തമിഴ് രാഷ്ട്രീയത്തില്‍ രജനീകാന്തിന് വെല്ലുവിളികളേറെ
ചെന്നൈ : രാഷ്ട്രീയ രംഗപ്രവേശം പ്രഖ്യാപിച്ച രജനികാന്തിനു മുന്നില്‍ വെല്ലുവിളികളേറെ. അണ്ണാ ഡി.എം.കെ. നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ജയലളിത, രോഗ ശയ്യയിലായ ഡി.എം.കെ നേതാവും രാഷ്ട്രീയ ഭീഷ്മാചാര്യനുമായ കരുണാനിധി എന്നിവരുടെ അസാന്നിധ്യം സൃഷ്ടിച്ച ശൂന്യത മുതലെടുക്കാനാണ് രജനീകാന്തിന്റെ നീക്കമെങ്കിലും അദ്ദേഹത്തിന്റെ മുന്‍പില്‍ ഒളിഞ്ഞിരിക്കുന്ന വെല്ലുവിളികള്‍ ഏറെയാണ്. മതത്തിനും, ജാതിക്കും, അതീതമായ രാഷ്ട്രീയമാണ് തന്റെ ലക്ഷ്യമെന്നാണ് രജനീകാന്ത് രാഷ്ട്രീയ രംഗപ്രവേശന സമയത്ത് പ്രഖ്യാപിച്ചതെങ്കിലും ഇത് ബി.ജെ.പിയുടെ നയത്തോട് സാദൃശ്യമുള്ളതാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി മത്സരിക്കില്ലെന്നു പ്രഖ്യാപിച്ച രജനീകാന്ത് 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും മത്സരിക്കുമെന്നാണ് പ്രഖ്യാപിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരിക്കുന്നത് ബി.ജെ.പിയെ സഹായിക്കാനാണെന്നാണ് രാഷ്ട്രീയ രംഗത്തുനിന്നുള്ള വിവരം.
കുരുക്ഷേത്ര യുദ്ധത്തിനിടെ ശ്രീ കൃഷ്ണന്‍ അര്‍ജുനനെ ഉപദേശിക്കുന്ന ശ്ലോകം ചൊല്ലിയാണ് രജനീകാന്ത് പ്രസംഗം തുടങ്ങിയെന്നതും ശ്രദ്ധേയമാണ്. രജനിയെ രാഷ്ട്രീയത്തില്‍ കൊണ്ടുവരുന്നതിനു പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശക്തമായ സമ്മര്‍ദമുണ്ടെന്നതും വ്യക്തമാണ്. ബി.ജെ.പി നേതാവ് ഗുരുമൂര്‍ത്തി, ഹിന്ദുമക്കള്‍ കക്ഷി നേതാവ് അര്‍ജുന്‍ സമ്പത്ത് എന്നിവര്‍ രജനീകാന്തിന്റെ രാഷ്ട്രീയ ഉപദേശകരായി പ്രവര്‍ത്തിക്കുകയാണെന്നും വാര്‍ത്തയുണ്ട്. ഇവര്‍ പലപ്പോഴും രജനീകാന്തിന്റെ വീട്ടിലെത്തിയിരുന്നു.
രജനീകാന്തിന്റെ വിശ്വാസം ആരാധകരുടെ പിന്തുണയിലാണ്. ഒരു ലക്ഷത്തോളം വരുന്ന ഫാന്‍സ് സംഘടനയാണ് രജനിക്ക് കരുത്ത് പകരുന്നത്. ഒരു ഫാന്‍സ് സംഘടനയില്‍ 25 ഓളം അംഗങ്ങളുണ്ട്. ഇവരെ ഉപയോഗപ്പെടുത്തി മറ്റൊരു എം.ജി.ആറിന്റെ പിറവിയിലേക്ക് രജനീകാന്തിനെ എത്തിക്കാന്‍ കഴിയുമെന്നാണ് ബി.ജെ.പി. നേതൃത്വം വിലയിരുത്തുന്നത്. തുടക്കത്തില്‍ രജനീകാന്തിന്റെ പാര്‍ട്ടിയുമായി അകലം പാലിക്കുന്ന ബി.ജെ.പി, ക്രമേണ അടുക്കാനാണ് തീരുമാനം. സ്വന്തമായി പാര്‍ട്ടി രൂപീകരിച്ച് തമിഴ്‌നാട്ടില്‍ അങ്ങോളമിങ്ങോളം സഞ്ചരിക്കാന്‍ രജനീകാന്തിന് കഴിയില്ലെന്ന് ബി.ജെ.പി വിരുദ്ധ രാഷ്ട്രീയ പാര്‍ട്ടികള്‍ പറയുന്നു. താന്‍ രൂപം നല്‍കിയ രാഷ്ട്രീയ പാര്‍ട്ടിക്ക് 3 വര്‍ഷത്തിനുള്ളില്‍ ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ രാഷ്ട്രീയം മതിയാക്കുമെന്നാണ് രജനിയുടെ പ്രഖ്യാപനം. ഇതും അദ്ദേഹത്തിന്റെ പാര്‍ട്ടി ബി.ജെ.പിയിലേക്ക് അടുക്കുമെന്നതിന്റെ സൂചനയാണ് നല്‍കുന്നതെന്നും സംശയമുണ്ട്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലൂടെ അണ്ണാ ഡി.എം.കെ ശിഥിലമാകുമെന്ന് കണക്കുകൂട്ടുന്ന ബി.ജെ.പി നേതൃത്വം, ഡി.എം.കെയും കോണ്‍ഗ്രസും സഖ്യത്തിലായതിനാല്‍ തമിഴ്മണ്ണില്‍ നിലനില്‍ക്കാന്‍ രജനിയുടെ സഹായം അനിവാര്യമാണെന്നാണ് കണക്കുകൂട്ടുന്നത്.
