ജെല്ലിക്കെട്ട് നിരോധനം: ഇടപെടാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ജെല്ലിക്കെട്ട് നിരോധനത്തില്‍ കേന്ദ്രത്തിന് ഇടപെടാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. വിഷയത്തില്‍ ഇടപെട്ടാല്‍ അത് കോടതിയലക്ഷ്യമാകുമെന്നും നരേന്ദ്ര മോദി പറഞ്ഞു. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പനീര്‍സെല്‍വം പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മോദി നിലപാട് വ്യക്തമാക്കിയത്. സുപ്രിം കോടതി നിരോധനത്തിനെതിരേ കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കണമെന്നായിരുന്നു പനീര്‍ സെല്‍വത്തിന്റെ ആവശ്യം.
ജെല്ലിക്കെട്ട് നിരോധനം പിന്‍വലിക്കണമെന്നും മൃഗങ്ങളെ ക്രൂരവിനോദത്തിനിടയാക്കരുതെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിച്ച പീപ്പിള്‍സ് ഫോര്‍ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് ആനിമല്‍സ്(പെറ്റ) എന്ന സംഘടനയെ നിരോധിക്കണമെന്നും ആവശ്യപ്പെട്ട് ചൊവ്വാഴ്ചയാണ് വിദ്യാര്‍ഥികളും യുവാക്കളും തെരുവിലിറങ്ങിയത്. പ്രതിഷേധക്കാര്‍ ഇന്നലെ മറീന ബീച്ചില്‍ സംഘടിച്ചതോടെ സംസ്ഥാനം കണ്ട ഏറ്റവും വലിയ പ്രക്ഷോഭമായി മാറിയിട്ടുണ്ട് ഇത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കോളജ് വിദ്യാര്‍ഥികളും യുവാക്കളും തെരുവിലിറങ്ങിയതോടെ പ്രതിഷേധം ഇപ്പോഴും ശക്തമായി തുടരുകയാണ്. തമിഴ്നാട്ടിലെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും സിനിമാ പ്രവര്‍ത്തകരും സമരത്തിന് പിന്തുണയുമായി രംഗത്തുണ്ട്.
എന്നാല്‍ വരള്‍ച്ച നേരിടാന്‍ തമിഴ്നാടിന് എല്ലാ സഹായവും നല്‍കുമെന്നും കേന്ദ്ര സംഘം ഉടന്‍ തമിഴ്നാട് സന്ദര്‍ശിക്കുമെന്നും മോദി പനീര്‍സെല്‍വത്തെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."