ന്യൂനപക്ഷ കമ്മിഷന് അദാലത്ത്: 33 പരാതികള്‍ പരിഗണിച്ചു
കോഴിക്കോട്: ന്യൂനപക്ഷ കമ്മിഷന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ അദാലത്തില്‍ 33 പരാതികള്‍ പരിഗണിച്ചു. അഞ്ചു കേസുകള്‍ തീര്‍പ്പാക്കി. പൊലിസ് അതിക്രമം സംബന്ധിച്ച രണ്ടു കേസുകളില്‍ തെളിവെടുപ്പിനായി പൊലിസുകാര്‍ ഹാജരായെങ്കിലും പരാതിക്കാര്‍ എത്താത്തതിനാല്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി.
ജോലിക്കിടെയുണ്ടായ അപകടത്തെതുടര്‍ന്ന് സ്പെഷല്‍ ഡിസെബിലിറ്റി ലീവിന് അപേക്ഷിച്ചിട്ടും അനുവദിക്കാത്തതിനെതിരേ കലക്ടറേറ്റിലെ ജീവനക്കാരി നല്കിയ പരാതിയില്‍ കലക്ടറുടെ പ്രതിനിധി അടുത്ത സിറ്റിങ്ങില്‍ ഹാജരാകാന്‍ കമ്മിഷന് ഉത്തരവിട്ടു. ജോലിക്കിടെയല്ല പരുക്കു പറ്റിയതെന്നാണ് കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. ചെയര്മാന് റിട്ട. ജസ്റ്റിസ് പി.കെ ഹനീഫ, കമ്മിഷനംഗം അഡ്വ. ബിന്ദു എം. തോമസ് പങ്കെടുത്തു. കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ പരാതികളാണ് പരിഗണിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."