തില്ലങ്കേരിയില്‍ ബോംബും ആയുധങ്ങളും പിടികൂടി
ഇരിട്ടി: മുഴക്കുന്ന് പൊലിസ് സ്റ്റേഷന്‍ പരിധിയിലെ തില്ലങ്കേരിയില്‍ പൊലിസ് നടത്തിയ പരിശോധനയില്‍ വന്‍ സ്‌ഫോടക വസ്തു ശേഖരവും ആയുധങ്ങളും പിടികൂടി. 13സ്റ്റീല്‍ ബോംബുകള്‍, ഒരു ഐസ് ക്രീം ബോംബ്, ഒരണ്ടു വടിവാള്‍, രണ്ട് കത്തി, ഒരു സ്റ്റീല്‍ പൈപ്പ്, ബോംബുനിര്‍മിക്കുവാന്‍ ഉപയോഗിക്കുന്ന ഏഴ് സ്റ്റീല്‍ പാത്രങ്ങള്‍, രണ്ടണ്ടു കിലോയോളം വെടിമരുന്ന്, ബോംബു നിര്‍മാണ സാമഗ്രികളായ മുള്ളാണി, കുപ്പിച്ചില്ലുകള്‍ , കരിങ്കല്‍ ചീളുകള്‍ എന്നിവയാണ് പിടികൂടിയത്.
തില്ലങ്കേരി പന്നിത്തടത്തിലെ പാറമടയ്ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. ഇന്നലെ രാവിലെ ഇരിട്ടി ഡിവൈ.എസ്.പി പ്രജീഷ് തോട്ടത്തിലില്‍, ബോംബ് സ്‌ക്വാഡ് എസ്.ഐ എ. രാമചന്ദ്രന്‍, മുഴക്കുന്ന് എസ്.ഐ പി.എ. ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് സ്‌ഫോടക വസ്തുക്കളും ആയുധങ്ങളുംപിടിച്ചെടുത്തത്. ഒഴിഞ്ഞ പെയിന്റ് പാത്രത്തിനുള്ളില്‍ മണല്‍ നിറച്ച് അതില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു ബോംബുകള്‍.
ഇവിടെ നിര്‍മിച്ച ബോംബുകള്‍ ജില്ലയിലെ സംഘര്‍ഷ മേഖലയില്‍ വ്യാപകമായി വിതരണം ചെയ്തതായും പൊലിസ് സംശയിക്കുന്നു.
ഇതിന് ഏതാനും മീറ്റര്‍ അകലെ നിന്നാണ് അഞ്ച് മാസം മുന്‍പ് വന്‍ ബോംബു ശേഖരം പൊലിസ് പിടികൂടിയിരുന്നത്. തില്ലങ്കേരി, മുഴക്കുന്ന് മേഖലകളിലെ പാറമടകളും ഗുഹകളും ബോംബു സൂക്ഷിപ്പുകേന്ദ്രങ്ങളായി മാറിയെന്നാണ് പൊലിസ് പറയുന്നത്.
ഈ പ്രദേശങ്ങളില്‍ രാത്രികാലങ്ങളില്‍ നിരീക്ഷണം ശക്തമാക്കാനാണ് പൊലിസിന്റെ തീരുമാനം. പിടികൂടിയ ബോംബുകള്‍ ഇതേ സ്ഥലത്ത് വച്ച് തന്നെ നിര്‍വീര്യമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."