കേരളത്തില്‍ ഇക്കുറി ഒരു 'തരി'യും ഉണ്ടാകില്ലെന്ന് സര്‍വേ; തമിഴ്‌നാട് ഇന്‍ഡ്യ സഖ്യം തൂത്തുവാരും, കര്‍ണാടക കോണ്‍ഗ്രസിനൊപ്പം
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തരേന്ത്യയില്‍ എന്നത് പോലെ ദക്ഷിണേന്ത്യയിലും ഇക്കുറി ബി.ജെ.പിക്ക് തിരിച്ചടിയെന്ന് തെരഞ്ഞെടുപ്പ് പൂര്‍വ സര്‍വേ. പുതിയ സര്‍വേ പ്രകാരം കേരളത്തില്‍ 2019ലേതിന് സമാനമായ ഫലം ആകും ഉണ്ടായിരിക്കുകയെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ ആകെയുള്ള 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ 18 മുതല്‍ 20 വരെ സീറ്റുകളും യു.ഡി.എഫിനായിരിക്കുമെന്ന് ലോക് പോള്‍ സര്‍വേ പ്രവചിച്ചു. എല്‍.ഡി.എഫിന് രണ്ടുവരെ സീറ്റുകള്‍ ലഭിക്കുമെന്ന് പറയുന്ന സര്‍വേയില്‍ ബി.ജെ.പിക്ക് ഇക്കുറിയും അക്കൗണ്ടുകള്‍ തുറക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കി. ഓരോ ലോക്‌സഭാ മണ്ഡലത്തിലും 1,350 പേരെ വീതം കണ്ട് നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. 2019ലെ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ എ.എം ആരിഫ് ഒഴികെയുള്ള മുഴുവന്‍ ഇടത് സ്ഥാനാര്‍ഥികളും പരാജയപ്പെട്ടിരുന്നു. 20ല്‍ 19 സീറ്റും യു.ഡി.എഫിനാണ് ലഭിച്ചത്.
തമിഴ്‌നാട്
അതേസമയം തമിഴ്‌നാട് ഇന്‍ഡ്യ സഖ്യം തൂത്തുവാരുമെന്നും സര്‍വേ പ്രവചിക്കുന്നു. തമിഴ്‌നാട്ടില്‍ ആകെയുള്ള 39 സീറ്റുകളും ഡി.എം.കെ, കോണ്‍ഗ്രസ്, ഇടതുപക്ഷം, മുസ്ലിം ലീഗ് കക്ഷികള്‍ അടങ്ങിയ ഇന്‍ഡ്യ സഖ്യം നേടുമെന്നാണ് പ്രവചനം. 2019ല്‍ ഡി.എം.കെ 20 സീറ്റില്‍ മത്സരിച്ച് 20ലും വിജയിച്ചു. കോണ്‍ഗ്രസ്-9, സിപിഎം, സി.പി.ഐ-വിസികെ രണ്ട് സീറ്റ് വീതവും മുസ്ലിംലീഗ്, ഐജെകെ, കെഎംഡികെ, എംഡിഎംകെ എന്നിവര്‍ ഓരോ സീറ്റിലും വിജയിച്ചിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഖ്യംചേര്‍ന്ന് മത്സരിച്ച അണ്ണാ ഡി.എം.കെ ഒരിടത്ത് മാത്രമാണ് വിജയിച്ചത്. എന്നാല്‍ ഇക്കുറി അതും ഉണ്ടാകില്ലെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. എസ്.ഡി.പി.ഐ, മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ തുടങ്ങിയ കക്ഷികള്‍ ഇത്തവണ അണ്ണാ ഡി.എം.കെക്കൊപ്പമാണ്.
കര്‍ണാടക
2019ല്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞ കര്‍ണാടകയില്‍ ഇക്കുറി പാര്‍ട്ടി തിരിച്ചുവരുമെന്നും സര്‍വേയിലുണ്ട്. ആകെയുള്ള 28ല്‍ കോണ്‍ഗ്രസ് 15 മുതല്‍ 17 വരെ സീറ്റുകള്‍ നേടും. ബിജെപിയും ജെഡിഎസ്സും തമ്മിലുള്ള സഖ്യം 11- 13 സീറ്റുകളും നേടുമെന്നും സര്‍വേ പ്രവചിക്കുന്നു. 2019ലെ തെരഞ്ഞെടുപ്പില്‍ 25 മണ്ഡലങ്ങളിലും ബിജെപിയാണ് ജയിച്ചത്. കോണ്‍ഗ്രസ് ഒരിടത്തും ജെഡിഎസ് രണ്ടിടത്തും വിജയിച്ചു.
ഒഡീഷ
ഒഡീഷയില്‍ ആകെയുള്ള 21ല്‍ ബിജെപി 11 മുതല്‍ 13 വരെയും ഭരണകക്ഷിയായ ബിജെഡി ഏഴുമുതല്‍ ഒമ്പതും സീറ്റുകള്‍ സ്വന്തമാക്കുമെന്നും സര്‍വേ പറയുന്നു. കോണ്‍ഗ്രസ് ഒന്ന് മുതല്‍ രണ്ട് വരേയും സീറ്റുകള്‍ നേടും. ഒഡീഷയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായികിന്റെ ബിജുജനതാദളിന് 12ഉം ബി.ജെ.പിക്ക് എട്ടും കോണ്‍ഗ്രസിന് ഒരുസീറ്റും ആണ് ലഭിച്ചത്.
