പര്‍വതനിരയുടെ പനിനീരേ...
മൂന്നാര്‍, കാന്തല്ലൂര്‍, രാമക്കല്‍മേട്, വാഗമണ്‍, പൈനാവ്, പീരുമേട്, രാജമല, മീനുളി, മാട്ടുപെട്ടി, ഹില്‍ വ്യൂ പാര്‍ക്ക്, ആര്‍ച്ച് ഡാം, ഇരവികുളം നാഷനല്‍ പാര്‍ക്ക്, ദേവികുളം, കട്ടപ്പന, അടിമാലി, കണ്ണന്‍ ദേവന്‍ ഹില്‍സ്, കുളമാവ്, ചെറുതോണി, ശാന്തന്‍പാറ തുടങ്ങി ഒട്ടേറെ മനോഹര സ്ഥലങ്ങളുണ്ട് ഇവിടെ.
ഇടുക്കി ഡാം
മൂന്നു ഡാമുകള്‍ ചേര്‍ന്നതാണ് ഇടുക്കി ഡാം. ആര്‍ച്ച് ഡാം, കുളമാവ്, ചെറുതോണി ഡാമുകള്‍ കൂടിയുണ്ട്. ചെറുതോണി ഡാമിന്റെ ഷട്ടറുകളാണ് ആവശ്യം വന്നാല്‍ തുറക്കുക.
ഓണത്തിനും ക്രിസ്മസിനും മാത്രമേ പൊതുജനങ്ങള്‍ക്ക് ഡാമിലേക്കു പ്രവേശനമുള്ളൂ. അല്ലങ്കില്‍ തിരുവനന്തപുരത്തു നിന്നുള്ള പ്രത്യേക അനുമതി വേണം.
ദൂരെ നിന്നു നോക്കുമ്പോള്‍ ഒരു വില്ലുപോലെ വളഞ്ഞ് ഒരു നൂല്‍പാലം പോലെ തോന്നിക്കുന്നു ഡാം. ഒരു ഭാഗത്ത് അഗാധ ഗര്‍ത്തം. മറുഭാഗത്ത് മലനിരകള്‍ക്കിടയില്‍ നോക്കെത്താദൂരത്തോളം ഓളങ്ങളില്ലാതെ കെട്ടിനില്‍ക്കുന്ന ജലാശയം. ഇരു കരകളിലായി കുറവന്‍ മലയും കുറത്തി മലയും. സ്വദേശികളും വിദേശികളുമായി ധാരാളം സന്ദര്‍ശകര്‍ ദിവസവും ഇടുക്കിയില്‍ വന്നുപോകുന്നു. വലുപ്പത്തില്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആര്‍ച്ച് ഡാമാണിത്. ഏഷ്യയില്‍ ഒന്നാമത്തേതും. കുറവന്‍ മല, കുറത്തിമല എന്നീ രണ്ടു കുന്നുകള്‍ക്കിടയിലായി പെരിയാര്‍ നദിക്ക് കുറുകെയായാണു മനോഹരമായി രൂപകല്‍പന ചെയ്ത ഡാം പണിതിരിക്കുന്നത്.
റെസ്റ്റ് ഹൗസില്‍ താമസിക്കാം
ഡാമിനടുത്തു സര്‍ക്കാര്‍ റെസ്റ്റ് ഹൗസുകളുണ്ട്. പ്രത്യേക അനുമതിയോടു കൂടി യാത്രക്കാര്‍ക്ക് വളരെ കുറഞ്ഞ ചെലവില്‍ താമസിക്കാം. പി.ഡബ്ല്യു.ഡിയുടെയും കെ.എസ്.ഇ.ബിയുടെയും റെസ്റ്റ് ഹൗസുകളാണ് ഇവിടെ ഉള്ളത്. കുറഞ്ഞചെലവില്‍ ഭക്ഷണം കൂടെ ലഭിക്കും. ഹില്‍വ്യൂ പാര്‍ക്കിനടുത്താണ് റെസ്റ്റ് ഹൗസ്.
വാഗമണ്‍, പൈന്‍വാലി
ടൂറിസം മാപ്പില്‍ ഇടംനേടിയ വാഗമണ്‍ മൊട്ടക്കുന്ന് വിനോദസഞ്ചാരികളുടെ ഇഷ്ട പ്രദേശമാണ്. കേരളത്തിനു പുറമെ തമിഴ്‌നാട്, കര്‍ണാടക, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി വിനോദസഞ്ചാരികള്‍ മിക്ക ആഘോഷ ദിവസങ്ങളിലും വാഗമണ്ണിലെത്താറുണ്ട്. മിക്ക ടൂറിസ്റ്റുകളും ഒരു ദിവസം തങ്ങിയ ശേഷമാണു മടങ്ങുന്നത്. കേരളത്തിന്റെ സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നറിയപ്പെടുന്ന വാഗമണ്‍ മഴക്കാലത്തെ വരവേറ്റു കോട പുതച്ചുകഴിഞ്ഞു. ഒരു ശീ തീകരണ സംവിധാനത്തിനും നല്‍കാന്‍ കഴിയാത്ത വിധം അന്തരീക്ഷത്തെ തണുപ്പിച്ച ഈ പുതപ്പിന്റെ കീഴിലാണ് ഇപ്പോള്‍ പുല്‍ത്തകിടികളും കുഞ്ഞു വെള്ളച്ചാട്ടങ്ങളും. നാഷനല്‍ ജ്യോഗ്രഫിക്‌സ് ട്രാവലില്‍ ഉള്‍പ്പെടുത്തിയ പത്തു വിനോദകേന്ദ്രങ്ങളില്‍ ഒന്നായ വാഗമണ്ണിലേക്കു ആഘോഷ ദിവസങ്ങളില്‍ വിനോദസഞ്ചാരികളുടെ ഒഴുക്കായിരിക്കും.
