കെ.എസ്.ആര്‍.ടി.സിയുടെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാനാകില്ലെന്ന് സര്‍ക്കാര്‍
കൊച്ചി: കെ.എസ്.ആര്‍.ടി.സിയെ കഴിവിന്റെ പരമാവധി സഹായിച്ചെന്നും കൂടുതല്‍ ബാധ്യത ഏറ്റെടുക്കാനാകില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍, സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്നാണ് പെന്‍ഷന്‍ നല്‍കുന്നതെന്നും ഇതിന്റെ ബാധ്യതയില്‍നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്നും കെ.എസ്.ആര്‍.ടി.സി ഹൈക്കോടതിയെ ബോധിപ്പിച്ചു.
പെന്‍ഷന്‍ വിതരണം മുടങ്ങിയതിനെതിരേ ട്രാന്‍സ്‌പോര്‍ട്ട് റിട്ട. ഓഫിസേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹരജിയിലാണ് സര്‍ക്കാരും കെ.എസ്.ആര്‍.ടി.സിയും നിലപാട് വ്യക്തമാക്കിയത്. പെന്‍ഷന്‍ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുകയോ ഇതിനാവശ്യമായ ഫണ്ട് നല്‍കുകയോ വേണമെന്നാണ് ഹരജിയിലെ ആവശ്യം.
പെന്‍ഷന്‍ വിതരണത്തില്‍ സര്‍ക്കാരിന് നേരിട്ട് ബാധ്യതയില്ലെങ്കില്‍പോലും കോര്‍പറേഷനു പരമാവധി പിന്തുണ നല്‍കിയെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്നും ഗതാഗത വകുപ്പ് അഡിഷണല്‍ സെക്രട്ടറി എസ്. മാലതി നല്‍കിയ മറുപടി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. നിയമപരമായ ബാധ്യത ഇല്ലാതിരുന്നിട്ടും 1984 മുതല്‍ കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ നല്‍കുന്നു. ദൈനംദിന ചെലവുകള്‍ക്കുപുറമേ പെന്‍ഷന്‍ നല്‍കാനുള്ള തുക കണ്ടെത്താന്‍ കോര്‍പറേഷനു കഴിയുന്നില്ല. സംസ്ഥാനത്തെ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് വായ്പയെടുത്ത് കോര്‍പറേഷന്‍ കടക്കെണിയിലായി. പെന്‍ഷന്‍ നല്‍കാന്‍ പ്രതിമാസം 60 കോടി വേണം.
പെന്‍ഷന്‍ നല്‍കാനെടുത്ത വായ്പകളുടെ തിരിച്ചടവിനായി പ്രതിമാസം 88 കോടി കണ്ടെത്തണം. പരിതാപകരമായ സാമ്പത്തിക സ്ഥിതിയില്‍ ശമ്പളംപോലും നല്‍കാന്‍ കഴിയുന്നില്ല. പെന്‍ഷന്‍ നല്‍കാനായി പ്രതിമാസം 30 കോടി സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ജൂലൈ വരെയുള്ള പെന്‍ഷന്‍ നല്‍കി. ഇതില്‍ മെയ്, ജൂണ്‍ മാസങ്ങളില്‍ പകുതി പെന്‍ഷനാണ് നല്‍കിയതെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ആക്ട് പ്രകാരം കഴിഞ്ഞ ബജറ്റില്‍ പദ്ധതിയേതര വിഹിതമായി കെ.എസ്.ആര്‍.ടി.സിക്ക് 200 കോടി വകയിരുത്തിയിരുന്നു. കൂടാതെ ഏപ്രില്‍, മെയ് മാസങ്ങളിലായി പെന്‍ഷന്‍ നല്‍കാന്‍ 60 കോടി രൂപ നല്‍കി. ജില്ലാ സഹകരണ ബാങ്കില്‍നിന്ന് 100 കോടി വായ്പയെടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും ഇതു നടന്നില്ല. തുടര്‍ന്ന് 77 കോടി പെന്‍ഷനും ശമ്പളത്തിനുമായി നല്‍കി. ഈ നടപടിയൊക്കെ സ്വീകരിച്ചിട്ടും കെ.എസ്.ആര്‍.ടി.സിയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടില്ല. 33 കോടി മാത്രമാണ് ബജറ്റില്‍ വകയിരുത്തിയ തുകയില്‍ ബാക്കിയുണ്ടായിരുന്നത്. ഇതിനോടൊപ്പം 67 കോടികൂടി നല്‍കിയ സര്‍ക്കാര്‍ പെന്‍ഷന്‍ കുടിശ്ശിക നല്‍കാന്‍ നിര്‍ദേശിച്ചു. ഇതിനുപുറമെ ഓഗസ്റ്റിലെ പെന്‍ഷനും ശമ്പളവും നല്‍കാന്‍ 93 കോടി രൂപയും അനുവദിച്ചു. പാലക്കാട് ജില്ലാ സഹകരണ ബാങ്കില്‍നിന്ന് 130 കോടിയും പത്തനംതിട്ട ജില്ലാ സഹകരണ ബാങ്കില്‍നിന്ന് 40 കോടിയും വായ്പയെടുക്കാനും സര്‍ക്കാര്‍ അനുമതി നല്‍കി. സാമ്പത്തിക പ്രതിസന്ധി തരണംചെയ്യാന്‍ കെ.എസ്.ആര്‍.ടി.സിയെടുത്ത വായ്പകള്‍ പുനഃക്രമീകരിക്കുന്ന നടപടി നടന്നുവരുന്നു. ഇത് പൂര്‍ത്തിയായാല്‍ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."