ജിഷ വധക്കേസ് സി.ബി.ഐക്ക് വിടണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ മുന്‍ അംഗം
കൊച്ചി: ജിഷ വധക്കേസ് സി.ബി.ഐക്കു വിടണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ മുന്‍ അംഗം കെ.വി. നിഷ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നിലവില്‍ പ്രതിയായ ഇതരസംസ്ഥാന തൊഴിലാളി അമീറുല്‍ ഇസ്ലാം യഥാര്‍ഥ പ്രതിയല്ല. യഥാര്‍ഥ പ്രതിയെ സംരക്ഷിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ അവതരിപ്പിച്ചയാളാണ് അമീറുല്‍. ജിഷയുടെ അമ്മ രാജേശ്വരിക്ക് കൊലപാതകം സംബന്ധിച്ച മുഴുവന്‍ രഹസ്യങ്ങളുമറിയാം. രഹസ്യങ്ങള്‍ ചോരാതിരിക്കാനാണ് വിധി വന്നിട്ടും പൊലിസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തുടക്കം മുതലേ കൊലപാതകം മൂടിവയ്ക്കാനാണ് പൊലിസ് ശ്രമിച്ചത്. സംഭവം പുറത്തറിഞ്ഞതിനു പിന്നാലെ നിരവധി കഥകളാണ് നാട്ടില്‍ പരന്നത്. ഇതൊന്നും കണക്കിലെടുക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയാറായില്ല. ജിഷയുടെ ബന്ധു ലൈലയ്ക്കും സംഭവം സംബന്ധിച്ച് വിവരങ്ങളറിയാം. സമീപപ്രദേശത്തെ പാറമടയില്‍ നടന്ന കൊലപാതകത്തിന് ദൃക്സാക്ഷിയായ താന്‍ കൊല്ലപ്പെടുമെന്ന് ജിഷ പറഞ്ഞതായി ലൈല തന്നോട് പറഞ്ഞിട്ടുണ്ടെന്നും നിഷ പറഞ്ഞു.
ജിഷയെ അമീറുലിനെ പോലൊരാള്‍ക്ക് ഒറ്റക്ക് ബലാത്സംഗം ചെയ്യാന്‍ കഴിയില്ല. അതിനാല്‍ സംഭവത്തിനു പിന്നില്‍ ഒന്നിലധികം പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്നും നിഷ ആരോപിച്ചു. തെളിവു നശിപ്പിക്കാനും പൊലിസ് ശ്രമിച്ചു. ഈ സാഹചര്യത്തില്‍ യഥാര്‍ഥ പ്രതിയെ പിടികൂടാന്‍ അന്വേഷണം സി.ബി.ഐക്കു വിടണമെന്നും നിഷ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."