ഇത്രയുംകാലം തമിഴ്‌നാട്ടിലെ സങ്കീര്‍ണ്ണമായ രാഷ്ട്രീയ സംഭവവികാസങ്ങളില്‍ നിന്ന് മുഖം തിരിഞ്ഞു നിന്ന രജനീകാന്ത് പെട്ടെന്ന് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതിനു പിന്നിലും ദുരൂഹതയുണ്ട്. പൊതുവെ പണം ചെലവാക്കുന്നതില്‍ പിശുക്കു കാണിക്കാറുള്ള രജനീകാന്തിനു പാര്‍ട്ടി രൂപീകരണത്തിനും സംസ്ഥാനത്തുടനീളം പാര്‍ട്ടി ഓഫിസുകള്‍ സ്ഥാപിക്കുന്നതിനും പ്രവര്‍ത്തകരെ ഏകോപിപ്പിക്കുന്നതിനുംകോടികള്‍ ചെലവാക്കേണ്ടിവരും. ഈ തുകയെല്ലാം വഹിക്കാന്‍ ബി.ജെ.പി തയാറായിട്ടുണ്ടെന്നാണ് വിവരം.
ജല്ലിക്കെട്ട്, ശ്രീലങ്കന്‍ തമിഴ് പ്രശ്‌നം, കാവേരി- മുല്ലപ്പെരിയാര്‍ പ്രശ്‌നങ്ങള്‍, നീറ്റ് പരീക്ഷാ പ്രക്ഷോഭം, ഹൈഡ്രോ കാര്‍ബണ്‍ സമരം തുടങ്ങിയവയില്‍ നിന്നെല്ലാം മൗനം പാലിച്ച രജനീകാന്തിനു നേരെ കഴിഞ്ഞ ദിവസം മണ്ണിന്റെ മക്കള്‍ വാദം ഉയര്‍ത്തുന്ന പെരിയാര്‍ ദ്രാവിഡകഴകം, വിടുതലൈ സിറുത്തയ്കള്‍, തമിഴര്‍കക്ഷി, വാള്‍വ് ഉരിമൈകക്ഷി എന്നീ പാര്‍ട്ടികളില്‍ നിന്ന് ശക്തമായ എതിര്‍പ്പാണുണ്ടായത്.
തമിഴ്‌നാട് ഭരിക്കാനുള്ള കന്നടക്കാരനായ രജനീകാന്തിന്റെ ആഗ്രഹം സ്വപ്‌നം മാത്രമായിരിക്കുമെന്ന് തമിഴര്‍കക്ഷി നേതാവ് സീമാന്‍ പറഞ്ഞു. മലയാളിയായ എം.ജി.ആറും, കന്നടക്കാരിയായ ജയലളിതയും ഏറെക്കാലം ഭരിച്ച തമിഴകത്ത് രജനീകാന്തിനു ഈ നിലയിലെത്താന്‍ കഴിയുമോയെന്നതാണ് ചോദ്യം.
ദ്രാവിഡ പാര്‍ട്ടിയുടെ ഉരുക്കുകോട്ടയില്‍ നിന്ന് രജനീകാന്തിനെതിരേ ശക്തമായ എതിര്‍പ്പുണ്ടാകും. ബി.ജെ.പിയുടെ പ്രത്യക്ഷവും പരോക്ഷവുമായ പിന്തുണയോടെയാണ് രജനീകാന്ത് രാഷ്ട്രീയ പടയോട്ടത്തിനു ഇറങ്ങിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ.വി.എസ് ഇളങ്കോവന്‍ ആരോപിച്ചു.
വെബ്‌സൈറ്റ് നിലവില്‍ വന്നു; രജനി പ്രവര്‍ത്തനം തുടങ്ങി
ചെന്നൈ: രാഷ്ട്രീയ പ്രഖ്യാപനത്തിനു പിന്നാലെ സ്റ്റൈല്‍ മന്നന്‍ രജനികാന്ത് വെബ്‌സൈറ്റും തുറന്നു. rajinimandram.org എന്നാണ് വെബ്‌സൈറ്റ് തുറന്നത് തന്റെ ആരാധകരെ ഏകോപിപ്പിക്കുന്നതിനായിട്ടാണെന്ന് അദ്ദേഹം വ്യക്തമാക്കി.
വെബ്‌സൈറ്റ് തുറന്ന കാര്യം അദ്ദേഹം ട്വിറ്ററിലൂടെയാണ് അറിയിച്ചത്. അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കുറഞ്ഞ ദൈര്‍ഘ്യമുള്ള ഒരു വിഡിയോയും അപ്്‌ലോഡ് ചെയ്തിട്ടുണ്ട്. താന്‍ രാഷ്ട്രീയത്തില്‍ വന്നതും ആരാധകര്‍ക്ക് മുന്‍പിന്‍ തന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്തുകൊണ്ടുള്ളതാണ് വിഡിയോ. തന്നെ പിന്തുണച്ചവര്‍ക്കുള്ള നന്ദിയും അദ്ദേഹം വിഡിയോയില്‍ പറയുന്നുണ്ട്.
വെബ്‌സൈറ്റില്‍ പേരും മറ്റ് വിവരങ്ങളും രജിസ്റ്റര്‍ ചെയ്ത് അംഗത്വമെടുക്കാന്‍ രജനികാന്ത് ആരാധകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."