പച്ചക്കറി വില കുതിക്കുന്നു
കോഴിക്കോട്: സംസ്ഥാനത്ത് പച്ചക്കറി വില കുത്തനെ കൂടി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത താപനിലയായതിനാല്‍ ഉത്പാദനത്തില്‍ വന്ന കുറവാണ് വില കൂടാന്‍ കാരണം.
രണ്ടാഴ്ച മുമ്പ് വരെ കിലോയ്ക്ക് 40 രൂപ വിലയുണ്ടായിരുന്ന വെണ്ടയ്ക്ക് ഇന്നലെ മൊത്തവ്യാപാരികള്‍ 60 രൂപയും ചില്ലറ വ്യാപാരികള്‍ 70 രൂപയുമാണ് ഈടാക്കുന്നത്. കിലോയ്ക്ക് 20 രൂപയായിരുന്ന ചെറിയുള്ളിക്ക് 30 രൂപയും, 15 രൂപയുണ്ടായിരുന്ന കക്കിരി 40 രൂപയ്ക്കുമാണ് വില്‍പ്പന നടത്തുന്നത്. 120 രൂപ മുതല്‍ വിലയുണ്ടായിരുന്ന വെളുത്തുള്ളിക്ക് ഇന്നലെ കിലോയ്ക്ക് 200 രൂപയാണ് വില. എളവന്‍ 18 രൂപയില്‍ നിന്ന് 30 രൂപയായും 15 രൂപയുണ്ടായിരുന്ന തക്കാളിക്ക് 25 രൂപയായും വര്‍ധിച്ചു. മുരിങ്ങാക്കായക്ക് 90 രൂപയാണ് വില. തക്കാളി വില കുറയാന്‍ സാധ്യതയില്ലെന്നാണ് വ്യാപാരികള്‍ നല്‍കുന്ന സൂചന. കര്‍ണാടകയില്‍ നിന്ന് തക്കാളിയുടെ വരവ് വന്‍തോതില്‍ കുറഞ്ഞിട്ടുണ്ട്. പെട്ടിക്ക് 550 രൂപയുള്ളത് 660 രൂപയായാണ് വര്‍ധിച്ചത്. വില ഓരോ ദിവസവും വര്‍ധിക്കുകയാണെന്നും, നോട്ട് നിരോധനവും ഒപ്പം വിലവര്‍ധനവും കച്ചവടത്തില്‍ കുറവുണ്ടായിട്ടുണ്ടെന്നും കച്ചവടക്കാര്‍ പറയുന്നു. രണ്ട് മാസത്തോളം ഈ നില തുടരുമെന്നാണ് വിലയിരുത്തല്‍.
അരി, പഞ്ചസാര വിലയും കൂടി
സുല്‍ത്താന്‍ ബത്തേരി: സാധാരണക്കാരന്റെ അടുക്കള ബജറ്റ് താളം തെറ്റിച്ച് അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നു. അരി, പഞ്ചസാര, വെളിച്ചെണ്ണ തുടങ്ങിയവയുടെ വിലയാണ് ദിനം പ്രതി വര്‍ധിക്കുന്നത്. രണ്ടുമാസത്തിനിടെ അരി വിലയില്‍ മാത്രം ഏഴു രൂപയുടെ വര്‍ധനവുണ്ടായി.
31 രൂപ ഉണ്ടായിരുന്ന ജയ അരിക്ക് 39 രൂപയാണ് ഇപ്പോള്‍ വില. 36 രൂപയുണ്ടായിരുന്ന പൊന്നിക്ക് 40 രൂപയായി. 33 രൂപയുണ്ടായിരുന്ന കുറുവക്ക് 37ഉം കുത്തരിയുടെ വില 32ല്‍ നിന്ന് 38 രൂപയായും ഉയര്‍ന്നു. പഞ്ചസാരയുടെ വില വര്‍ധനവാണ് സാധാരണക്കാരെ കൂടുതല്‍ വലയ്ക്കുന്നത്. 39 രൂപയായിരുന്ന പഞ്ചസാരക്ക് 42 രൂപയാണ് നിലവിലെ വില. ഇത് ഉള്‍പ്രദേശങ്ങളില്‍ 48 രൂപ വരേയാകുന്നുണ്ട്. 20 രൂപയുടെ വിലമാറ്റമാണ് വെളിച്ചെണ്ണക്കുണ്ടായത്.
സംസ്ഥാനത്തേക്ക് പ്രധാനമായും അരിയെത്തുന്ന കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളിലെ വരള്‍ച്ചയാണ് അരി വില ഗണ്യമായി വര്‍ധിക്കാന്‍ ഇടയാക്കിയതെന്നാണ് വ്യാപാരികള്‍ പറയുന്നത്. വരും ദിവസങ്ങളില്‍ വില ഇനിയും വര്‍ധിക്കാനിടയുണ്ടെന്നും ഇവര്‍ പറയുന്നു. വിലക്കയറ്റം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിപണിയില്‍ ഇടപെടണമെന്ന ആവശ്യം ശക്തമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."