രാജീവ്ഗാന്ധി കൊല്ലപ്പെടുമെന്ന് സി.ഐഎ 1986 ല്‍ പ്രവചിച്ചിരുന്നതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി കൊല്ലപ്പെടുമെന്ന് അമേരിക്കന്‍ ചാരസംഘടന സി.ഐ.എ 1986ല്‍തന്നെ പ്രവചിച്ചിരുന്നതായി റിപ്പോര്‍ട്ട്. രാജീവ് വധത്തിന് പിന്നാലെ ഇന്ത്യയിലെ രാഷ്ട്രീയ ഘടനയില്‍ ഉണ്ടാക്കിയേക്കാവുന്ന രാഷ്ട്രീയ മാറ്റങ്ങളെക്കുറിച്ചും സിഐഎ സര്‍ക്കാറിനെ അറിയിച്ചിരുന്നതായി അടുത്തിടെ സി.ഐ.എ പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു.
'ഇന്ത്യ രാജീവിനുശേഷം' എന്ന തലക്കെട്ടില്‍ 23 പേജ് വരുന്ന റിപ്പോര്‍ട്ടാണ 1986 മാര്‍ച്ച് ആദ്യത്തോടെ സി.ഐ.എ തയ്യാറാക്കിയത്. 1989ല്‍ കാലയളവ് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് രാജീവ് കൊല്ലപ്പെടാന്‍ ചുരുങ്ങിയത് രണ്ട് സാഹചര്യങ്ങളെങ്കിലും കാണുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 1991 മെയ് 21നാണ് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പതൂരില്‍വെച്ച് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.
രാജീവിന്റെ ജീവനു ഭീഷണിയായ ഭീകരസംഘടനകളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. കശ്മീര്‍, സിഖ് സംഘടനകളില്‍നിന്നാണ് രാജീവ് ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്നത്. സിഖ്, മുസ്ലിം സംഘടനകളാണ് രാജീവിനെ വധിക്കുന്നതെങ്കില്‍ രാജ്യവ്യാപക സാമുദായിക സംഘര്‍ഷം ഉടലെടുത്തേക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
പി.വി. നരസിംഹ റാവുവോ വി.പി. സിങ്ങോ രാജീവിന്റെ പിന്‍ഗാമിയാവുമെന്നും സിഐഎ പ്രവചിക്കുന്നു. ശ്രീലങ്കന്‍ തമിഴരുടെ പ്രശ്‌നം പരിഹരിക്കാന്‍ രാജീവ് ഗാന്ധി നടത്തിയ ഇടപെടലുകള്‍ റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നുണ്ട്.
യു.എസ് വിവരാവകാശ നിയമപ്രകാരം അടുത്തിടെയാണ് പലഭാഗങ്ങളും ഒഴിവാക്കി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പരസ്യമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."