കോലം മാറാതെ ചക്കരക്കല്‍ ടൗണ്‍
ചക്കരക്കല്‍: ചക്കരക്കല്‍ ടൗണിലൂടെ വാഹനം ഓടിക്കാന്‍ പഠിച്ചാല്‍ ലോകത്തെവിടെയും വാഹനമോടിക്കാം. അതിശയോക്തിയായി തോന്നുമെങ്കിലും ചക്കരക്കല്ലിലെത്തിയാല് ഇക്കാര്യം സത്യമാണെന്ന് ബോധ്യമാകും.
വാഹനങ്ങള്‍ വരുന്നതു ഒന്നുനോക്കുക പോലും ചെയ്യാതെ തലങ്ങുംവിലങ്ങും റോഡിലിറങ്ങി നടക്കുന്ന യാത്രക്കാരും പൊട്ടിപ്പൊളിഞ്ഞ റോഡും കാരണം ചക്കരക്കല്‍ ടൗണിലൂടെ കടന്നുപോകാന്‍ ഓരോ ദിവസവും വാഹനങ്ങള്‍ പ്രയാസപ്പെടുന്ന അവസ്ഥയാണുള്ളത്. കാലങ്ങളായി ഇതേ നിലയിലുള്ള ചക്കരക്കല്ലില്‍ ഗതാഗത പരിഷ്കരണം നടത്തിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു.
ഇരുചക്രവാഹനങ്ങളും സ്വകാര്യ വാഹനങ്ങളും റോഡരികില്‍ നിര്‍ത്തിയിടുന്നതും ആശുപത്രിക്കു മുന്നില്‍ ബസ്സ്റ്റോപ്പില്‍ വാഹനങ്ങള്‍ അനധികൃതമായി നിര്‍ത്തിയിടുന്നതും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.
ഇതുമൂലം ആശുപത്രി റോഡില്‍ ഗതാഗതസ്തംഭനവും ബസ്സ്റ്റാന്‍ഡിലെ പ്രവേശനവഴിയില്‍ പാര്‍ക്കിങ് സംബന്ധിച്ച് തര്‍ക്കങ്ങളും പതിവാണ്.
ജങ്ഷനില്‍ നിന്നാരംഭിക്കുന്ന മുന്നുപെരിയ റോഡിന് ഡിവൈഡര്‍ നിര്‍മിക്കണമെന്ന ആവശ്യം വര്‍ഷങ്ങള്‍ക്കു മുമ്പ് ഉന്നയിച്ചതാണെങ്കിലും നടപടികളായിട്ടില്ല.
ഏറെക്കാലമായി മണല്‍ നിറച്ച വീപ്പയും ടയറുകളും റോഡിനു നടുവില്‍ സ്ഥാപിച്ചാണ് ഗതാഗതം ക്രമീകരിക്കുന്നത്. വാഹനങ്ങള്‍ തട്ടി ഇവ തെറിച്ചു വീഴുന്നതിനെത്തുടര്ന്നുണ്ടാകുന്ന അപകടങ്ങളും നിരവധിയാണ്.
കണ്ണൂര്‍ കൂത്തുപറമ്പ് റോഡുമായി ബന്ധിപ്പിക്കുന്ന ഈ റോഡില്‍ സീബ്രാലൈനുകളില്ല. ടൗണിലെ ഗതാഗത സ്തംഭനം ഇല്ലാതാക്കാന്‍ ശാസ്ത്രീയമായ നടപടികള്‍ വേണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."