ക്ഷേമപെന്‍ഷന്‍കാരെ വലയ്ക്കുന്നതിനെതിരേ ഒരുമിച്ചു ഭരണ-പ്രതിപക്ഷാംഗങ്ങള്‍
കൊല്ലം: ക്ഷേമപെന്‍ഷന്‍കാരെ വലയ്ക്കുന്നതിനെതിരേ കൗണ്‍സിലില്‍ ഭരണ പ്രതിപക്ഷഅംഗങ്ങള്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ഒറ്റക്കെട്ടായി. പുതിയ സര്‍ക്കാരിന്റെ നയപരിപാടികളുടെ ഭാഗമായി കൊണ്ടുവന്ന നടപടികള്‍ മൂലം നിലവില്‍ പെന്‍ഷന്‍ കിട്ടുന്നവര്‍ക്ക് പോലും പെന്‍ഷന്‍ തുക നിഷേധിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി എസ്.ആര്‍ ബിന്ദുവാണ് പൊതുചര്‍ച്ച തുടങ്ങിവച്ചത്. ഇതിന് പിന്നാലെ ഭരണപക്ഷത്തും പ്രതിപക്ഷത്തും നിന്നുള്ള മിക്ക അംഗങ്ങളും തങ്ങള്‍ക്ക് ഡിവിഷനില്‍ നേരിടുന്ന വിഷമങ്ങള്‍ തുറന്നടിച്ചു. തങ്ങളുടെ വീടുകളില്‍ പെന്‍ഷന്‍ നിഷേധിക്കപ്പെട്ട പാവങ്ങളുടെ ഒഴുക്കാണെന്നും എത്രയും വേഗം ഇതിന് പരിഹാരം കണ്ടെത്തണമെന്നുമായിരുന്നു പൊതുവെ ഉയര്‍ത്തിയ ആവശ്യം. ഇതിനൊടൊപ്പം തെരുവവ് വിളക്ക് പരിപാലനം ഏറ്റെടുത്തിരിക്കുന്ന കരാറുകാരന്‍ അങ്ങേയറ്റത്തെ അനസാഥയാണ് കാണിക്കുന്നതെന്നും ഫോണ്‍ വിളിച്ചാല്‍ എടുക്കാനുള്ള സാമാന്യമര്യാദ പോലും പാലിക്കുന്നില്ലെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
എല്‍.ഇ.ഡി വിളക്കുകള്‍ സ്ഥാപിക്കുന്ന പദ്ധതി ഇടതുപക്ഷ ഭരണകൂടം കൊട്ടിഘോഷിച്ച് നടപ്പാക്കിയിട്ടും ഡിവിഷനുകളില്‍ തെരുവ് വിളക്കുകള്‍ കത്താത്ത സ്ഥിതിയാണെന്ന് പ്രതിപക്ഷനേതാവ് എ.കെ ഹഫീസ് പറഞ്ഞു. ഓടകള്‍ അടഞ്ഞ് മാലിന്യം കുമിഞ്ഞുകൂടുകയും ദുര്‍ഗന്ധം വമിക്കുകയുമാണ്. കച്ചവടകേന്ദ്രങ്ങളില്‍ പോലും ഇതിന്റെ രൂക്ഷത അനുഭവപ്പെടുന്നു. കശാപ്പുശാലയുടെ മാലിന്യം അടിഞ്ഞുകൂടി തേവള്ളിയിലെ ജനങ്ങള്‍ അനുഭവിക്കുന്ന അസഹ്യമായ ദുര്‍ഗന്ധവും വിഷമതകളും കഴിഞ്ഞ ദിവസങ്ങളില്‍ അവിടെ പ്രചാരണത്തിന് പോയ മേയര്‍ക്കുതന്നെ ബോധ്യപ്പെട്ടില്ലേയെന്നും അദ്ദേഹം ചോദിച്ചു.
പൂമരം കൊണ്ടുണ്ടാക്കിയ കപ്പലുപോലെയാണ് എല്‍.ഡി.എഫിന്റെ ഭരണമെന്ന് ആര്‍.എസ്.പി അംഗം പ്രശാന്ത് പരിഹസിച്ചു. അഞ്ചാലുംമൂട് ജങ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിക്കാതായിട്ട് മൂന്ന് മാസം പിന്നിട്ടു. രേഖാമൂലം അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തവരാണ് ഭരിക്കുന്നവരെന്ന് അദ്ദേഹം ആരോപിച്ചു. തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നത് വൈകുന്നതായി ചൂണ്ടിക്കാട്ടിയ അജിത് ജനുവരിയില്‍ ഇത് നടപ്പാക്കിയേ പറ്റൂവെന്നും തൊഴില്‍ഉപകരണങ്ങള്‍ വാങ്ങിനല്‍കണമെന്നും പറഞ്ഞു.
