ബാധ്യതയാവുന്ന ആനുകൂല്യം ഒഴിവാക്കണം
സാധാരണക്കാരന്റെ കാഴ്ചപ്പാടില്‍ പറഞ്ഞാല്‍, ഹജ്ജിനു പോവുന്ന ഹാജിമാര്‍ നേരിടുന്ന ധാരാളം പ്രയാസങ്ങളൊന്നും കാണാതെ സബ്‌സിഡി നല്‍കുന്നതാണ് ഏറ്റവും വലിയ പ്രതിസന്ധിയെന്നു രാജ്യം കരുതുന്നുവെങ്കില്‍, അതുമൂലം രാജ്യത്തിനു വലിയ പ്രയാസമനുഭവപ്പെടുന്നുണ്ടെങ്കില്‍ സബ്‌സിഡി ഒഴിവാക്കുന്നതാണു നല്ലത്. കാരണം, ഹജ്ജെന്ന മഹനീയ കര്‍മത്തിനു പോവുന്നവരെക്കൊണ്ട് നമ്മുടെ രാജ്യത്തിനു ബാധ്യത പാടില്ലല്ലോ.
ദൈവത്തിന്റെയടുക്കല്‍ സ്വീകാര്യമായ ഹജ്ജിന് ഹാജിമാര്‍ക്കു ലഭിക്കുന്ന സബ്‌സിഡി ആനുകൂല്യം കാരണമാവാന്‍ നമുക്ക് അവസരം സൃഷ്ടിക്കാതിരിക്കാം. ഇങ്ങനെയൊരു മറുചിന്തയും നമുക്ക് സബ്‌സിഡി നല്‍കുന്നതിനെക്കുറിച്ച് ഉണ്ടാകുന്നതു നല്ലതാണ്.
ഹജ്ജ് കര്‍മം സാമ്പത്തിക ബാധ്യതയില്ലാത്തവനും ആരോഗ്യമുള്ളവനുമാണു നിര്‍ബന്ധമെങ്കില്‍. ഹജ്ജിന് പോവുന്നവര്‍ക്ക് രാജ്യം സബ്‌സിഡി അനുവദിക്കുമ്പോള്‍ അതു സ്വീകരിക്കുന്നത് അനുവദനീയമല്ലായെങ്കില്‍ മുസ്്‌ലിംപണ്ഡിതസഭകള്‍ അത്തരം നീക്കം സ്വാഭാവികമായും എതിര്‍ക്കുമായിരുന്നു. മുസ്‌ലിംപക്ഷത്തെ എല്ലാ വിഭാഗത്തിലെയും മതനേതാക്കള്‍ അതിന്റെ അനുകൂല വശം മനസ്സിലാക്കിയതുകൊണ്ടാണു സബ്‌സിഡി സ്വീകരിക്കുന്നതില്‍ നിശബ്ദത പാലിച്ചതെന്നു മനസ്സിലാക്കണം. ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ പഠനം നടത്തി വിശ്വാസികളുടെ സംശയങ്ങള്‍ തീര്‍ക്കാന്‍ ഉതകുന്ന ക്ലാസുകള്‍ സംഘടിപ്പിക്കേണ്ടതുണ്ട്.
ഇന്ത്യയില്‍ ഹജ്ജ്‌സബ്‌സിഡിയെ ആശ്രയിക്കേണ്ടത് കൂടുതലായും പാവങ്ങളായതുകൊണ്ടു സബ്‌സിഡി ഒഴിവാക്കാതെ യാത്രാനിരക്കുകളിലെ പകല്‍ കൊള്ളകള്‍ അവസാനിപ്പിച്ച് ഹാജിമാരുടെ ദുരിതം തീര്‍ക്കാനുള്ള കൂടുതല്‍ സൗകര്യങ്ങളാണ് ഒരുക്കി നല്‍കേണ്ടതെന്ന ഒരുപാടു നല്ല അഭിപ്രായങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു.
ഹജ്ജ് സബ്‌സിഡി നല്‍കുന്നതുകൊണ്ടാണു രാജ്യത്തിന്റെ സാമ്പത്തികപ്രതിസന്ധി ഇത്രയും രൂക്ഷമായിപ്പോയതെന്നു തോന്നിപ്പോവുന്ന തരത്തിലുള്ളതാണു പല കോണുകളില്‍നിന്നുമുള്ള അഭിപ്രായ പ്രകടനങ്ങളില്‍നിന്നും മറ്റു നീക്കങ്ങളില്‍നിന്നും തോന്നിപ്പോവുന്നത്. അത്തരം നീക്കങ്ങള്‍ക്ക് മുന്നറിയിപ്പാവട്ടെ സുപ്രഭാതത്തിന്റെ കാംപയിനെന്നു ആശംസിക്കുന്നു.
