സി.ബി.എസ്.ഇ 10, 12 ക്ലാസ് പരീക്ഷാ തിയ്യതികള്‍ നീട്ടി; കേരളത്തില്‍ തുടര്‍പഠനം ആഗ്രഹിക്കുന്നവര്‍ക്ക് ആശങ്ക
ന്യൂഡല്‍ഹി: നിയസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കണ്ടറി എജ്യുക്കേഷന്റെ (സി.ബി.എസ്.ഇ) 10, 12 ക്ലാസ് വാര്‍ഷിക പരീക്ഷകളുടെ തീയ്യതികള്‍ നീട്ടി. മാര്‍ച്ച് ഒന്‍പതു മുതലായിരിക്കും പരീക്ഷകള്‍ നടക്കുക. ഇതോടെ ഫലം വൈകുമെന്ന ആശങ്കയിലാണ് വിദ്യാര്‍ഥികള്‍. ഫലം വൈകിയാല്‍ തുടര്‍പഠനം കേരളാ സിലബസില്‍ ആഗ്രഹിക്കുന്നവര്‍ക്ക് വന്‍ തിരിച്ചടിയാവും.
അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കുന്ന വോട്ടെടുപ്പ് മാര്‍ച്ച് എട്ടിനാണ് അവസാനിക്കുക. ഉത്തര്‍പ്രദേശിലും മണിപ്പൂരിലും അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്നത് മാര്‍ച്ച് എട്ടിനാണ്. അതുകഴിഞ്ഞയുടനെ പരീക്ഷ നടത്താനാണ് ബോര്‍ഡിന്റെ തീരുമാനം. സാധാരണ എല്ലാ വര്‍ഷങ്ങളിലും മാര്‍ച്ച് ഒന്നിനാണ് പരീക്ഷ തുടങ്ങാറുള്ളത്.
മാര്‍ച്ച് ഒന്നിനു തന്നെ പരീക്ഷ നടന്നാലും ഫലം പുറത്തുവരുമ്പോള്‍ കേരളാ സിലബസില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ സ്‌കൂളുകളില്‍ പകുതി അഡ്മിഷനെങ്കിലും കഴിഞ്ഞിരിക്കും. സി.ബി.എസ്.ഇ പഠിച്ച മിടുക്കരായ വിദ്യാര്‍ഥികള്‍ക്കു പോലും രണ്ടോ മൂന്നോ അലോട്‌മെന്റ് കഴിഞ്ഞാല്‍ മാത്രമാണ് അഡ്മിഷന് അവസരം ലഭിക്കുന്നത്.
എന്നാല്‍ വാര്‍ഷിക പരീക്ഷയുടെ ഫലം സാധാരണ പോലെത്തന്നെ പുറത്തുവിടുമെന്നും പരീക്ഷയില്‍ താമസം വരുന്നതിനാല്‍ ഫലം വൈകില്ലെന്നും സി.ബി.എസ്.ഇ പ്രസ്താവനയില്‍ പറഞ്ഞു.
16,67,573 കുട്ടികള്‍ എഴുതുന്ന പത്താം ക്ലാസ് പരീക്ഷ ഏപ്രില്‍ പത്തിന് അവസാനിക്കും. 10,98,420 വിദ്യാര്‍ഥികള്‍ എഴുതുന്ന 12-ാം ക്ലാസ് പരീക്ഷ ഏപ്രില്‍ 29 നും ആണ് അവസാനിക്കുക.
പരീക്ഷ കാലമായതിനാല്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് അതിനെ ബാധിക്കാത്ത വിധത്തിലാവണമെന്ന് സി.ബി.എസ്.ഇ അഭ്യര്‍ഥിച്ചിരുന്നു. തെരഞ്ഞെടുപ്പ് തിയ്യതികള്‍ പ്രഖ്യാപിക്കുന്നതിനു മുന്‍പു തന്നെ സി.ബി.എസ്.ഇ ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനു കത്തു നല്‍കിയിരുന്നു. എന്നാല്‍ പരീക്ഷാ കാലയളവില്‍ തന്നെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."