HOME
DETAILS

വേണമെങ്കില്‍ ഇങ്ങനെയൊക്കെ ചോദിക്കാം

  
backup
February 04 2017 | 21:02 PM

%e0%b4%b5%e0%b5%87%e0%b4%a3%e0%b4%ae%e0%b5%86%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%99%e0%b5%8d%e0%b4%99%e0%b4%a8%e0%b5%86%e0%b4%af%e0%b5%8a%e0%b4%95%e0%b5%8d

മൂന്നാഴ്ചയോളമായി കേരളരാഷ്ട്രീയം കേന്ദ്രീകരിച്ചിരിക്കുന്നതു തിരുവനന്തപുരത്തെ പേരൂര്‍ക്കടയിലാണ്. ലോ അക്കാദമി ലോ കോളജിനു ചുറ്റും കറങ്ങിത്തിരിയുകയാണത്. നേതാക്കള്‍ വാതുറന്നാല്‍ പറയാനുള്ളതു ലോ അക്കാദമിയെക്കുറിച്ചു മാത്രം. ഉപവാസവും പ്രകടനവും മുദ്രാവാക്യവും ലാത്തിച്ചാര്‍ജുമൊക്കെയായി മൊത്തം ബഹളമയം.

ചാനല്‍ സ്‌ക്രീനുകളില്‍ തൃശൂര്‍പൂരത്തെ വെല്ലുന്ന ദൃശ്യഭംഗി. ഇതിനിടയില്‍ കണ്ണൂരിലെ കൊലപാതകരാഷ്ട്രീയവും യു.എ.പിഎയും റേഷനരിയും എന്തിന്, കേന്ദ്ര ബജറ്റു പോലും എവിടെപ്പോയെന്ന് ആര്‍ക്കുമറിയില്ല. അറിയാന്‍ രാഷ്ട്രീയനേതാക്കള്‍ക്കോ അനുയായികള്‍ക്കോ താല്‍പര്യവുമില്ല.
കോളജില്‍ വിദ്യാര്‍ഥികള്‍ക്കുണ്ടായ പീഡനവും കടന്നു കോളജിന്റെ ഭൂമി സംബന്ധിച്ച വിവാദംവരെ എത്തിനില്‍ക്കുന്നു കാര്യങ്ങള്‍. ലോ അക്കാദമി മാനേജ്‌മെന്റ് അനധികൃതമായി കൈവശപ്പെടുത്തിയ സര്‍ക്കാര്‍ഭൂമി തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെടുന്നവരില്‍ സി.പി.എം ഒഴികെ എല്ലാ പാര്‍ട്ടികളുമുണ്ട്. കൂടാതെ പേരിനു സി.പി.എമ്മിലാണെങ്കിലും ശരിക്കും ഭരണപക്ഷത്തോ പ്രതിപക്ഷത്തോ അതല്ല രണ്ടിനും നടുവിലോയെന്നു നാട്ടുകാര്‍ക്കു വലിയ തിട്ടമില്ലാത്ത വി.എസ് അച്യുതാനന്ദനുമുണ്ട്. ഭൂമി തിരിച്ചുപിടിക്കാതെ ഇവരൊന്നും അടങ്ങില്ലെന്ന വാശിയിലുമാണ്.

മൂന്നാഴ്ചയ്ക്കു തൊട്ടുമുന്‍പ് പൊട്ടിമുളച്ചതൊന്നുമല്ല ലോ അക്കാദമി. മാനേജമെന്റ് സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തിയതും ഈ കാലയളവിനിടയിലല്ല. പതിറ്റാണ്ടുകളായി അതവിടെയുണ്ട്. എന്നിട്ടും, ഇക്കാര്യം പുറത്തുവരാന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ ജാതിപ്പേരു വിളിക്കുകയും അവരുടെ ഹോട്ടലില്‍ പണിയെടുപ്പിക്കുകയുമൊക്കെ ചെയ്‌തെന്നു വിദ്യാര്‍ഥികള്‍ പരാതിപ്പെടേണ്ടി വന്നു. അതുവരെ മാറിമാറി നാടു ഭരിച്ച അണ്ണന്മാരൊക്കെ ഇതൊന്നുമറിഞ്ഞില്ലേയെന്നു നാട്ടുകാര്‍ നേതാക്കളോടു ചോദിച്ചാല്‍ മറുപടി പറയാനുള്ള ബാധ്യത അവര്‍ക്കില്ലേ.