കോട്ടയം, ഇടുക്കി ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്ന വാഗമണ്‍ സമുദ്രനിരപ്പില്‍ നിന്നു 1100 അടി മുകളിലാണു സ്ഥിതിചെയ്യുന്നത്. കൊടും ചൂടിലും താപനില 20 ഡിഗ്രയില്‍ കൂടുതല്‍ ഉയരാറില്ല. മൊട്ടക്കുന്നുകളും പൈന്‍മരക്കാടും തേയിലത്തോട്ടങ്ങളുമാണു വാഗമണ്ണിന്റെ ആകര്‍ഷണം. എണ്ണൂറു മീറ്റര്‍ ഉയരത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്ന150 വ്യത്യസ്ത ഇനം പൈന്‍മരങ്ങള്‍ ഇവിടെയുണ്ട്.
പൈന്‍ മരക്കാട്ടിലൂടെയുള്ള സഞ്ചാരം നല്ലൊരു അനുഭൂതിയാണ്. ഇവിടെ നിന്നു ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ സൂയിസൈഡ് പോയിന്റിലെത്താം. വാഗമണ്ണിനെ ചുറ്റിപ്പറ്റി അനവധി വിനോദസഞ്ചാര തീര്‍ഥാടന കേന്ദ്രങ്ങളാണു വളരുന്നത്. സഞ്ചാരികള്‍ക്കായി വാഗമണ്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ട്രക്കിങ്, സാഹസിക ജീപ്പ് യാത്ര, ബോട്ടുയാത്ര, സൈക്കിള്‍ സവാരി തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.
വാഗമണ്ണിലെ മലനിരകളും മൊട്ടക്കുന്നുകളും പൈന്‍മരത്തോട്ടങ്ങളും പൈന്‍വാലി വെള്ളച്ചാട്ടവും കുരിശുമല ആശ്രമവും സൂയിസൈഡ് പോയിന്റും ആണ് സഞ്ചാരികളുടെ മുഖ്യ ആകര്‍ഷണം. സിനിമക്കാരുടെ ഇഷ്ട ലൊക്കോഷന്‍ കൂടിയാണു വാഗമണ്‍.
ഹില്‍ വ്യൂ പാര്‍ക്ക്
മനോഹരമായി സജ്ജീകരിച്ച ഈ ഉദ്യാനം എട്ട് ഏക്കറിലായി പരുന്നുകിടക്കുന്നു. നടുവിലായി പ്രകൃതിദത്തമായി നിര്‍മിച്ച തടാകം. മാനുകളും കാട്ടുപോത്തുകളും ആനകളും താവളങ്ങളില്‍ യഥേഷ്ടം വിഹരിക്കുന്നതു കൗതുകകരമായ കാഴ്ചയാണ്. ഔഷധസസ്യങ്ങളുടെ ഒരു തോട്ടവും കുട്ടികളുടെ ആനന്ദവേള ഉല്ലാസപ്രദമാക്കുന്ന കളിസ്ഥലങ്ങളും ഇവിടെയുണ്ട്. ഇടുക്കി ആര്‍ച്ച് ഡാമിനും ചെറുതോണി ഡാമിനും അടുത്തായിട്ടാണ് ഹില്‍ വ്യൂ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. ഡാമിലെ ജലനിരപ്പിന്റെ 350 അടി ഉയരത്തിലാണ് പാര്‍ക്ക്. ഹില്‍ വ്യൂ പാര്‍ക്ക് സന്ദര്‍ശിക്കാതെ ഇടുക്കി സന്ദര്‍ശനം പൂര്‍ണമാവില്ല.
രാമക്കല്‍മേട്
ഇടുക്കിയില്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട കേന്ദ്രമാണ് രാമക്കല്‍മേട്. ചരിത്രപ്രാധാന്യമുള്ള ഒരു കുന്നിന്‍പ്രദേശമാണിത്. ഇവിടെയുള്ള കുറവന്റെയും കുറത്തിയുടെയും പ്രതിമകള്‍ സംഘകാലത്തിന്റെ ചരിത്രാവശിഷ്ടങ്ങളാണ്. 'രാമന്‍ കാല്‍ വച്ച ഇടം' എന്നാണ് രാമക്കല്‍മേട് എന്ന വാക്കിനര്‍ഥം.
സമുദ്രനിരപ്പില്‍ നിന്ന് 3500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന രാമക്കല്‍മേട് പശ്ചിമ ഘട്ടത്തിലാണു നിലകൊള്ളുന്നത്. ഇത്രയും ഉയരത്തില്‍ നിന്നു കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ഉപരിവീക്ഷണം ത്രസിപ്പിക്കുന്ന കാഴ്ചയാണ്.
പച്ചപുതച്ച പര്‍വതങ്ങളും തണുത്ത കാറ്റും ഹരിത താഴ്‌വരകളും സഞ്ചാരികളുടെ മനം കവരും. കനത്ത കാറ്റേല്‍ക്കുന്ന സ്ഥലമായതു കൊണ്ട് മുകളിലേക്കു കയറുമ്പോള്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."