അന്‍വര്‍ കണ്ണീരി,
അമ്മിനിക്കാട്
ഹജ്ജ് സബ്‌സിഡിയുടെ ആവശ്യമെന്ത്
ഇസ്‌ലാമിക പഞ്ചസ്തംബങ്ങളില്‍ അഞ്ചാമത്തേതായ ഹജ്ജ് നിര്‍വഹിക്കാന്‍ ശാരീരിക,സാമ്പത്തിക,യാത്രാസൗകര്യങ്ങള്‍ ഒത്തുചേരുകയെന്നതു നിബന്ധനയാണെന്നിരിക്കെ ഹജ്ജ് സബ്‌സിഡി അനാവശ്യമാണ്. കാലങ്ങളായി ഇതു മുതലെടുത്തു വര്‍ഗീയവിഷം ചീറ്റുന്നവര്‍ നമുക്കിടയിലുണ്ടെന്നിരിക്കെ, പാവനമായ കര്‍മം തെറ്റിദ്ധാരണ പരത്തുന്നരീതിയില്‍ കവലകളില്‍ ചര്‍ച്ചചെയ്യപ്പെടുന്നതും സബ്‌സിഡി നിര്‍ത്തലാക്കുന്നതോടെ ഒഴിവാക്കാം.
സുപ്രിംകോടതി വിധിയില്‍ പറഞ്ഞപോലെ ദരിദ്രരുടെ സാമൂഹികോന്നമനത്തിന് ആ തുക വിനിയോഗിക്കാന്‍ ഭരണാധികാരികള്‍ ഇച്ഛാശക്തി കാണിക്കട്ടെ. സമ്പത്തുളളവരെ സബ്‌സിഡി കൊടുത്തു ഹജ്ജ് ചെയ്യിക്കേണ്ടതില്ല. അല്ലാഹുവിന്റെ പ്രീതി കാംക്ഷിക്കുന്നവര്‍ ധനം ചെലവഴിക്കുന്നതില്‍ പിശുക്കു കാണിക്കില്ലല്ലോ. അതോടൊപ്പം എല്ലാ മതവിഭാഗങ്ങള്‍ക്കും രാജ്യത്തിനു പുറത്തുള്ള തീര്‍ഥാടനത്തിനു സബ്‌സിഡി അനുവദിക്കുന്നുണ്ടെന്ന കാര്യം എല്ലാവരിലുമെത്തിക്കാനും വിമാനക്കമ്പനികളുടെ പിടിച്ചുപറി അവസാനിപ്പിക്കാനും സുപ്രഭാതം തുടങ്ങിവച്ച ചര്‍ച്ച കാരണമാവട്ടെ.
അബ്ദുല്‍ അസീസ് ദാരിമി,
കരിങ്ങാരി
പ്രവാസികള്‍ വിമാനക്കമ്പനികളുടെ
നഷ്ടംനികത്താന്‍ വിധിക്കപ്പെട്ടവരോ
വീടുവയ്ക്കാന്‍ സഹായം, ഓപറേഷനു സഹായം, ഉത്സവഫണ്ട്, അവിടെ സഹായം, ഇവിടെ സഹായം എല്ലാറ്റിനും പ്രവാസി വേണം. വീട്ടുകാര്‍ക്ക് അഹങ്കരിക്കാനും നാട്ടുകാര്‍ക്ക് അസൂയപ്പെടാനും മക്കള്‍ക്ക് അടിച്ചുപൊളിക്കാനും അറബികള്‍ക്കു തെറിവിളിക്കാനും വിമാനക്കമ്പനികള്‍ക്കു നഷ്ടംനികത്താനും മരുന്നുകമ്പനിക്കു കരകയറാനും പ്രവാസിയുടെ പണം വേണം.
ഇത് വാട്‌സാപ്പില്‍ കണ്ട ഒരു സന്ദേശമാണ്. സുപ്രഭാതത്തില്‍ വരുന്ന ചര്‍ച്ച വായിച്ചപ്പോള്‍ ഇതില്‍ യാഥാര്‍ഥ്യമുള്ളതായി തോന്നി. കിലോമീറ്റര്‍ അടിസ്ഥാനപ്പെടുത്തിയാവണം യാത്രാനിരക്ക് എന്നൊരഭിപ്രായം വായിക്കാനിടയായി. ഇതൊരു നല്ല ഫോര്‍മുലയായി പരിഗണിക്കാവുന്നതാണ്. ഇപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ളതിനേക്കാള്‍ ഇരട്ടിയാണ് ഗള്‍ഫിലേയ്ക്കുള്ള വിമാനയാത്രാ നിരക്ക്. വിമാന കമ്പനികളുടെ നഷ്ടം നികത്തല്‍ പ്രവാസികള്‍ അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടാവരുത്.
