കര്‍ഷകര്‍ ഒത്തുപിടിച്ചു; ജലക്ഷാമം പരിഹരിക്കാന്‍ തടയണ തയാര്‍
ബദിയഡുക്ക: രൂക്ഷമാകുന്ന ജലക്ഷാമത്തെ അതിജീവിക്കാന്‍ സേവസന്നദ്ധതയുമായി കര്‍ഷകര്‍ തന്നെ രംഗത്തിറങ്ങിയതോടെ തടയണ യാഥാര്‍ഥ്യമായി. അഡ്ക്കസ്ഥല പുഴയില്‍ കാട്ടുകുക്കെ സമീപം കുത്താജെയിലാണു പ്രദേശവാസികളായ യുവാക്കളുടെയും പാരമ്പര്യ കര്‍ഷകരുടെയും കൂട്ടായ്മയില്‍ പഞ്ചായത്തിന്റെയോ മറ്റു സന്നദ്ധ സംഘടനകളുടെയോ സാമ്പത്തികസഹായമില്ലാതെ തടയണ നിര്‍മിച്ചത്.
വേനല്‍ക്കാലം രൂക്ഷമായി ജല സ്രോതസുകള്‍ വറ്റി വരണ്ടതോടെ കാര്‍ഷിക വിളകള്‍ പലതും കരിഞ്ഞു തുടങ്ങി. തുലാവര്‍ഷം പ്രതീക്ഷിച്ചതു പോലെ പെയ്യാതിരുന്നതും പുഴകളിലും മറ്റു കുടിവെള്ള സ്രോതസുകളിലും ജല ലഭ്യത കുറയാന്‍ കാരണമായി. ഈ സാഹചര്യത്തിലാണു പുഴക്കു കുറുകെ തല്‍ക്കാലിക തടയണ പണിതു ജലലഭ്യത ഉറപ്പു വരുത്താന്‍ എന്‍മകജെ പഞ്ചായത്തിലെ ഒരു കൂട്ടം കര്‍ഷകര്‍ തയറായത്.
തുലാ വര്‍ഷ ലഭ്യത കുറവായതിനാല്‍ നവംബര്‍ മാസത്തോടെ അഡ്ക്കസ്ഥല പുഴയില്‍ നിന്നു സമീപവാസികള്‍ക്കു കുടിവെള്ളമെത്തിച്ചിരുന്ന കുടിവെള്ള പദ്ധതിയില്‍ ജലലഭ്യത കുറയുകയും അതിലുപരി പുഴയുടെ ഇരു വശങ്ങളിലുമുള്ള കര്‍ഷിക വിളകള്‍ വെള്ളമില്ലാതെ വേനലില്‍ കരിഞ്ഞുണങ്ങുവാന്‍ തുടങ്ങിയതോടെയുമാണ് ഇവര്‍ തടയണയെ പറ്റി ആലോചിച്ചത്. ആരു പണിയും എന്ന ചോദ്യത്തിനു മുന്‍പില്‍ കര്‍ഷകരും യുവാക്കളും ഒത്തുചേര്‍ന്നു ദിവസങ്ങളുടെ പ്രയത്‌ന ഫലമായി താല്‍ക്കാലിക തടയണ നിര്‍മിച്ചു. ഇതോടെ പുഴയില്‍ അമ്പതോളം അടി ഉയരത്തില്‍ വെള്ളം കെട്ടി നില്‍ക്കുവാനും ഏകദേശം 300 ഏക്കര്‍ വിസ്തീര്‍ണത്തില്‍ പുഴയുടെ ഇരു വശത്തുള്ള കര്‍ഷകര്‍ക്കും സമീപത്തെ കുടിവെള്ള സ്രോതസുകളിലും ജലം ലഭിക്കാന്‍ തുടങ്ങിയെന്നും പരിസരവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു.
ജല ക്ഷാമം മുന്നില്‍ കണ്ടു സാമ്പത്തിക ലാഭം പ്രതീക്ഷിക്കാതെ തടയണ നിര്‍മാണത്തിനു മുന്നോട്ടിറങ്ങിയവരെ നാട്ടുകാര്‍ അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."