1968 ല്‍ അക്കാദമിക്കു ഭൂമി പാട്ടത്തിനു നല്‍കുമ്പോള്‍ മുഖ്യമന്ത്രിയായിരുന്നതു പ്രമുഖ സി.പി.എം നേതാവായിരുന്ന ഇ.എം.എസ് ആയിരുന്നു. ഭൂമി നല്‍കാന്‍ മുന്‍കൈയെടുത്തതു കൃഷിമന്ത്രിയായിരുന്ന സി.പി.ഐ നേതാവ് എം.എന്‍ ഗോവിന്ദന്‍ നായരും. സാങ്കേതികമായി ഭൂമി കൈമാറ്റത്തില്‍ നേരിട്ടു ചിത്രത്തിലില്ലെങ്കിലും അന്നത്തെ സര്‍ക്കാരില്‍ മുസ്‌ലിംലീഗും പങ്കാളിയായിരുന്നു.

പിന്നീട്, ഭൂമി പതിച്ചുനല്‍കുമ്പോള്‍ മുഖ്യമന്ത്രിക്കസേരയിലുണ്ടായിരുന്നതു കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍. പതിച്ചുനല്‍കലിനു കാര്‍മികത്വം വഹിച്ചതു റവന്യൂ മന്ത്രിയായിരുന്ന കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ ജോസഫ്. ചുരുക്കിപ്പറഞ്ഞാല്‍ കേരളം ഭരിച്ച മിക്ക പാര്‍ട്ടികളും ലോ അക്കാദമിയെ ഈ പരുവത്തിലെത്തിച്ചതില്‍ പങ്കാളികളാണ്.

എന്നിട്ടും ഈ പാര്‍ട്ടികളും അവരുടെ വിദ്യാര്‍ഥിസംഘടനകളും സമരത്തിനിറങ്ങി. ഇക്കൂട്ടത്തില്‍ സി.പി.എമ്മും അവരുടെ വിദ്യാര്‍ഥിസംഘടനയായ എസ്.എഫ്.ഐയും ഭൂമിപ്രശ്‌നം കേട്ടെന്നുപോലും നടിക്കാതെ ഇടയ്ക്കു മാനേജ്‌മെന്റുമായി കരാറുണ്ടാക്കി സമരത്തില്‍നിന്നു തടിയൂരി. മറ്റുള്ളവരെല്ലാം സമരപ്പന്തലുകളില്‍ തന്നെയാണ്. മാനേജ്‌മെന്റിന് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുകയും പിന്നീട് അവര്‍ക്കെതിരേ സമരംചെയ്യുന്നത് ഉഡായിപ്പു വേലയല്ലേയെന്നു വേണമെങ്കില്‍ നേതാക്കളോടു നാട്ടുകാര്‍ക്കു ചോദിക്കാം.