സുപ്രഭാതം തുറന്നുകാട്ടിയ വസ്തുതകള്‍ ഈ വിലപ്പെട്ടപേജില്‍ മാത്രം ഒതുങ്ങിപ്പോകാന്‍ അനുവദിക്കരുത്. ഉത്തരവാദപ്പെട്ടവരെ ഉണര്‍ത്താനായാല്‍ സുപ്രഭാതത്തെ സ്‌നേഹിക്കുന്ന വായനക്കാര്‍ക്ക് അങ്ങേയറ്റത്തെ സന്തോഷമുണ്ടാവും. ഈ ഉദ്യമം വിജയം കാണട്ടേയെന്നു പ്രാര്‍ഥിക്കുന്നു.
സി.പി, ഉഖൈല്‍ അശ്അരി,
മഞ്ചേരി
വിമാനക്കൂലി മാനദണ്ഡം നിശ്ചയിക്കണം
കുറേക്കാലമായി നമ്മള്‍ ചര്‍ച്ചചെയ്യുന്ന വിഷയമാണു ഗള്‍ഫ്‌രാജ്യങ്ങളിലേയ്ക്കു വിമാനക്കമ്പനികള്‍ ഭീമമായ തുക ഈടാക്കുന്ന കാര്യം. ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പക്ഷേ, ക്രിയാത്മകമായ നടപടികള്‍ ഉത്തരവാദിത്വമുള്ള ആളുകള്‍ സ്വീകരിക്കുന്നില്ല. ഇവിടെ വ്യോമയാന വകുപ്പില്‍ നിന്നു നടപടിയുണ്ടാകുന്നില്ല. വിദേശക്കമ്പനികള്‍ ഈടാക്കുന്ന ഭീമമായ തുകയെ തടയാന്‍ വ്യോമയാന വകുപ്പിനു സാധിക്കാത്തതുകൊണ്ടു പ്രവാസികള്‍ വലിയ പ്രയാസങ്ങളാണ് അനുഭവിക്കുന്നത്.
ഒരു മാനദണ്ഡവുമില്ലാതെയാണു വിമാനക്കമ്പനികള്‍ യാത്രാക്കൂലി നിശ്ചയിക്കുന്നത്. അയാട്ട അഥവാ ഇന്റര്‍നാഷനല്‍ എയര്‍ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ നിര്‍ദേശപ്രകാരം! ഇരുന്നൂറ്റി മുപ്പതോളം വിമാനക്കമ്പനികള്‍ നൂറ്റിയമ്പതോളം രാജ്യങ്ങളില്‍ സര്‍വീസ് നടത്തുന്നുണ്ട്. ഈ സംഘടന ജനങ്ങള്‍ക്കു നല്‍കുന്ന വാഗ്ദാനം സുരക്ഷിതവും മിതമായ നിരക്കിലുളള യാത്രാ സൗകര്യങ്ങളുമാണ്.
ആ ദൗത്യമാണ് ഇവിടെ വിമാന കമ്പനികള്‍ ലംഘിക്കുന്നത്. അയാട്ട നിയമപ്രകാരം ഒരു യാത്രക്കാരന്റെ യാത്രാക്കൂലി നിശ്ചയിക്കുന്നതില്‍ പല ഘടകങ്ങളുമുണ്ട്. അതില്‍ ഒരേ ദൂരമുള്ള സ്ഥലങ്ങളിലേക്ക് തന്നെ വിവിധ തരം കൂലികളാണ് ഏര്‍പ്പെടുത്തുന്നത്. ഇത്തരം വിദേശ കമ്പനികളുടെ സര്‍വീസ് ലൈസന്‍സുകള്‍ റദ്ദാക്കാനുളള നടപടി സ്വീകരിക്കാന്‍ വ്യോമായാന വകുപ്പ് തയാറാവണം. പകരം രാജ്യത്തിന്റെ വിമാനമായ എയര്‍ ഇന്ത്യ മിതമായ നിരക്കില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കു കൂടുതല്‍ സര്‍വീസുകള്‍ നടത്താനുളള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യണം.
ടി.പി നബീല്‍,
തേഞ്ഞിപ്പലം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."