മൂന്നു കിലോ സ്വര്‍ണം മിശ്രിത രൂപത്തിലാക്കി കടത്തിയ യുവാവ് കരിപ്പൂരില്‍ പിടിയില്‍
കൊണ്ടോട്ടി: മിശ്രിത രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചുകടത്തിയ മൂന്ന് കിലോ സ്വര്‍ണവുമായി യാത്രക്കാരന് കരിപ്പൂര്‍ എയര്‍ കസ്റ്റംസിന്റെ പിടിയിലായി.
ശനിയാഴ്ച രാവിലെ അബൂദബിയില്‍ നിന്നുളള എയര്‍ഇന്ത്യ എക്സപ്രസിന്റെ ഐ.എക്സ്-348 വിമാനത്തില്‍ കരിപ്പൂരിലെത്തിയ നാദാപുരം സ്വദേശി ജന്ഷീറി(22)ല്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
വിമാനമിറങ്ങി കസ്റ്റംസ് ഹാളില്‍ പരിശോധനക്കെത്തിയപ്പോള്‍ ഇയാളുടെ നടത്തത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സ്വര്‍ണക്കടത്ത് വ്യക്തമായത്.
രണ്ട് കാലുകളില്‍ എട്ടുപൊതികളിലായി മിശ്രിത രൂപത്തിലായിരുന്നു സ്വര്‍ണമുണ്ടായിരുന്നത്. ഓരോ കാലിലും നാലു പൊതുകള്‍ വീതം വച്ചുകെട്ടി അതിനു മുകളില്‍ ബാന്‍ഡേജിട്ട നിലയിലായിരുന്നു. കളിമണ്ണ് രൂപത്തിലുളള എട്ടു പ്ലാസ്റ്റിക് കവറില്‍ നാലര കിലോ മിശ്രിതമാണുണ്ടായിരുന്നത്.
മരുന്നാണെന്ന് പറഞ്ഞ് കസ്റ്റംസിനെ കബളിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇവ ലാബിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. മൂന്ന് കിലോ സ്വര്‍ണമാണ് മിശ്രിതത്തില്‍ നിന്ന് വേര്‍തിരിച്ചെടുത്തത്.
സാധാരണ പരിശോധനകളില്‍ കണ്ടെത്താന്‍ കഴിയാത്ത രീതിയിലായിരുന്നു സ്വര്‍ണം. ഇവയ്ക്ക് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ 80 ലക്ഷം രൂപ വില ലഭിക്കും.
കസ്റ്റംസ് അസി.കമ്മിഷണര്‍ എം.മുഹമ്മദ് റാഫിഖിന്റെ നിര്‍ദേശത്തില്‍ സൂപ്രണ്ട് ദാസ് മാലിക്, സുബ്രഹ്മണ്യന്, മുഹമ്മദ് അശ്റഫ്, ഇന്‍സ്പെക്ടര്‍ രാംലാല്‍ എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."