വെള്ളം കൃഷിയിടങ്ങളിലേക്ക് തിരിച്ചുവിടുന്നതിനെ ചൊല്ലി കര്‍ഷകര്‍ തമ്മില്‍ തര്‍ക്കം; കൈയാങ്കളി
തിരൂരങ്ങാടി: ചോര്‍പ്പെട്ടി പമ്പ്ഹൗസില്‍നിന്നു പമ്പ് ചെയ്യുന്ന വെള്ളം കൃഷിയിടങ്ങളിലേക്കു തിരിച്ചുവിടുന്നതു സംബന്ധിച്ചു കര്‍ഷകര്‍ തമ്മില്‍ ഉടലെടുത്ത തര്‍ക്കം കൈയാങ്കളിയില്‍ കലാശിച്ചു. ചെമ്മാട് സി.കെ നഗര്‍ വയലിലെ കര്‍ഷകരും നന്നമ്പ്ര കുണ്ടൂര്‍പാടം കര്‍ഷകരും തമ്മിലാണ് അഭിപ്രായവ്യത്യാസം ഉടലെടുത്തത്.
ചോര്‍പ്പെട്ടിയില്‍നിന്നും ദിനേന രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചു വരെയും രാത്രി 10 മുതല്‍ രാവിലെ ആറു വരെയും വെള്ളം പമ്പ് ചെയ്യുന്നുണ്ട്. പകല്‍ സമയങ്ങളില്‍ മൈലിക്കല്‍, കരിപ്പറമ്പ്, പതിനാറുങ്ങല്‍, ദേവസ്വം, ഇല്ലാട്ടംചിറ, പാങ്ങോട്ടുപാടം, വെഞ്ചാലി, സി.കെ നഗര്‍ പ്രദേശങ്ങളിലേക്കാണ് വെള്ളം തിരിച്ചുവിടുന്നത്. രാത്രി സമയങ്ങളില്‍ മൂന്നു ദിവസം കുണ്ടൂര്‍ വയല്‍, മൂന്നു ദിവസം പാലാപാര്‍ക്ക് കാപ്പുംപുറംവയല്‍ എന്നിവിടങ്ങളിലേക്കു കനാല്‍ വഴിയും എല്ലാ ഞായറാഴ്ചയും രാവും പകലും തോടുവഴി കൊടിഞ്ഞി, കുണ്ടൂര്‍ വയലുകളിലേക്കും എത്തിക്കുകയാണ് പതിവ്.
എന്നാല്‍, കനാല്‍ നിര്‍മാണത്തിലെ അപാകത കാരണം പകല്‍ അടിക്കുന്ന വെള്ളം സി.കെ നഗര്‍ വയലില്‍ എത്തുന്നില്ലെന്നാണ് പരാതി.
സി.കെ നഗര്‍ വയലില്‍ ജലദൗര്‍ലഭ്യം കാരണം നെല്‍വയല്‍ വിണ്ടുകീറിയതോടെ ഞായറാഴ്ചരാവിലെ മുതല്‍ വൈകിട്ടുവരെ വെള്ളം സി.കെ നഗറിലേക്കു വേണമെന്ന് അവിടത്തെ കര്‍ഷകര്‍ ആവശ്യപ്പെട്ടതാണ് പ്രശനങ്ങള്‍ക്കു കാരണമായത്. ഇതു വിട്ടുനല്‍കാന്‍ കുണ്ടൂരിലെ കര്‍ഷകരും തയാറായില്ല. തുടര്‍ന്നുണ്ടായ അഭിപ്രായ വ്യത്യാസം വാഗ്വാദത്തിലും കൈയാങ്കളിയിലും കലാശിക്കുകയായിരുന്നു.പൊലിസ് സ്ഥലത്തെത്തി ഇരുവിഭാഗത്തെയും ചര്‍ച്ചയ്ക്കു വിളിച്ചു. തിരൂരങ്ങാടി എസ്.ഐ വിശ്വനാഥന്‍ കാരയില്‍, ഇറിഗേഷന്‍ എ.ഇ ഷാഹുല്‍ഹമീദ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പൊലിസ് സ്റ്റേഷനില്‍ ചര്‍ച്ച നടത്തുകയും ഞായറാഴ്ച വൈകിട്ട് ആറു മുതല്‍ തിങ്കളാഴ്ച രാവിലെ ആറു മണിവരെ സി.കെ നഗറിലേക്ക് വെള്ളം തുറന്നുവിടാന്‍ തീരുമാനിക്കുകയും ചെയ്തു.
സി.കെ നഗറിലെ കാര്‍ഷിക വയലിലെ ജലക്ഷാമത്തെക്കുറിച്ച് കഴിഞ്ഞ ദിവസം സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വെഞ്ചാലി കാപ്പിനോടനുബന്ധിച്ചുള്ള തോടുകള്‍ വര്‍ഷങ്ങളായി മണ്ണടിഞ്ഞു നികന്നതിനാലാണ് സി.കെ നഗറിലെ കര്‍ഷകര്‍ ജലക്ഷാമം നേരിടുന്നത്. ഇന്നു രാവിലെ ഒന്‍പതിനു ചോര്‍പ്പെട്ടി മുതല്‍ വെഞ്ചാലി പമ്പ്ഹൗസ് വരെ കനാല്‍ ശുദ്ധീകരിക്കും. സ്ഥലം എസ്.ഐ വിശ്വനാഥന്‍ കാരയില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."