സുനന്ദക്കുട്ടിക്ക് വേണ്ടി സക്കീനടീച്ചര്‍ എഴുതി
കണ്ണൂര്‍: കൊടുങ്ങല്ലൂര്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെത്തും വരെ അറബിഭാഷ കേട്ടിട്ടുപോലുമുണ്ടായിരുന്നില്ല സുനന്ദസുന്ദര്‍ എന്ന പെണ്‍കുട്ടി. പഌസ് വണ്ണിന് രണ്ടാംഭാഷ തെരഞ്ഞെടുക്കുന്നതില്‍ ആശയക്കുഴപ്പത്തിലായപ്പോള്‍ സുനന്ദയുടെ മനസില്‍ തെളിഞ്ഞത് അല്‍പദിവസം മുന്‍പ് മാത്രം പരിചയത്തിലായ പ്രിയപ്പെട്ട അധ്യാപിക സക്കീന ടീച്ചറുടെ മുഖം മാത്രം. ആശങ്ക പങ്കുവച്ചയുടന്‍ ടീച്ചര്‍ പറഞ്ഞു രണ്ടാംഭാഷ അറബിക് മതിയെന്ന്.
അങ്ങനെ ടീച്ചറുടെ ഉറപ്പിലും ശിക്ഷണത്തിലും സുനന്ദ അറബിഭാഷയുടെ ശക്തിയും സൗന്ദര്യവുമറിഞ്ഞു തുടങ്ങി.
അന്നുമുതല്‍ സക്കീന ടീച്ചര്‍ക്ക് ഒരു മോഹമുണ്ടായിരുന്നു. അറബിക്കില്‍ സുനന്ദയെ നാടറിയുന്ന കലാകാരിയാക്കണമെന്ന്. അത് കലോത്സവത്തിലായാലോ എന്ന ചിന്തയിലാണ് മറ്റ് ആറ് മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കൊപ്പം സുനന്ദയെയും അറബിക് ചിത്രീകരണ മത്സരത്തിന് ഒരുക്കിയത്. സുനന്ദയ്ക്കും കൂട്ടുകാരികള്‍ക്കും വേണ്ടി അറബി ചിത്രീകരണം തയാറാക്കിയതും ടീച്ചര്‍ തന്നെ. ഉപജില്ലയിലും റവന്യു ജില്ലയിലും എ ഗ്രേഡോടെ ലഭിച്ച ഒന്നാം സ്ഥാനം സംസ്ഥാന കലോത്സവത്തിലും സുനന്ദയും കൂട്ടുകാരികളും നിലനിര്‍ത്തിയപ്പോള്‍ സക്കീന ടീച്ചറുടെ കണ്ണില്‍ കടലോളം ആനന്ദം; അതിലേറെ അഭിമാനം. മദ്രസയില്‍ ഒന്നാംക്ലാസ് മുതല്‍ അറബിക് പഠിക്കുന്ന കുട്ടികളേക്കാള്‍ അനായാസമായാണ് സുനന്ദ ഭാഷ കൈകാര്യം ചെയ്യുന്നതെന്നു പറയുമ്പോള്‍ സുനന്ദയെ ചേര്‍ത്തുപിടിച്ചു കവിളിലൊരു മുത്തമിട്ടു സക്കീന ടീച്ചര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."