നഗരസഭാ യോഗത്തിനിടയില്‍ കൈയാങ്കളി: ബി.ജെ.പി കൗണ്‍സലര്‍മാര്‍ക്കെതിരേ കേസ്
കാസര്‍കോട്: നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെ ചെയര്‍പേഴ്‌സണു പരുക്കേറ്റ സംഭവത്തില്‍ അഞ്ചു ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരേ പൊലിസ് കേസെടുത്തു. ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറിയും പ്രതിപക്ഷ നേതാവുമായ പി രമേഷ്, അമെയ്‌കോളനി 18ാം വാര്‍ഡ് കൗണ്‍സലറായ സുജിത്ത്, അണങ്കൂര്‍ ഒന്‍പതാം വാര്‍ഡ് കൗണ്‍സലറായ ജാനകി, കടപ്പുറം 36ാം വാര്‍ഡ് കൗണ്‍സലറായ ഉമ, 32 ാം വാര്‍ഡ് കൗണ്‍സലര്‍ ശ്രീലത എന്നിവര്‍ക്കെതിരേയാണ് കാസര്‍കോട് ടൗണ്‍ പൊലിസ് കേസെടുത്തത്.
നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമാ ഇബ്രാഹിമിന്റെ പരാതിയിലാണു കേസ്. കഴിഞ്ഞ ദിവസം വൈകുന്നേരം നഗരസഭാ കൗണ്‍സില്‍ യോഗം നടന്നുകൊണ്ടിരിക്കെ ബി.ജെ.പി കൗണ്‍സലര്‍മാര്‍ ചെയര്‍പേഴ്‌സന്റെ ചേമ്പര്‍ ഉപരോധിക്കുകയും നെയിംബോര്‍ഡ് കൊണ്ട് കൈത്തണ്ടയില്‍ കുത്തിപ്പരുക്കേല്‍പിക്കുകയും ചെയ്തുവെന്നാണു പരാതി. അതിനിടേ കൗണ്‍സലര്‍മാര്‍ക്കെതിരേ കള്ളക്കേസുണ്ടാക്കിയെന്നാരോപിച്ച് ബി.ജെ.പി നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
ബി.ജെ.പിയുടേത് ഫാസിസ്റ്റ് സമീപനം: മുസ്‌ലിം ലീഗ്
ന കാസര്‍കോട്: മുസ്‌ലിം ലീഗിന്റെ ജനകീയ ഭരണത്തോടും വികസന സമീപനത്തോടും അസഹിഷ്ണുത പുലര്‍ത്തുന്ന ബി.ജെ.പി കൗണ്‍സലര്‍മാര്‍ കാസര്‍കോട് നഗരസഭാ അധ്യക്ഷയെ അക്രമിച്ചു നിഷ്‌ക്രിയമാക്കാമെന്നു കരുതുന്നതു തികഞ്ഞ മൗഢ്യമാണെന്നു മുസ്‌ലിം ലീഗ് കാസര്‍കോട് മണ്ഡലം കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പോരായ്മകള്‍ ചൂണ്ടിക്കാട്ടാനാവാതെ വന്നപ്പോള്‍ യോഗം അലങ്കോലപ്പെടുത്താന്‍ ശ്രമിക്കുന്നത് ഫാസിസ്റ്റ് തന്ത്രത്തിന്റ പ്രതിഫലനമാണ്. പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ പാര്‍ട്ടി നേതൃത്വം തയാറാകണം. ലീഗിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കു ലഭിച്ച ജനകീയ അംഗീകാരത്തില്‍ വിളറി പൂണ്ടാണ് പ്രതിപക്ഷം അക്രമ മാര്‍ഗം സീകരിക്കുന്നതെന്നും വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."