കൊച്ചി തുറമുഖത്തിനു സമീപം മറ്റൊന്നിനു കൂടി പദ്ധതി
കൊച്ചി: കൊച്ചി തുറമുഖത്തിനു സമീപത്തായി മറ്റൊരു തുറമുഖം കൂടി നിര്‍മിക്കാന്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിനുപദ്ധതി. 3050 കോടി രൂപയാണ് പദ്ധതിയുടെ ചെലവായി കണക്കാക്കുന്നത്. വില്ലിങ്ടണ്‍ ഐലന്‍ഡില്‍10 കോടി രൂപ മുടക്കി സ്മാര്‍ട്‌സിറ്റിയും നിര്‍മിക്കും. ചരക്കുനീക്കം ഏകോപിപ്പിക്കാനും ഗതാഗതം കുറ്റമറ്റതാക്കാനും സ്മാര്‍ട്‌സിറ്റി ഉപകരിക്കുമെന്ന് പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ ഇന്‍ചാര്‍ജ് എ.വി രമണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പുതിയ തുറമുഖം നിര്‍മിക്കുന്നതിനുള്ള പഠനം പുരോഗമിക്കുകയാണ്. തുറമുഖത്തില്‍ എക്കല്‍ മണ്ണടിയുന്നതും കടല്‍ കയറുന്നതും തടയാന്‍ സഹായിക്കുന്നതിനു പുറമേ കൂടുതല്‍ ഭൂമി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ അന്തര്‍ദേശീയ ടെര്‍മിനല്‍ സ്ഥാപിക്കും. ടൂറിസ്റ്റുകളെ ആകര്‍ഷിപ്പിക്കുന്ന തരത്തില്‍ 25 കോടി മുതല്‍ മുടക്കിയാണ് ടെര്‍മിനല്‍ സ്ഥാപിക്കുന്നത്.
ചരക്കുനീക്കത്തില്‍ 2016-17 സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനി രണ്ടര മാസം ശേഷിക്കേ 23 മില്യണ്‍ ടണ്‍ എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ്. ഡിസംബര്‍ വരെ 22.10 മില്യണ്‍ ടണ്‍ ചരക്കുനീക്കം നടത്തിക്കഴിഞ്ഞു. 2015-16 വര്‍ഷത്തില്‍ 4.20 ലക്ഷം ടി.ഇ.യു കണ്ടെയ്‌നറുകള്‍ നീക്കം നടത്തി. ഈ സാമ്പത്തിക വര്‍ഷത്തില്‍ അഞ്ചു ലക്ഷം ടി.ഇ.യു കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണെന്നും അദ്ദേഹം പറഞ്ഞു.
2015ല്‍16.49 ടണ്‍ കോടി കാര്‍ഗോ കൈമാറ്റം നടത്തിയപ്പോള്‍ 2016ല്‍ 18.23 ടണ്‍ കോടിയായി വര്‍ധിച്ചു. രണ്ടു പുതിയ മെയിന്‍ലൈന്‍ സര്‍വിസുകള്‍ കൂടി എത്തിയത് കൊച്ചിയുടെ മുന്നേറ്റത്തിന് കരുത്താകുന്നുണ്ട്. ആറ് മെയിന്‍ലൈന്‍ സര്‍വിസുകളാണ് നിലവിലുള്ളത്. കിഴക്കനേഷ്യന്‍ രാജ്യങ്ങള്‍,ഗള്‍ഫ്,യൂറോപ്പ്, മെഡിറ്ററേനിയന്‍,അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളുമായി ഇവ കൊച്ചിയെ ബന്ധിപ്പിക്കുന്നു. കൂടുതല്‍ മെയിന്‍ സര്‍വീസുകളെ ആകര്‍ഷിക്കുന്നതിനു പുറമേ, തമിഴ്‌നാട്ടില്‍ നിന്നും മറ്റും കൂടുതല്‍ ചരക്കുകള്‍ കൊച്ചി മുഖേന കൈകാര്യം ചെയ്യാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."