ഹജ്ജ്: കേരളത്തില്‍ നറുക്കെടുപ്പില്ലാതെ 2366 പേര്‍ക്ക് അവസരം
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ തീര്‍ഥാടനത്തിന് പോകാന്‍ ഈ വര്‍ഷം 2366 പേര്‍ക്ക് നേരിട്ട് അവസരം.70 വയസിന് മുകളില്‍ പ്രായമുള്ളവരുടെ റിസര്‍വ് കാറ്റഗറിയില്‍ 1242 പേര്‍ക്കും മെഹ്‌റമില്ലാതെ 45 വയസ് കഴിഞ്ഞ 4 സ്ത്രീകള്‍ ഒന്നിച്ച് അപേക്ഷ നല്‍കിയതില്‍ 1124 പേരും ഉള്‍പ്പടെ 2366 പേര്‍ക്കാണ് നേരിട്ട് അവസരം ലഭിക്കുക. 45 വയസ് കഴിഞ്ഞ 4 സ്ത്രീകളെ ഉള്‍പ്പെടുത്തിയുള്ള അപേക്ഷകര്‍ക്കെല്ലാം നേരിട്ട് അവസരം നല്‍കാന്‍ തീരുമാനിച്ചതായുള്ള കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ സര്‍ക്കുലര്‍ കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ലഭിച്ചതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു. കേരളത്തില്‍ സ്ത്രീകള്‍ മാത്രമായി 281 കവറുകളിലായി 1124 അപേക്ഷകരാണുള്ളത്. അപേക്ഷിക്കുന്ന നാലുപേര്‍ തമ്മില്‍ എന്തെങ്കിലും തരത്തില്‍ ബന്ധം വേണമെന്ന് യാതൊരു നിബന്ധനയുമില്ലെന്നതാണ് പ്രത്യേകത. എന്നാല്‍ നാലു പേരില്‍ ഒരാള്‍ ഒഴിവായാല്‍ മറ്റുള്ളവരുടെയും യാത്ര റദ്ദാവും.
45 കഴിഞ്ഞ നാല് സ്ത്രീകള്‍ക്ക് പുരുഷ മെഹ്‌റമില്ലാതെ ഹജ്ജിന് അപേക്ഷ നല്‍കാമെന്ന് പുതിയ ഹജ്ജ് നയത്തിലാണ് ഉള്‍പ്പെടുത്തിയത്. മുന്‍വര്‍ഷങ്ങളില്‍ സ്ത്രീ തീര്‍ഥാടകര്‍ക്ക് രക്തബന്ധമുള്ള പുരുഷ മെഹ്‌റം നിര്‍ബന്ധമായിരുന്നു. പുതിയ നിബന്ധന ഉള്‍പ്പെടുത്തിയെങ്കിലും നേരിട്ട് അവസരം നല്‍കുന്നത് സംബന്ധിച്ച് അറിയിപ്പുണ്ടായിരുന്നില്ല. ഇന്നലെയാണ് കേന്ദ്രം ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ ഇറക്കിയത്. ഇവര്‍ക്കും 70 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും നേരിട്ട് അവസരം നല്‍കി ശേഷിക്കുന്നവരില്‍ നിന്ന് നറുക്കെടുപ്പ് നടത്താനാണ് നിര്‍ദേശം. ഇന്ത്യയില്‍ മെഹ്‌റമില്ലാതെ കൂടുതല്‍ സ്ത്രീകള്‍ യാത്രക്ക് അപേക്ഷിച്ചത് കേരളത്തിലാണ്.
ഹജ്ജിന് നേരിട്ട് അവസരം നല്‍കിയിരുന്ന തുടര്‍ച്ചയായ അഞ്ചാം വര്‍ഷക്കാര്‍ക്ക് പുതിയ ഹജ്ജ് നയപ്രകാരം അവസരമില്ല. എന്നാല്‍ ഇതു സംബന്ധിച്ച കേസുകള്‍ അടുത്ത ദിവസം സുപ്രിം കോടതിയുടെ പരിഗണനയില്‍ വരുന്നുണ്ട്. അതിനിടെ മെഹ്‌റമില്ലാതെ അപേക്ഷിക്കുന്നവര്‍ക്ക് നേരിട്ട് അവസരം നല്‍കുന്നത് വരും വര്‍ഷങ്ങളില്‍ ഈ രീതിയിലുള്ള അപേക്ഷകരുടെ എണ്ണം വര്‍ധിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."