മുത്തങ്ങ ദിനാചരണം കല്‍പ്പറ്റയില്‍ ഭൂസമരപ്രഖ്യാപന റാലിയും സൂചനാസമരവും
കല്‍പ്പറ്റ: മുത്തങ്ങ സംഭവത്തിന്റെ പതിനാലാം വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി ഫെബ്രുവരി 18ന് കല്‍പ്പറ്റയില്‍ ഭൂസമരപ്രഖ്യാപന റാലിയും കലക്ടറേറ്റ് പടിക്കല്‍ സൂചനാ നില്‍പ്പുസമരവും നടത്തുമെന്ന് ആദിവാസി ഗോത്രമഹാസഭ കോഡിനേറ്റര്‍ എം ഗീതാനന്ദന്‍, ഭാരവാഹികളായ കുളിയന്‍ ചാലിഗഗദ്ദ, ബാലന്‍ കങ്കങ്കോട്, മാധവന്‍ കാരമാട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ 11ന് ബൈപാസ് ജംഗ്ഷന്‍ പരിസരത്ത് ആരംഭിക്കുന്ന റാലിക്ക് സമാപനംകുറിച്ചാണ് നില്‍പ്പുസമരം. ജാര്‍ഖണ്ഡില്‍നിന്നുള്ള സമരനായിക ദയാമണി ബര്‍ള ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 19ന് രാവിലെ എട്ടിന് മുത്തങ്ങ തകരപ്പാടിയില്‍ നവീകരിച്ച സ്മൃതിമണ്ഡപത്തില്‍ ജോഗി അനുസ്മരണം നടത്തും. തുടര്‍ന്ന് മുത്തങ്ങ പുനരധിവാസഭൂമിയില്‍ കുടില്‍കെട്ടല്‍ ആരംഭിക്കും. വടക്കേവയനാട്ടിലെ വാളാട് ജോഗിയുടെ മകന്‍ ശിവന് പട്ടയം അനുവദിച്ച ഭൂമിയിലായിരിക്കും കുടില്‍ കെട്ടല്‍. മുത്തങ്ങ ഭൂസമരത്തില്‍ പങ്കെടുത്തതില്‍ 285 കുടുംബങ്ങളെ മാത്രമാണ് പുനരധിവാസ പാക്കേജില്‍ ഉള്‍പ്പെടുത്തിയത്. 300ഓളം കുടുംബങ്ങളെ പരിഗണിച്ചില്ല. പാക്കേജില്‍ ഉള്‍പ്പെട്ടതില്‍ 18 പേര്‍ക്ക് കൈവശരേഖ നല്‍കിയെങ്കിലും സ്ഥലം അളന്നുതിരിച്ച് നല്‍കിയിട്ടില്ല. മുത്തങ്ങ സമരഭൂമിയില്‍നിന്നു കുടിയിറക്കപ്പെട്ടവര്‍ക്കും ആദിവാസി-ദലിത് വിഭാഗങ്ങളിലെ ഇതര ഭൂരഹിതര്‍ക്കും ഭൂമി ലഭ്യമാക്കുന്നതിനാണ് 18ലെ സൂചനാ സമരം. പിന്നീട് അനിശ്ചിതകാല സമരം ആരംഭിക്കും. രണ്ട് പതിറ്റാണ്ടുകളായി നടന്നുവരുന്ന ഭൂസമരങ്ങളുടെ വിപുലീകരണത്തിനു ഭൂസമരപ്രഖ്യാപന റാലിയോടെ തുടക്കമാകും. ഗോത്രമഹാസഭയും ഉള്‍പ്പെടുന്ന ഭൂമി അധികാര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വിശാലമായ സമരപ്രസ്ഥാനത്തിനു ഈ മാസം 29ന് ചെങ്ങറ സമരഭൂമിയില്‍ തുടക്കം കുറിക്കും.
വന്‍കിട തോട്ടം ഉടമകളുടെ അനധികൃത കൈവശത്തിലുള്ള ഭൂമി നിയമനിര്‍മാണത്തിലൂടെ ഏറ്റെടുക്കണമെന്ന ആവശ്യമാണ് സമിതി പ്രധാനമായും ഉന്നയിക്കുന്നത്. സമിതിയുടെ നേതൃത്വത്തില്‍ ചെങ്ങറയില്‍നിന്നു തിരുവനന്തപുരത്തേക്ക് പദയാത്ര നടത്തും. ഏപ്രില്‍ ഒന്നിനു ചെങ്ങറയില്‍ ആരംഭിക്കുന്ന പദയാത്ര മെയ് അവസാന വാരം തിരുവനന്തപുരത്ത് എത്തും. ബദല്‍ വികസന പരിപാടി സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും ഗീതാനന്ദന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."