ഗുജറാത്ത്, രാജസ്ഥാന്‍
കഴിഞ്ഞതണ ബിജെപി തൂത്തുവാരിയ ഗുജറാത്തില്‍ ആകെയുള്ള 26 സീറ്റില്‍ കോണ്‍ഗ്രസ് മൂന്ന് മുതല്‍ അഞ്ച് വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചം. രാജസ്ഥാനെ കുറിച്ചുള്ള സര്‍വേയില്‍ ബി.ജെ.പിക്ക് 17 മുതല്‍ 19 വരെ സീറ്റുകള്‍ ലഭിക്കുമെന്നും കോണ്‍ഗ്രസിന് എട്ട് സീറ്റ് വരെയും നേടുമെന്നും പ്രവചിച്ചു. കഴിഞ്ഞതവണ ബിജെപി തത്തുവാരിയ സംസ്ഥാനമായിരുന്നു രാജസ്ഥാന്‍.
BJPയുടെ ആഭ്യന്തര സര്‍വേ
അതേസമയം, ബി.ജെ.പിക്ക് കേന്ദ്രഭരണം ഉറപ്പാക്കുന്ന ഉത്തരേന്ത്യയില്‍ ഇത്തവണത്തെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടി ലഭിച്ചേക്കുമെന്ന് പാര്‍ട്ടിയുടെ ആഭ്യന്തര സര്‍വേ പറഞ്ഞിരുന്നു. 2019ല്‍ മുഴുവന്‍ സീറ്റുകളും തൂത്തുവാരിയ രാജസ്ഥാനിലും ഹരിയാനയിലും ഇത്തവണ ബി.ജെ.പി തിരിച്ചടി നേരിടുമെന്ന് പാര്‍ട്ടി തന്നെ നടത്തിയ സര്‍വേയില്‍ പറയുന്നു.
ഹരിയാനയില്‍ ആകെ പത്ത് ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. ഇതില്‍ പത്തും കഴിഞ്ഞതവണ ബി.ജെ.പിക്കാണ് ലഭിച്ചത്. എന്നാല്‍ ഇത്തവണ പത്തുസീറ്റില്‍ അഞ്ചിലും ബി.ജെ.പി കനത്ത വെല്ലുവിളിയാണ് നേരിടുന്നത്. രോത്തക്, സോണിപത്, സിര്‍സ, ഹിസാര്‍, കര്‍ണൂല്‍ മണ്ഡലങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ വിജയം സുനിശ്ചിതമല്ലെന്ന് സര്‍വേ അഭിപ്രായപ്പെട്ടു.
രാജസ്ഥാനില്‍ ആകെ 25 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. എന്നാല്‍, 2019ലെ പൊതുതെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ് സംസ്ഥാനത്ത് ഭരണത്തിലുണ്ടായിരുന്നിട്ടും പൊതുതെരഞ്ഞെടുപ്പില്‍ 25 മണ്ഡലങ്ങളും ബി.ജെ.പിക്കൊപ്പം നിന്നു. ഇക്കുറി ഇതില്‍ ബാര്‍മര്‍, ചുരു, നഗൗര്‍, ദോസ, ടോങ്ക്, കരൗലി തുടങ്ങിയ മണ്ഡലങ്ങള്‍ ബി.ജെ.പി വിയര്‍ക്കുകയാണ്.
ഇത്തവണ ബി.ജെ.പി തനിച്ച് 370ലേറെ സീറ്റുകള്‍ നേടുമെന്ന് പാര്‍ട്ടി അവകാശവാദം ഉന്നയിച്ചുകൊണ്ടിരിക്കെയാണ് ആഭ്യന്തര സര്‍വേ പുറത്തുവരുന്നത്. ജാട്ടുകള്‍, രജ്പുത് സമുദായങ്ങളില്‍ ഒരുവിഭാഗം ബി.ജെ.പിക്ക് എതിരായതും സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകതകളുമാണ് പാര്‍ട്ടിക്ക് തിരിച്ചടിയാകുന്നതെന്നാണ് റിപ്പോര്‍ട്ട്.
രണ്ടുതവണ തുടര്‍ച്ചയായി ഭരിച്ചത് വഴിയുള്ള ഹരിയാനയില ഭരണവിരുദ്ധ വികാരം, കര്‍ഷകരുടെ രോഷം, ഗുസ്തിതാരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ ബി.ജെ.പി എം.പി ബ്രിജ് ഭൂഷണ്‍ സിങ്ങിനെ സംരക്ഷിച്ച പാര്‍ട്ടിയുടെ നിലപാട് തുടങ്ങിയവയെല്ലാമാണ് ഹരിയാനയില്‍ തിരിച്ചടിക്ക് കാരണമായത്. ഇന്ത്യയിലെ മുന്‍നിര ഗുസ്തിതാരങ്ങളില്‍ മിക്കവാറും ഹരിയാനയില്‍നിന്നുള്ളവരാണ്. ഗുസ്തി താരങ്ങളുടെ ആവശ്യങ്ങളോടുള്ള കേന്ദ്രസര്‍ക്കാരിന്റെ സമീപനത്തോട് നേരത്തെ തന്നെ ഹരിയാനയിലെ ബി.ജെ.പി ഘടകം രംഗത്തുവന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."