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജയിംസ്മാത്യു എം.എല്‍.എ പറയുന്നു. പ്രഖ്യാപനം നടത്തി എന്നതിനപ്പുറം യുഡിഎഫ് സര്‍ക്കാര്‍ അതിനു വേണ്ടി ആത്മാര്‍ത്ഥമായി യാതൊരു ശ്രമവും നടത്തിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെയും തലശ്ശേരി ജനറല്‍ ആശുപത്രിയുടേയും കാര്യത്തില്‍ ഉണ്ടായിട്ടുള്ളതുപോലെ ജനകീയ ഇടപെടലിലൂടെ ആശുപത്രിയുടെ വികസനത്തിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."