മുചുകുന്നില്‍ കെട്ടിടത്തിന്റെ ടെറസില്‍ സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി
കൊയിലാണ്ടി: മുചുകുന്ന് എസ്.എ.ആര്.ബി.ടി.എം കോളജിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന്റെ ടെറസില്‍ നിന്ന് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. എളമശ്ശേരി സുധീരന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ ടെറസില്‍ നിന്നാണ് മൂന്നു സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയോടെ ജോലിക്കെത്തിയവരാണ് രണ്ടു ബക്കറ്റിലെ മണലില്‍ കുഴിച്ചിട്ട നിലയില്‍ ബോംബുകള്‍ കണ്ടെത്തിയത്. ഒരു സ്റ്റീല്‍ ദണ്ഡും ഇതിനോടൊപ്പമുണ്ടായിരുന്നു.
ഉടന്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടി സി.ഐ ഉണ്ണികൃഷ്ണന്, എസ്.ഐ കെ. സുമിത്ത് കുമാര്‍, എ.എസ്.ഐ അശോകന് ചാലില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തി. തുടര്‍ന്ന് റൂറല്‍ ജില്ലാ ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ടെടുത്ത ബോംബുകള്‍ പഴക്കമുള്ളതാണെന്ന് പരിശോധനയ്ക്കു ശേഷം ബോംബ് സ്ക്വാഡ് അറിയിച്ചു. തുടര്‍ന്ന് കീഴരിയൂര്‍ എ.ആര് ക്യാംപിലെത്തിച്ച് ബോംബുകള്‍ നിര്‍വീര്യമാക്കി. ബോംബ് സ്ക്വാഡ് എസ്.ഐ എന്‍. അശോകന്, സി.പി.ഒമാരായ സുമീഷ്, ലാലു, സാദിഖ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ബോംബുകള്‍ നിര്‍വീര്യമാക്കിയത്. സംഭവമറിഞ്ഞ് വന്‍ ജനാവലിയാണ് സ്ഥലത്ത് തടിച്ചുകൂടിയത്. നേരത്തെ മുചുകുന്നിലെ ചില കേന്ദ്രങ്ങളില്‍ നിന്ന് ആയുധങ്ങളും കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."