മാലിന്യപ്രശ്‌നം രൂക്ഷമാണെന്നും അതിന് പരിഹാരം കാണണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. നാലാഴ്ചയായി തന്റെ ഡിവിഷനിലെ പൊതുടാപ്പുകളില്‍ നിന്നും മലിനജലമാണ് ലഭിക്കുന്നതെന്ന് പട്ടത്താനം കൗണ്‍സിലര്‍ ദീപ വെളിപ്പെടുത്തി. നാട്ടുകാരുടെ പരാതിയുമായി താന്‍ നേരിട്ട് ബന്ധപ്പെട്ടപ്പോള്‍ വാട്ടര്‍ അതോറിട്ടി പരിശോധിക്കുകയും പൈപ്പ് ലൈന്‍ പുനസ്ഥാപിക്കാതെ മാര്‍ഗമില്ലെന്നുമാണ് പറഞ്ഞത്. ഇതിന് അടിയന്തിരമായി പരിഹാരം കാണണമെന്നും ദീപ ആവശ്യപ്പട്ടു. തെരുവുവിളക്കുകള്‍ കൃത്യമായി പ്രകാശിപ്പിക്കാതെ മറ്റെന്തെല്ലാം നേട്ടമുണ്ടാക്കിയാലും കോര്‍പ്പറേഷന് ദുഷ്‌പേര് മാറില്ലെന്ന് സി.പി.എമ്മിലെ സഹദേവന്‍ ചൂണ്ടിക്കാട്ടി.
കോര്‍പ്പറേഷനിലെ പുതിയ പാലങ്ങളായ ഇരുമ്പ് പാലം, ബീച്ച് പാലം എന്നിവിടങ്ങളില്‍ ലൈറ്റ് സജ്ജമാക്കാതെ പരസ്യം സ്ഥാപിച്ച് കൊള്ളലാഭം കൊയ്യുന്ന കരാറുകാരനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സത്താര്‍ ആവശ്യപ്പെട്ടു.
തെരുവുവിളക്ക് പരിപാലനത്തിന്റെ കരാര്‍ കമ്പനിയുമായി ഇന്ന് വൈകിട്ട് നടക്കുന്ന ചര്‍ച്ച അവസാനത്തെതായിരിക്കുമെന്നും ഇത്തരത്തില്‍ വാഗ്ദാനലംഘനം ആവര്‍ത്തിച്ചാല്‍ ഇനി ഈ കരാറുകാരനുമായി മുന്നോട്ടുപോകില്ലെന്നും മേയര്‍ പറഞ്ഞു. രാവിലെ 11ന് വാട്ടര്‍ അതോറിട്ടി ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തി വരള്‍ച്ചയെ നേരിടാനുള്ള പദ്ധതിക്ക് രൂപം നല്‍കുമെന്ന് മേയര്‍ അറിയിച്ചു.
അര്‍ഹരായ എല്ലാവര്‍ക്കും പെന്‍ഷന്‍ കിട്ടാനായി കൗണ്‍സില്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. 2016-17 ബജറ്റിലേക്കുള്ള കൗണ്‍സിലര്‍മാരുടെ പ്രപ്പോസലുകള്‍ 16നകം സമര്‍പ്പിക്കണം. 13ന് തേവള്ളി ഡിവിഷന്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട ബി.ഷൈലജയുടെ സത്യപ്രതിജ്ഞക്ക് എല്ലാ അംഗങ്ങളുടെയും സാന്നിധ്യം ഉണ്ടാകണമെന്നും മേയര്‍ അഭ്യര്‍ത്ഥിച്ചു.
പൊതുചര്‍ച്ചയില്‍ അനില്‍കുമാര്‍, മീനാകുമാരി, മോഹന്‍, രാജലക്ഷ്മിചന്ദ്രന്‍, ബേബി സേവ്യര്‍, ഉദയാസുകുമാരന്‍, രാജേന്ദ്രന്‍, അഞ്ചുകൃഷ്ണന്‍, ഹണി, രാജഗോപാല്‍, നൗഷാദ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."