ബിവറേജസിന്റെ മദ്യ വില്‍പന ശാലക്കെതിരേ നാട്ടുകാര്‍ രംഗത്ത്
മട്ടാഞ്ചേരി: ജനവാസ കേന്ദ്രമായ തോപ്പുംപടി സാന്തോം കോളനിയില്‍ ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ മദ്യ വില്‍പ്പന ശാല സ്ഥാപിച്ച നടപടിയില്‍ വ്യാപക പ്രതിഷേധം. കരുവേലിപ്പടി പോളക്കണ്ടം മാര്‍ക്കറ്റിന് സമീപം പ്രവര്‍ത്തിച്ചിരുന്ന മദ്യ വില്‍പന ശാലയാണ് ഇങ്ങോട്ട് മാറ്റി സ്ഥാപിച്ചത്. സാന്തോം കോളനിയുടെ മുന്‍ വശത്തുള്ള സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലാണ് മദ്യ വില്‍പനശാല പ്രവര്‍ത്തിക്കുന്നത്. സ്ത്രീകളും കുട്ടികളുമടക്കം സാധാരണക്കാര്‍ തിങ്ങി താമസിക്കുന്ന ഇവിടെ മദ്യ വില്‍പ്പന ശാല വരുന്നത് കടുത്ത അരക്ഷിതാവസ്ഥക്ക് ഇടയാക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഇന്നലെ വൈകിട്ട് മദ്യ കുപ്പികളുമായി വാഹനങ്ങള്‍ എത്തിയതോടെയാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം പ്രതിഷേധവുമായി എത്തിയത്. മദ്യ കുപ്പികള്‍ കെട്ടിടത്തിലേക്ക് കയറ്റിയെങ്കിലും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ല. മദ്യം വാങ്ങാന്‍ വന്നവരേയും നാട്ടുകാര്‍ തിരിച്ചയച്ചു. തോപ്പുംപടി എസ്.ഐ സി ബിനുവിന്റെ നേതൃത്വത്തില്‍ പൊലിസ് സംഘവും സ്ഥലത്തെത്തി. രാത്രി വൈകിയും നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. ജനവാസ മേഖലയില്‍ ഒരു കാരണവശാലും മദ്യ വില്‍പ്പന ശാല അനുവദിക്കില്ലന്ന് സ്ഥലത്തെത്തിയ കൗണ്‍സിലര്‍ കെ.ജെ പ്രകാശന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."