ചെമ്പിരിക്ക ഖാസിയുടെ മരണം: അന്വേഷണം അവസാനിപ്പിക്കാനുള്ള തീരുമാനത്തില്‍ ദുരൂഹതയെന്ന് യൂത്ത് ലീഗ്
കാസര്‍കോട്: ചെമ്പിരിക്ക, മംഗളൂരു ഖാസിയും സമസ്ത വൈസ് പ്രസിഡന്റുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട സി.ബി.ഐ അന്വേഷണം അവസാനിപ്പിക്കാനുള്ള തീരുമാനം ദുരൂഹവും സംശയാസ്പദവുമാണെന്നു മുസ്്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം ആരോപിച്ചു.
തുടക്കം മുതല്‍ ഇന്നുവരെയുള്ള അന്വേഷണത്തില്‍ ലോക്കല്‍ പൊലിസ് മുതല്‍ സി.ബി.ഐ വരെയുള്ള ഏജന്‍സികള്‍ അന്വേഷണം അട്ടിമറിക്കുന്ന നിലപാടുകളാണു സ്വീകരിച്ചത്. സമൂഹം ഏറെ ബഹുമാനിച്ചിരുന്ന ഒരു മതപണ്ഡിതന്‍ ആത്മഹത്യ ചെയ്തുവെന്നു വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങള്‍ ആരു നടത്തിയാലും അംഗീകരിക്കാന്‍ കഴിയില്ല.
നിരവധി പ്രക്ഷോഭങ്ങളുടെയും കോടതി ഇടപെടലുകളുടെയും ഭാഗമായാണു കേസ് സി.ബി.ഐ ഏറ്റടുത്തത്. പിന്നീട് സ്‌പെഷല്‍ ടീമിനെ കൊണ്ടു അന്വേഷിക്കാന്‍ ഉത്തരവുണ്ടാവുകയും ചെയ്തിരുന്നു. സാഹചര്യത്തെളിവുകള്‍ അടക്കം നശിപ്പിച്ച ലോക്കല്‍ പൊലിസിന്റെ നിഗമനങ്ങളെ മറപിടിച്ചാണു സി.ബി.ഐയും പ്രവര്‍ത്തിച്ചത്. ഇത് സംശയങ്ങള്‍ക്ക് ബലമേകുന്നതാണ്.
മരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സത്യസന്ധമായി അന്വേഷിച്ചു യഥാര്‍ഥ കാരണങ്ങള്‍ പുറത്തു കൊണ്ടു വരണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭങ്ങള്‍ക്കു യൂത്ത് ലീഗ് നേതൃത്വം നല്‍കുമെന്നും യോഗം മുന്നറിയിപ്പു നല്‍കി. സംസ്ഥാന വൈസ് പ്രസിഡന്റ് പി ഇസ്മായില്‍ വയനാട് യോഗം ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് അഷ്‌റഫ് ഇടനീര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, യൂസുഫ് ഉളുവാര്‍, നാസര്‍ചായിന്റടി, ഹാരിസ് പട്ടഌ ടി.എസ് നജീബ്, മന്‍സൂര്‍ മല്ലത്ത്, എം.എ.നജീബ്, സെഡ് എ കയ്യാര്‍, അസീസ് കളത്തൂര്‍, നൗഷാദ് കൊത്തിക്കാല്‍, നിഷാം പട്ടേല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."