കാരുണ്യയില്‍ മരുന്ന് കാണാതായ സംഭവം: വിജിലന്‍സ് റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പ് പൂഴ്ത്തി
തിരുവനന്തപുരം: മെഡിക്കല്‍ സര്‍വിസ് കോര്‍പറേഷനില്‍ നിന്നും കാരുണ്യ ഫാര്‍മസിയിലേക്ക് വാങ്ങിയ മരുന്ന് കാണാതായ സംഭവത്തിലെ വിജിലന്‍സ് ദ്രുത പരിശോധനാ റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പ് പൂഴ്ത്തി. മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ക്കെതിരേയടക്കം നടപടിക്ക് ശുപാര്‍ശ ചെയ്ത റിപ്പോര്‍ട്ടാണ് പൂഴ്ത്തിയത്. അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ നവംബര്‍ പതിനാറിന് ആരോഗ്യവകുപ്പിന് കിട്ടിയെങ്കിലും തുടര്‍ നടപടികള്‍ എടുക്കാതെ പൂഴ്ത്തുകയായിരുന്നു.
ഹീമോഫിലിയ ഫാക്ടര്‍ ഒന്‍പത് ഇനത്തിലെ പെട്ട 11 കുപ്പി മരുന്നുകളാണ് 2015 ഏപ്രില്‍ ഒന്‍പതിന് മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷന്റെ എറണാകുളം ഡിപ്പോയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നതിനിടയില്‍ അടിച്ചു മാറ്റിയത്. മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷന്‍ ജനറല്‍ മാനേജരുടെ നിര്‍ദേശമനുസരിച്ച് 25 കുപ്പി മരുന്നാണ് കൊണ്ടു വന്നത്. വാര്‍ഷിക കണക്കെടുപ്പിലാണ് മരുന്ന് കാണാതായ വിവരം പുറത്തായത്. കാരുണ്യ ഫാര്‍മസി പര്‍ച്ചേസ് വിഭാഗം ഡെപ്യൂട്ടി മാനേജര്‍ സജിത്തിന്റെ നിര്‍ദേശ പ്രകാരം ഏതോ മെഡിക്കല്‍ ക്യാംപിലേക്ക് കൊടുക്കാനായി മരുന്ന് കൊണ്ടുപോയി എന്ന് സെയില്‍സ് ഡെപ്യൂട്ടി മാനേജര്‍ സാല്‍ജിയും വെയര്‍ ഹൗസ് അസിസ്റ്റന്റ് മാനേജര്‍ ഇന്‍ചാര്‍ജ് ഷേര്‍ളിയും വിജിലന്‍സിന് മൊഴി കൊടുത്തു. എന്നാല്‍ ഫയല്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ ഇത് വിജിലന്‍സിന് കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കരാര്‍ ജീവനക്കാരായ മൂവര്‍ക്കും വീഴ്ച പറ്റിയെന്ന് വിജിലന്‍സ് കണ്ടെത്തി. മൂവരില്‍ നിന്നുമായി മരുന്ന് വിലയായ 1,25,400 രൂപ ഈടാക്കാനാണ് അന്വേഷണം നടത്തിയതിനു ശേഷം വിജിലന്‍സ് ആരോഗ്യവകുപ്പിന് ശുപാര്‍ശ നല്‍കിയത്. ഇവരുടെ കരാര്‍ പുതുക്കരുതെന്നും ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി സെക്രട്ടറി രാജീവ് സദാനന്ദനോട് വിജിലന്‍സ് നിര്‍ദേശിച്ചിരുന്നു. കൂടാതെ മേല്‍നോട്ട പിഴവ് വരുത്തിയ ജനറല്‍ മാനേജരായ ഡോ.ദിലീപ് കുമാറിനെതിരേ വകുപ്പ് തല നടപടിക്കും ശുപാര്‍ശ ചെയ്തു.
മെഡിക്കല്‍ സര്‍വ്‌സ് കോര്‍പറേഷനില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഉദ്യോഗസ്ഥരെ കൊണ്ട് കൃത്യമായി ഓഡിറ്റിങ് നടത്തണമെന്നും കോര്‍പറേഷന്‍ വഴി വാങ്ങുന്ന മരുന്നുകളുടെ ഗുണനിലവാരം ഉറപ്പു വരുത്തണമെന്നും ശുപാര്‍ശയിലുണ്ടായിരുന്നു. കൂടാതെ വിവിധ യൂനിറ്റുകളിലേക്കുള്ള വിതരണം ശരിയായ രീതിയിലാണോ നടക്കുന്നതെന്നും ഉറപ്പു വരുത്തണമെന്നും കോര്‍പറേഷനില്‍ ഐ.എ.എസ് തലത്തിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് നല്‍കിയ ഈ വിജിലന്‍സ് റിപ്പോര്‍ട്ട് ഇതുവരെ വെളിച്ചം കണ്ടില്ല. ഫയല്‍ കണ്ടില്ലെന്ന് ആരോഗ്യ സെക്രട്ടറിയും, ഫയല്‍ എത്തിയിട്ടില്ലെന്ന് മന്ത്രിയുടെ ഓഫിസും പറയുന്നു. എന്നാല്‍ കഴിഞ്ഞ പതിനാറിന് റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പ് സ്വീകരിച്ചതായി വിജിലന്‍സ് ഉദ്യേഗസ്ഥന്‍ പറഞ്ഞു. അതേ സമയം, മരുന്ന് അടിച്ചു മാറ്റിയതിനു പിന്നില്‍ ഉന്നത ബന്ധമുണ്ടെന്നും അതിനാലാണ് വിജിലന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിയതെന്നുമാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."