സമരം പരമാവധി മുതലെടുത്തുകൊണ്ടിരിക്കുന്ന ബി.ജെ.പിക്ക് ഇതുവരെ സംസ്ഥാനഭരണത്തില്‍ പങ്കാളിയാവാന്‍ അവസരം ലഭിക്കാത്തതുകൊണ്ടു ഭൂമിയിടപാടിലൊന്നും പങ്കില്ലെങ്കിലും അവരുടെ കൈകളിലുമുണ്ടു ചെറിയതോതിലെങ്കിലും പാപക്കറ. ബി.ജെ.പിയുടെ മുന്‍സംസ്ഥാന വൈസ്പ്രസിഡന്റ് അയ്യപ്പന്‍പിള്ള ലോ അക്കാദമി ഭരണസമിതിയുടെ തലപ്പത്തുണ്ട്. ഭാരവാഹിത്വമൊഴിഞ്ഞെങ്കിലും പിള്ള ഇപ്പോഴും പാര്‍ട്ടിക്കാരന്‍തന്നെയാണ്. കുമ്മനംജിയോ അതിനേക്കാള്‍ വലിയവരായ മോദിജിയോ അമിത്ജിയോ പിള്ളയെ ഒന്നു വിളിച്ചുപറഞ്ഞാല്‍ പ്രശ്‌നം തീരില്ലേയെന്നും പിന്നെന്തിനു പാര്‍ട്ടിക്കാര്‍ പട്ടിണി കിടക്കുകയും അടികൊള്ളുകയും ചെയ്യുന്നുവെന്നുമുള്ള ചോദ്യത്തിനും പ്രസക്തിയുണ്ട്. എന്നാല്‍, നേതാക്കള്‍ അക്കാദമിക്ക് ഒത്താശ ചെയ്തിട്ടും ഭരണസമിതിയില്‍ സ്വന്തക്കാരുണ്ടായിട്ടും അതൊന്നും വകവയ്ക്കാതെ തങ്ങള്‍ സമരത്തിനിറങ്ങിയില്ലേയെന്ന് ഈ പാര്‍ട്ടികള്‍ക്കൊക്കെ തിരിച്ചും ചോദിക്കാം. അധികാര രാഷ്ട്രീയക്കാര്‍ക്കുണ്ടോ മറുചോദ്യത്തിനു പഞ്ഞം.
*** *** ***
സി.പി.എമ്മും എസ്.എഫ്.ഐയും ലോ അക്കാദമി സമരത്തില്‍നിന്നു മുങ്ങിയതിനോട് അവരുടെ പ്രവര്‍ത്തകരിലും അനുഭാവികളിലും ഒരുവിഭാഗത്തിനുള്ള എതിര്‍പ്പു മുതലെടുക്കാന്‍ സി.പി.ഐക്കാര്‍ ശ്രമിക്കുന്നതിനോടുള്ള അമര്‍ഷം കടിച്ചൊതുക്കിക്കൊണ്ടിരിക്കുകയാണ് എ.കെ.ജി സെന്റര്‍. ഇതിനിടയിലാണു സമരം ചെയ്യുന്ന എ.ഐ.എസ്.എഫുകാര്‍ക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ പോയ സി.പി.ഐ നേതാക്കള്‍ ബി.ജെപിയുടെ സമരപ്പന്തലില്‍ കയറി അവരുടെ നേതാക്കളോട് കുശലം പറഞ്ഞത്.

തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും ദൃഷ്ടിയില്‍പെട്ടാലും ദോഷമുള്ളവരുമായ ഫാസിസ്റ്റുകള്‍ക്കു കൈകൊടുത്തു റിവിഷനിസ്റ്റുകള്‍ സംസാരിക്കുന്നു. ഇതില്‍പരം അപരാധമുണ്ടോ പഴയ നാടുവാഴികള്‍ക്കും ജന്മിമാര്‍ക്കും. വിപ്ലവകാരികള്‍ക്കും തീണ്ടലും തൊടീലുമൊക്കെയുണ്ട്. ആ ആചാരമാണു സി.പി.ഐക്കാര്‍ ലംഘിച്ചിരിക്കുന്നത്.

കിട്ടിയ വടി ഒടിഞ്ഞതാണെങ്കിലും അതെടുത്ത് ആഞ്ഞടിക്കുകയാണിപ്പോള്‍ സി.പി.എം. വലിയ നേതാക്കളെ നേരിട്ടു കളത്തിലിറക്കാതെ ജില്ലാതലം മുതല്‍ താഴെയുള്ള നേതാക്കളും പാര്‍ട്ടിയുടെ സൈബര്‍ പോരാളികളുമൊക്കെ സി.പി.ഐയില്‍ സംഘ്പരിവാര്‍ ബന്ധം ആരോപിച്ചു പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ഏതായാലും ഇനി ഒരു കാര്യമുറപ്പിക്കാം. സി.പി.എം നേതാക്കളാരും ഇനി ബി.ജെ.പിക്കാരെ വഴിയില്‍ കണ്ടാല്‍ മിണ്ടില്ല.Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."